Asianet News MalayalamAsianet News Malayalam

'ബസ്സിന്‍റെ ഒരു ഭാഗം കാണാനുണ്ടായിരുന്നില്ല, പുറത്ത് വന്നത് ചില്ല് പൊളിച്ച്', ‍ഞെട്ടലോടെ രക്ഷപ്പെട്ടവർ

''ഉറങ്ങുകയായിരുന്നു. വലിയൊരു ശബ്ദം കേട്ടു. ടയറൊക്കെ പൊട്ടുന്നത് പോലെ വലിയൊരു ശബ്ദം. ഉണർന്ന് നോക്കിയപ്പോൾ വലതു വശത്തേക്ക് നോക്കാനാവാത്ത അവസ്ഥയായിരുന്നു. പുക മാത്രം'', എന്ന് രക്ഷപ്പെട്ടവർ ഓർത്തെടുക്കുന്നു. 

coimbatore ksrtc accident witness accounts of travelers in the bus
Author
Coimbatore, First Published Feb 20, 2020, 11:42 AM IST

അവിനാശി: കോയമ്പത്തൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ്സ് കണ്ടെയ്‍നറുമായി ഇടിച്ചുണ്ടായ അപകടത്തിൽ ഇടത് ഭാഗത്ത് ഇരിക്കുകയായിരുന്നത് കൊണ്ട് മാത്രം ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടവരാണ് പലരും. പലർക്കും തലയ്ക്കും മുഖത്തുമാണ് പരിക്കേറ്റത്. അപകടം നടന്നയുടൻ നാട്ടുകാർ ഓടിയെത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില്ല് പൊളിച്ചാണ് നാട്ടുകാർ ഇവരെ പലരെയും പുറത്തെടുത്തത്. അപകടം നടന്ന ഉടൻ ആംബുലൻസുകൾ വന്നത് ഭാഗ്യമായെന്നും രക്ഷപ്പെട്ടവർ പറയുന്നു. അവരിൽ ചിലർ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിച്ചു:

പാലക്കാട് തിരുമുമ്പ് സ്വദേശി സന്തോഷ് കുമാർ

വലിയൊരു ശബ്ദമാണ് കേട്ടത്. എന്താണെന്നോ ഒന്നും ഒരു നിമിഷം മനസ്സിലായില്ല. ആരൊക്കെയോ ഓടി വന്നു. ചില്ലൊക്കെ പൊട്ടിച്ചാണ് പുറത്തിറങ്ങിയത്. ചുറ്റും ഇരുട്ടായിരുന്നു. ആകെ പുകയായിരുന്നു. 

ഉറങ്ങുന്നതിനിടെ ടയർ പൊട്ടിയതിന്‍റെ വലിയ ശബ്ദം കേട്ടു. നോക്കിയപ്പോ ബസ്സിന്‍റെ ഒരു ഭാഗം ഇല്ലായിരുന്നു. വലത് ഭാഗം പൂർണമായും തകർന്ന അവസ്ഥ. ഇടിച്ചത് കണ്ടെയ്‍നർ ആണെന്ന് പോലും മനസ്സിലായില്ല. അപകടമുണ്ടായ ഉടൻ നാട്ടുകാരും അഞ്ച് മിനിറ്റിനുള്ളിൽ രക്ഷാപ്രവർത്തകരും ആംബുലൻസും ഫയർ സർവീസും ഒക്കെ എത്തി. അവർ ഞങ്ങളെ ആംബുലൻസിൽ കയറ്റി. അതിൽ കയറി പോകുമ്പോഴാണ് ഇടിച്ചത് കണ്ടെയ്‍നറാണെന്ന് തന്നെ മനസ്സിലായത്.

തൃശ്ശൂർ സ്വദേശി ശ്രീലക്ഷ്മി മേനോൻ

ഞാൻ പതിവായി കെഎസ്ആർടിസി ബസ്സിലാണ് യാത്ര ചെയ്യാറ്. ഒറ്റയ്ക്ക് തന്നെയാണ് യാത്ര ചെയ്യാറ്. ഇടത് ഭാഗത്താണ് ഇരുന്നത് എന്നതുകൊണ്ട് വലിയ അപകടം ഒഴിവായതാണ്. ഞാൻ ഉറങ്ങിയിരുന്നില്ല. മൊബൈൽ ഫോൺ നോക്കിയിരുന്ന്, അതൊന്ന് ബാഗിൽ വച്ച് ഉറങ്ങാൻ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് വലിയൊരു ശബ്ദം കേട്ടത്. ടയർ പൊട്ടുന്നത് പോലെ വലിയൊരു ഒച്ച. എനിക്കൊന്നും മനസ്സിലായില്ല. രണ്ട് മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് ബസ്സിന്‍റെ ഒരു ഭാഗം മുഴുവൻ കാണാതായിരുന്നു. ആ ഭാഗത്ത് ഇരുന്ന ആളുകൾക്ക് നല്ലവണ്ണം പരിക്ക് പറ്റിയിട്ടുണ്ടാകും. അത്ര വലിയ അപകടമായിരുന്നു. 

എനിക്ക് മനസ്സിലായില്ല, കണ്ടെയ്‍നർ ലോറിയാണ് ഇടിച്ചത് എന്നൊന്നും. വല്ലാത്തൊരു ഷോക്കിലായിരുന്നു ഞാൻ. ഇപ്പോ സുരക്ഷിതയാണ്. എന്നെ നാട്ടുകാർ ഉടനെ എത്തിയ ആംബുലൻസിൽ കയറ്റി കൊണ്ടുപോയി. അച്ഛനും മറ്റും നാട്ടിൽ നിന്ന് വരുന്നുണ്ട്, എന്നെ തിരികെ കൊണ്ടുപോകാൻ.

പാലക്കാട് സ്വദേശി മാരിയപ്പൻ

ഞാൻ പാലക്കാട്ട് നിന്ന് ബെംഗളുരുവിലേക്ക് ജോലിക്ക് പോകുവായിരുന്നു. വലിയ ശബ്ദം കേട്ടാണ് എഴുന്നേറ്റത്. എന്തോ പൊട്ടുന്ന ശബ്ദം. പിന്നെ നോക്കിയപ്പോൾ ബസ്സിന്‍റെ ഒരു ഭാഗം കാണാനില്ല. ബസ്സിന്‍റെ മുന്നിൽ തെറിച്ച് കിടക്കുവായിരുന്നു ചിലർ. നാട്ടുകാരാണ് എന്നെ രക്ഷിച്ച് ആംബുലൻസിൽ കയറ്റിയത്. ചില്ല് പൊളിച്ചാണ് എന്നെ പുറത്തെടുത്തത്. 

Follow Us:
Download App:
  • android
  • ios