പാലക്കാട്: കൊവിഡ് ലോക്ക് ഡൗൺ തുടരുന്നതിനിടെ അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചെന്ന കേസിൽ സിഐടിയു നേതാവിനെതിരെ കേസ്. സിഐടിയുവിന്റെ അതിഥി തൊഴിലാളി യൂണിയൻ പട്ടാമ്പി താലൂക്ക് സെക്രട്ടറി സക്കീർ ഹുസൈനെതിരെയാണ് കേസെടുത്തത്. 400 ലധികം അതിഥി തൊഴിലാളികളെ പ്രതിഷേധത്തിന് പ്രേരിപ്പിച്ചുവെന്നാണ് കേസ്.

ഇന്നലെ പ്രതിഷേധം തുടക്കത്തിൽ തന്നെ പൊലീസ് ഇടപെട്ട് അനുനയിപ്പിച്ചിരുന്നു. പ്രതിഷേധത്തിലേക്കെന്ന തരത്തിൽ സാഹചര്യം എങ്ങിനെയുണ്ടായെന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. 

അതേസമയം അതിഥി തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ മനസിലാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനുമായി ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ സംസ്ഥാനതല നോഡല്‍ ഓഫീസറായി നിയമിച്ചു.  മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദ്ദേശപ്രകാരമാണിത്.  കോട്ടയം, എറണാകുളം ജില്ലകളില്‍ അതിഥി തൊഴിലാളികള്‍ താമസിക്കുന്ന വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അദ്ദേഹം അവരോട് സംസാരിക്കും. അതിഥി തൊഴിലാളികള്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നതിന് വേണ്ട നടപടി സ്വീകരിക്കാന്‍ ജനമൈത്രി പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  

അതിഥി തൊഴിലാളികൾക്ക് ഭക്ഷണവും വെള്ളവും നൽകാത്തതിന് എറണാകുളത്ത് പൊലീസ് കേസെടുത്തു. എറണാകുളം തടിയിട്ട പറമ്പിലാണ് സംഭവം. കരാറുകാരായ ചെമ്പറക്കി സ്വദേശി എബ്രഹാം, എൽദോ എബ്രഹാം എന്നിവർക്കെതിരെയാണ് നടപടി. 54 തൊഴിലാളികളെയാണ് ഇവർ താമസിപ്പിച്ചിരുന്നത്.