Asianet News MalayalamAsianet News Malayalam

ഒന്നാമനായിരുന്ന 'മത്തി' ഒൻപതാമത്; സൂപ്പർ സ്റ്റാറായി 'അയല'

രാജ്യത്താകെ മത്സ്യോൽപ്പാദനം ഗണ്യമായി കുറഞ്ഞിട്ടും കേരളത്തിൽ മാത്രം വർധനവ് 

CMFRI annual report on Fish production across India
Author
CMFRI, First Published Jul 12, 2019, 6:27 PM IST

കൊച്ചി: മത്തിയുടെ ലഭ്യതയിൽ വൻ ഇടിവുണ്ടായതായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) വാർഷിക പഠന റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇന്ത്യയിലാകെ 54 ശതമാനം മത്തി കുറഞ്ഞു. കേരളത്തിലെ കുറവ് 39 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2017  കിട്ടിയതിനേക്കാൾ ഏകദേശം അമ്പതിനായിരം ടൺ കുറവാണ് മത്സ്യത്തിന്റെ ലഭ്യതയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ആകെ 77,093 ടൺ മത്തിയാണ് കേരളത്തിൽ കഴിഞ്ഞ വർഷം ലഭിച്ചത്.  

അതേസമയം സംസ്ഥാനത്ത് മറ്റ് മീനുകളുടെ ലഭ്യത ഉയർന്നതിനാൽ ആകെ മത്സ്യലഭ്യത 10 ശതമാനം വർധിച്ചു. 6.42 ലക്ഷം ടൺ മത്സ്യമാണ് സംസ്ഥാനത്ത് 2018 ൽ പിടിച്ചത്. 2017ൽ ഇത് 5.85 ലക്ഷം ടൺ ആയിരുന്നു. സംസ്ഥാനത്ത് അയല മീനിന്റെ ലഭ്യത ഗണ്യമായി വർദ്ധിച്ചെന്ന് കണക്ക് പറയുന്നു. 2017 ലേക്കാൾ 142 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയതലത്തിലും അയലയാണ് ഒന്നാം സ്ഥാനത്ത്. കൊഴുവ, കിളിമീൻ, ചെമ്മീൻ, കൂന്തൽ-കണവ എന്നിവയുടെ ലഭ്യതയും കേരളത്തിൽ വർദ്ധിച്ചു. 

ഇന്ത്യയിൽ ആകെ മത്സ്യോൽപ്പാദനം 34.9 ലക്ഷം ടൺ ആണെന്ന് 2018 ലെ കണക്കുകൾ വ്യക്തമാക്കുന്നു. 2017 നെ അപേക്ഷിച്ച് ഒമ്പത് ശതമാനം കുറവാണിത്. ഏറ്റവും കൂടുതൽ ലഭിക്കുന്ന മത്സ്യമായ മത്തി, ദേശീയ തലത്തിൽ ഒൻപതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. ഇതോടൊപ്പം പശ്ചിമ ബംഗാൾ, കർണാടക, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ മത്സ്യലഭ്യത കുറഞ്ഞതും ഒരു കാരണമാണ്. എന്നാൽ പതിവിന് വിപരീതമായി ക്ലാത്തി മത്സ്യം കൂടിയിട്ടുണ്ടെന്നും സിഎംഎഫ്ആർഐ പറയുന്നു.

കേരളം ഇക്കുറിയും മത്സ്യോൽപ്പാദനത്തിൽ രാജ്യത്ത് മൂന്നാമതാണ്.  ഗുജറാത്ത് ഒന്നാം സ്ഥാനത്തും തമിഴ്‌നാട് രണ്ടാം സ്ഥാനത്തുമാണ്.  ആകെ മത്സ്യോൽപ്പാദനത്തിന്റെ 25 ശതമാനമാണ് കേരളത്തിൽ നിന്ന് കിട്ടിയത്. സിഎംഎഫ്ആർഐയിലെ ഫിഷറി റിസോഴ്സസ് അസസ്മെന്റ് വിഭാഗമാണ് പുതുതായി നിലവിൽ വന്ന ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തി കണക്കുകൾ തയ്യാറാക്കിയത്. ഡയറക്ടർ ഡോ എ ഗോപാലകൃഷ്ണൻ, ഭാരതീയ കാർഷിക ഗവേഷണ കേന്ദ്രം (ഐസിഎആർ) അസിറ്റന്റ് ഡയറക്ടർ ജനറൽ ഡോ പി പ്രവീൺ, സിഎംഎഫ്ആർഐയിലെ വിവിധ വകുപ്പ് മേധാവികളാ ഡോ ടി വി സത്യാനന്ദൻ, ഡോ സുനിൽ മുഹമ്മദ്, ഡോ ജി മഹേശ്വരുഡു,  ഡോ പി യു സക്കറിയ, ഡോ പ്രതിഭ രോഹിത്, ഡോ സി രാമചന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.

Follow Us:
Download App:
  • android
  • ios