Asianet News MalayalamAsianet News Malayalam

പാലാരിവട്ടം പാലം കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്; ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

15-ാം തിയതി മൂന്ന് മണിക്കൂർ നേരം നടന്ന ചോദ്യം ചെയ്യലിൽ ഉദ്യോഗസ്ഥരെ പഴിചാരിയായിരുന്നു ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴി. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നായിരുന്നു ചോദ്യം ചെയ്യലിന് ശേഷമുള്ള ഇബ്രാഹിംകുഞ്ഞിന്‍റെ പ്രതികരണം.

again vigilance will questioning ibrahim kunju in palarivattom bridge case
Author
Kochi, First Published Feb 27, 2020, 10:41 AM IST

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസ് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിനെ അടുത്ത ശനിയാഴ്ച വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. കഴിഞ്ഞ തവണ നടത്തിയ ചോദ്യം ചെയ്യലില്‍ ഇബ്രാംഹിംകുഞ്ഞ് നല്‍കിയ പല മൊഴികളിലും പൊരുത്തക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് വിജിലന്‍സിന്‍റെ നടപടി. ചോദ്യം ചെയ്യലിന് ശേഷം ഇബ്രാഹിംകുഞ്ഞിനെ പ്രതി ചേര്‍ക്കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും.

ഇബ്രാഹിംകുഞ്ഞിനെതിരെ അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച ശേഷം കഴിഞ്ഞ 15 ന് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. 25 ചോദ്യങ്ങളടങ്ങിയ ചോദ്യാവലിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്ന് മണിക്കൂറോളം മൊഴിയെടുത്തത്. എന്നാല്‍, പല ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കാന്‍ ഇബ്രാഹിംകുഞ്ഞിനായില്ല. ചില ചോദ്യങ്ങള്‍ക്ക് വാസ്തവിരുദ്ധമായ മൊഴിയാണ് നല്‍കിയത്. ചില ചോദ്യങ്ങളോട് ഒഴിഞ്ഞുമാറുകയും ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ഇത് വരെ ശേഖരിച്ച തെളിവുകളും ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴികളും താരതമ്യം ചെയ്ത ശേഷമാണ് അടുത്ത ശനിയാഴ്ച വീണ്ടും തിരുവനന്തപുരത്ത് എത്താന്‍ ഇബ്രാംഹിം കഞ്ഞിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് ശേഷം പ്രതി ചേര്‍ക്കുന്ന കാര്യത്തിലും അറസ്റ്റ് ചെയ്യുന്ന കാര്യത്തിലും തീരുമാനം എടുക്കുമെന്ന് വിജിലന്‍സിന്‍റെ ഉന്നത വൃത്തങ്ങല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കരാറുകാരന് അമിത ലാഭം ഉണ്ടാക്കുന്നതിനായി പ്രതികള്‍ ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് വിജിലന്‍സ് കേസ്. ഇതിനായി ടെന്‍ഡര്‍ നടപടികളിലടക്കം ക്രമക്കേട് നടത്തുകയും വഴിവിട്ട് വായ്പ അനുവദിക്കുകയും ചെയ്തു. അന്വേഷണത്തിന്‍റെ  ആദ്യഘട്ടത്തില്‍ സാക്ഷിയെന്ന നിലയില്‍ ഇബ്രാഹിംകുഞ്ഞിന്‍റെ മൊഴിയെടുത്തിയിരുന്നു.പിന്നീട് ടി ഒ സൂരജ് അടക്കമുള്ള പ്രതികളെ അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇബ്രാഹിംകുഞ്ഞിനും അഴിമതിയില്‍ പങ്കുണ്ടെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് വിശദമായ അന്വേഷണം നടത്തുന്നത്. 

Follow Us:
Download App:
  • android
  • ios