കണ്ണൂര്‍: പയ്യന്നൂർ അമാൻ ഗോൾഡിൽ നിക്ഷേപിച്ചവരുടെ പണം  തട്ടിയെടുത്ത് വിദേശത്തേക്ക് കടന്നത് മാനേജർ സിഎ നിസാ‌ർ ആണെന്ന് എംഡി പികെ മൊയ്‍തു ഹാജിയുടെ വെളിപ്പെടുത്തൽ.  ജ്വല്ലറി പൂട്ടിയപ്പോൾ 110 നിക്ഷേപകർക്കായി നൽകാനുണ്ടായിരുന്ന 9 കോടി ആറ് ഡയറക്ടർമാർ ചേർന്ന് നൽകാൻ ധാരണയായെങ്കിലും കൊടുത്തുവീട്ടാനായില്ല. തന്നെ കരുവാക്കിയുള്ള തട്ടിപ്പാണ് നടന്നതെന്നും കേസിലെ പ്രതി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിദേശത്തേക്ക് കടന്ന മൂന്ന് ഡയറക്ടർമാരെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

നിക്ഷേപത്തട്ടിപ്പ് കേസിൽ ഒളിവിൽ പോയെന്ന് പൊലീസ് പറയുന്ന അമാൻ ഗോൾഡ് എംഡി പികെ മൊയ്തുഹാജിയാണ് ഏഷ്യാനെറ്റ് ന്യുസിനോട് സംസാരിച്ചത്. 2019 ൽ ജ്വല്ലറി പൂട്ടുമ്പോൾ 110 നിക്ഷേപകർക്കായി 9 കോടി രൂപ കൊടുക്കാനുണ്ടായിരുന്നു.  സ്വർണക്കട പൊളിയാൻ കാരണം മാനേജറും പാര്‍ട്ടണറുമായ സിഎ നിസാറാണെന്നും പണം അപഹരിച്ച് ആരുമറിയാതെ നിസാർ ദുബായിലേക്ക് കടന്നുകളഞ്ഞെന്നും എംഡി ആരോപിക്കുന്നു.
നിയമ പരമായല്ല നിക്ഷേപകരിൽ നിന്നും പണം സ്വീകരിച്ചത് എന്നും എംഡി തുറന്ന് സമ്മതിക്കുന്നു.ആകെ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന 15 പരാതികളാണ് ഇതുവരെ പൊലീസിന് കിട്ടിയത്.