Asianet News MalayalamAsianet News Malayalam

കർണാടക അതിർത്തി തുറക്കണം, മോദിയെ വിളിച്ച് പിണറായി, അമിത് ഷായുമായി ചർച്ച

കാസർകോട് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു.

amit shah discussed with pinarayi vijayan on karnataka blocking key state highway
Author
Thiruvananthapuram, First Published Mar 29, 2020, 9:00 PM IST

തിരുവനന്തപുരം: കർണാടക അതിർത്തി തുറക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ നിർദേശപ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി ഫോണിലൂടെ വിഷയത്തെ കുറിച്ച് വിശദമായി ചർച്ച നടത്തി. 

കാസർകോട് നിന്ന് മംഗലാപുരം പോകേണ്ടതിന്റെ അനിവാര്യതയും വടക്കൻ കേരളവും മംഗലാപുരവുമായുള്ള ചരിത്രപരമായ ബന്ധവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാസർകോട് ജില്ലയിലെ അനേകം ആളുകൾ ആശ്രയിക്കുന്നത് മംഗലാപുരത്തെ ആശുപത്രികളെയാണ്. എന്നാൽ, അതുവഴി രോഗികൾക്ക് പോലും പോകാൻ പറ്റാത്ത സാഹചര്യം ഉണ്ടാകുന്നത് ഒരു ജനതയുടെ ജീവിതത്തെ ആകെ ബാധിക്കുന്നതാണെന്ന് മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. 

കണ്ണൂർ ജില്ലയിൽ നിന്ന് കർണാടകയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഗതാഗത മാർഗമാണ് തലശ്ശേരി - കൂർഗ് റോഡ് (ടി.സി. റോഡ്). ചരക്ക് നീക്കത്തിന് അനിവാര്യമായ പാതയാണിത്. ആ റോഡ് അടച്ചിടുക എന്നത് കണ്ണൂർ ജില്ലയും കർണാടകവുമായുള്ള ബന്ധം അറുത്ത് മാറ്റുന്നതിന് തുല്യമാണ് എന്ന കാര്യവും മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചു. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ ആഭ്യന്തരമന്ത്രി കർണാടക മുഖ്യമന്ത്രിയുമായി സംസാരിച്ച ശേഷം തുടർനടപടി അറിയിക്കാമെന്ന് അമിത്ഷാ മുഖ്യമന്ത്രിയെ അറിയിച്ചു.

കർണ്ണാടക അതിർത്തി അടച്ചതിൽ ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അമിത്ഷായുമായി ചർച്ച നടത്തിയത്. അതിര്‍ത്തി തുറക്കാന്‍ വിസമ്മതിച്ചതിനാല്‍ മംഗലാപുരത്തെ ആശുപത്രിയില്‍ എത്തിക്കാൻ സാധിക്കാതെ രോ​ഗി മരിച്ച സംഭവം ഉൾപ്പടെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചത്.

Also Read: കർണ്ണാടക അതിർത്തി അടച്ചതിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി, കത്തയച്ചു

Follow Us:
Download App:
  • android
  • ios