Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: നാളത്തെ ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി, നടത്തിയാൽ കർശന നടപടി

ഹർത്താൽ ആഹ്വാനം ചെയ്ത സംഘാടകർക്ക് പൊലീസ് നോട്ടീസ് നൽകുമെന്നും നിയമവിരുദ്ധമായി നാളെ ഹർത്താൽ നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും ലോക്നാഥ് ബെഹ്റ.

citizenship amendment act dgp says hartal declared on tuesday is illegal
Author
Thiruvananthapuram, First Published Dec 16, 2019, 12:10 PM IST

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചില സംഘടനകൾ സംസ്ഥാനത്ത് ചൊവ്വാഴ്ച പ്രഖ്യാപിച്ച ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴ് ദിവസം മുമ്പേ നോട്ടീസ് തരണമെന്നാണ് ഹൈക്കോടതി ഉത്തരവ്. അത്തരത്തിൽ ഒരു സംഘടനയും 17 -ാം തിയതി ഹർത്താൽ നടത്തുമെന്ന് അറിയിപ്പ് നൽകിയിട്ടില്ലെന്നും ലോക്നാഥ് ബെഹ്റ അറിയിച്ചു. ഹർത്താലിനെ നേരിടാൻ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ലോക്നാഥ് ബെഹ്റ പറഞ്ഞു.

ഹർത്താൽ ആഹ്വാനം ചെയ്ത സംഘാടകർക്ക് പൊലീസ് നോട്ടീസ് നൽകുമെന്നും ലോക്നാഥ് ബെഹ്റ പറഞ്ഞു. നിയമവിരുദ്ധമായി നാളെ ഹർത്താൽ നടത്തിയാല്‍ കർശന നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. കടകൾ അടപ്പിക്കാനോ വാഹനങ്ങൾ തടയാനോ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംയുക്ത ഹർത്താൽ എന്ന തരത്തില്‍ സാമൂഹ്യമാധ്യമങ്ങളിൽ സജീവ പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത്തരത്തിലൊരു നോട്ടീസും കിട്ടിയിട്ടില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

എസ്‍ഡിപിഐ, ബിഎസ്‍പി, എസ്ഐഒ എന്നീ സംഘടനകളാണ് നിലവിൽ ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാൽ പ്രമുഖ മുസ്ലിം സംഘടനകളെല്ലാം ഈ ഹർത്താലിന് പിന്തുണയില്ലെന്ന് അറിയിച്ചിട്ടുണ്ട്. ഹർത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി അസോസിയേഷനും വ്യക്തമാക്കി. 

തീവ്ര നിലപാടുകാരുമായി സഹകരിക്കില്ലെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്‍ലിയാർ വ്യക്തമാക്കിയത്. ആദ്യം ഹർത്താലിനോട് അനുകൂല നിലപാട് സ്വീകരിച്ച ഇ കെ സുന്നി വിഭാഗം ഇപ്പോൾ യോജിച്ചുള്ള ഹർത്താലിനോട് മാത്രമേ സഹകരിക്കേണ്ടതള്ളൂ എന്ന നിലപാടിലാണ്. മുജാഹിദ് വിഭാഗവും ഈ ഹർത്താലിനെ പിന്തുണക്കുന്നില്ല. ഹർത്താലുമായി ബന്ധപ്പെട്ട പ്രചാരണപ്രവർത്തനങ്ങളിൽ യൂത്ത് ലീഗ് പങ്കാളിയാകരുതെന്ന് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങൾ നിർദേശം നൽകിയിട്ടുണ്ട്. 

സിപിഎമ്മും ഹർത്താലിന് എതിരാണ്. ഹർത്താൽ ജനങ്ങളെ ബുദ്ധിമുട്ടിക്കുമെന്നാണ് ഇടത് സഖ്യകക്ഷിയായ ഐഎൻഎൽ പറയുന്നത്. കരുതലോടെ നീങ്ങാൻ മുസ്ലിം സംഘടനകൾ തന്നെ കേരളത്തിൽ തീരുമാനിക്കുന്നു. പ്രക്ഷുബ്ധാവസ്ഥ ഉണ്ടായാൽ അത് സമരത്തിന്‍റെ ലക്ഷ്യത്തെ തന്നെ ബാധിക്കുമെന്നും മുസ്ലിം സംഘടനകൾ കരുതുന്നു. 

Follow Us:
Download App:
  • android
  • ios