Asianet News MalayalamAsianet News Malayalam

കരിപ്പൂരില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷത്തിന്‍റെ വിദേശ കറന്‍സിയും പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ കറന്‍സിയും പിടികൂടിയത്. 

1.8 crore gold seized from karipur airport
Author
Karipur, First Published Feb 18, 2020, 9:36 PM IST

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 1.8 കോടി രൂപയുടെ സ്വര്‍ണവും  13 ലക്ഷം രൂപയുടെ വിദേശ കറന്‍സിയും പിടികൂടി.സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.

കരിപ്പൂര്‍ വിമാനത്താവളത്തിലെ എയര്‍ ഇന്‍റലിജന്‍സ് വിഭാഗം മൂന്ന് ഘട്ടങ്ങളിലായി നടത്തിയ പരിശോധനയിലാണ് 1.8 കോടി രൂപയുടെ സ്വര്‍ണവും 13 ലക്ഷം രൂപയുടെ കറന്‍സിയും പിടികൂടിയത്. ഷാര്‍ജയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് സ്വദേശി അഷ്റഫിന്‍റെ പക്കല്‍ നിന്നാണ് ആദ്യം സ്വര്‍ണം പിടികൂടിയത്. 1195 ഗ്രാം സ്വര്‍ണം പേസ്റ്റ് രൂപത്തിലായിരുന്നു. 

ദുബായില്‍ നിന്നെത്തിയ സ്പൈസ് ജറ്റ് വിമാനത്തിന്‍റെ സീറ്റിനടിയില്‍ ഒളിപ്പിച്ച 780 ഗ്രാം സ്വര്‍ണമാണ് രണ്ടാമത് പിടികൂടിയത്. പിന്നീടാണ് മസ്ക്കറ്റില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി മുഹമ്മദ് റൗഫിന്‍റെ പക്കല്‍ നിന്ന് ഒരു കിലോഗ്രാമിന്‍റെ സ്വര്‍ണക്കട്ടി പിടിച്ചെടുത്തത്. എയര്‍ ഇന്ത്യ വിമാനത്തില്‍ സ്പീക്കറിനുളളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇയാള്‍ സ്വര്‍ണം കൊണ്ടുവന്നത്. 

ഷാര്‍ജയില്‍ നിന്നുളള എയര് ഇന്ത്യ വിമാനത്തിലെത്തിയ കാസര്‍കോട് സ്വദേശി മുഹമ്മദ് ഷരീഫിന്‍റെ പക്കല്‍ നിന്നാണ് 13 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടിയത്. സൗദി റിയാല്‍ അമേരിക്കന്‍ ഡോളര്‍ എന്നിവയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്ത്. സമീപകാലത്തായി കരിപ്പൂര്‍ അടക്കം കേരളത്തിലെ വിവിധ വിമാനത്താവളങ്ങള്‍ വഴിയുളള സ്വര്‍ണക്കടത്തില്‍ വന്‍ വര്‍ദ്ധനയുണ്ടായതായാണ് കണക്ക്.   

Follow Us:
Download App:
  • android
  • ios