തിരുവനന്തപുരം: കൊവിഡ് ആശ്വാസ നടപടികളുടെ ഭാഗമായുളള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ണ്ണതോതില്‍ നടപ്പാക്കുന്നത് വൈകും.സപ്ലൈകോയില്‍ ആവശ്യത്തിന് സാധനങ്ങളില്ലാത്തും കേന്ദ്രീകൃത സംഭരണം നടക്കാത്തതുമാണ് കാരണം.87 ലക്ഷം കാര്‍ഡ് ഉടമകള്‍ക്കായി ആകെ ഒരു ലക്ഷം ടണ്‍ ഭക്ഷ്യവസ്തുക്കള്‍ വേണ്ടിടത്ത് സപ്ലൈകോയുടെ പക്കല്‍ ഇരുപതിനായിരം ടണ്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

87,28,831 കാര്‍ഡ് ഉടമകളാണ് സംസ്ഥാനത്ത് ആകെയുള്ളത്.ഇത്രയും പേര്‍ക്ക് 17 വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്നത്.ഇതിനായി വിവിധ പലവ്യഞ്ജന സാധനങ്ങളുടെ 9100 ലോഡ് ആകെ വേണം. സപ്ലൈകോയുടെ പക്കലാകട്ടെ ഉള്ളത് ആയിരം ലോഡില്‍ താഴെ മാത്രം. കൊവിഡ് പശ്ചാത്തലത്തില്‍ സൗജന്യ പലവ്യഞ്ജനക്കിറ്റിന് വസ്തുക്കള്‍ രണ്ട് രീതിയിലാണ് കണ്ടെത്താൻ ഉദ്ദേശിച്ചിരുന്നത്.

ഒന്ന് കേന്ദ്രീകൃത സംഭരണം. അതായത് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ ഇ ടെൻഡര്‍ വഴി ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന രീതി. ലോക് ഡൗണ്‍ കാലത്ത് അത് നടക്കുന്നില്ല.അങ്ങനെയാണ് സംസ്ഥാനത്തെ 56 താലൂക്ക് ഡിപ്പോകള്‍ വഴി പ്രാദേശികമായി പൊതുവിപണിയില്‍ നിന്ന് പലവ്യജ്ഞനം സംഭരിക്കാൻ തീരുമാനിച്ചത്. പക്ഷേ മൊത്ത വ്യാപാരികള്‍ സര്‍ക്കാര്‍ സംവിധാനത്തിലേക്ക് സാധനങ്ങള്‍ നല്‍കാൻ തയ്യാറല്ല. 

മൊത്തം തുക കിട്ടുന്ന സ്വകാര്യ ചില്ലറ മാര്‍ക്കറ്റുകളിലേക്ക് വില്‍ക്കാനാണ് അവര്‍ക്ക് താല്‍പ്പര്യം.സംസ്ഥാനത്തെ സപ്ലൈകോ താലൂക്ക് ഡിപ്പോ മാനേജര്‍മാര്‍ ഒരാഴ്ചയായി പൊതുവിപണിയില്‍ നിന്ന് സാധനങ്ങള്‍ സംഭരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആകെ വേണ്ടതിന്‍റെ പകുതി പോലും ലഭിച്ചിട്ടില്ല.

നിലവില്‍ അന്ത്യോദയ അന്നയോജനയിൽ പെട്ട, അതായത് മഞ്ഞകാര്‍ഡിലെ പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 56000 കാര്‍ഡ് ഉടമകള്‍ക്ക് ഇന്നും ഈ വിഭാഗത്തിലെ ബാക്കിയുള്ള അഞ്ച് ലക്ഷത്തി ഇരുപതിനായിരം പേര്‍ക്ക് ശനിയാഴ്ചയും പല വ്യഞ്ജന കിറ്റ് കിട്ടും.ബാക്കിയുള്ള 82 ലക്ഷം കാര്‍ഡുടമകള്‍ക്ക് കിറ്റ് വൈകാനാണ് സാധ്യത.