Asianet News MalayalamAsianet News Malayalam

തൃശ്ശൂരിൽ കൊറോണ ബാധ സ്ഥിരീകരിച്ചത് നിരീക്ഷണത്തിൽ കഴിഞ്ഞ വിദ്യാർത്ഥിനിക്ക്, എല്ലാം സജ്ജം

ആരോഗ്യമന്ത്രിയും പ്രിൻസിപ്പൽ സെക്രട്ടറിയും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. ഇന്ന് രാത്രി തന്നെ വൈകിയാലും അവിടെ യോഗം ചേരും. മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് കൂടുതൽ ഡോക്ടർമാരും സജ്ജീകരണങ്ങളുമെത്തും. 

coronavirus confirmed at kerala all live updates
Author
Thrissur, First Published Jan 30, 2020, 6:04 PM IST

തിരുവനന്തപുരം/തൃശ്ശൂർ: ഇന്ത്യയിൽ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് കേരളത്തിൽ. തൃശ്ശൂരിലെ ജനറലാശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിൽ കഴിയുന്ന വിദ്യാർത്ഥിക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ചൈനയിലെ വുഹാൻ നഗരത്തിൽ വുഹാൻ സർവകലാശാലയിൽ പഠിക്കുകയായിരുന്നു ഈ വിദ്യാർത്ഥി. കുറച്ച് ദിവസം മുമ്പ് നാട്ടിലെത്തിയ കുട്ടി, ചൈനയിൽ രോഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ ആശുപത്രിയിലെത്തി ചികിത്സ തേടുകയായിരുന്നു.

ഈ വിദ്യാർത്ഥിയോടൊപ്പം മറ്റ് മൂന്ന് പേർ കൂടി തൃശ്ശൂർ ജനറലാശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ ചികിത്സയിലുണ്ട്. ഇവരിൽ ഒരാൾക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് എത്തിയതാണെന്ന് അറിയിച്ച ഉടൻ തന്നെ, ഇവരെ നാല് പേരെയും വെവ്വേറെ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റി പ്രത്യേകം നിരീക്ഷിച്ച് വരികയായിരുന്നു. രക്തസാമ്പിളുകൾ പുനെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കുകയും ചെയ്തു. 

കുട്ടിയുടെ നില ഗുരുതരമല്ലെന്നും ആദ്യം തന്നെ നിരീക്ഷിച്ച് വരികയായിരുന്നുവെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. പരിഭ്രാന്തിയുടെ സാഹചര്യമില്ല. എല്ലാം സുസജ്ജമാണ്. ജനറൽ ആശുപത്രിയിൽ നിന്ന് വിദ്യാർത്ഥിയെ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് ആലോചിക്കുന്നത്. അവിടത്തെ ഐസൊലേഷൻ വാർഡിൽ കുറച്ചുകൂടി സൗകര്യങ്ങൾ പെട്ടെന്ന് എത്തിക്കാനാകും. കൂടുതൽ ഡോക്ടർമാരെക്കൂടി നിയമിച്ച് മെഡിക്കൽ ടീം സുസജ്ജമാക്കുകയും വിപുലീകരിക്കുകയും ചെയ്യും. 

വാർത്താമാധ്യമങ്ങളിലൂടെ കേരളത്തിലാണ് ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതെന്ന് അറിഞ്ഞ ഉടൻ സംസ്ഥാന ആരോഗ്യവകുപ്പ് കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു. ആരോഗ്യമന്ത്രി തിരുവനന്തപുരത്ത് ഉന്നതതലയോഗം വിളിച്ചു. ആരോഗ്യവകുപ്പിലെ ഉന്നതരെല്ലാം പങ്കെടുത്ത യോഗത്തിന് ശേഷം മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷമാണ് മാധ്യമങ്ങളെ കണ്ടത്. 

ആകെ 806 പേരാണ് കേരളത്തിൽ കൊറോണ രോഗലക്ഷണങ്ങളുമായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ 20 പേർക്കാണ് പ്രകടമായി കൊറോണ ലക്ഷണങ്ങളുണ്ടായിരുന്നത്. ഇവരുടെയെല്ലാം രക്തസാമ്പിളുകൾ പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. 

ഇതിൽ പത്ത് പേരുടെ ഫലം നെഗറ്റീവായിരുന്നു. ഒമ്പത് പേരെ ഡിസ്ചാർജ് ചെയ്യുകയും ചെയ്തു. രണ്ട് പേർക്ക് എച്ച്‍വൺ എൻവൺ ബാധയാണെന്ന് വ്യക്തമായിട്ടുണ്ട്. ആറ് പേരുടെ ഫലമാണ് വരാനുള്ളത്. ഇതിൽ ഒരാളുടെ ഫലമാണ് പോസിറ്റീവായിരിക്കുന്നത്. 

ചൈനയിൽ നിന്നോ കൊറോണവൈറസ് ബാധ സ്ഥിരീകരിച്ച ഏതെങ്കിലും രാജ്യത്ത് നിന്നോ എത്തിയവർ നിർബന്ധമായും ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്യണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടു. ''കുറച്ച് പേ‍ർ, ചൈനയിൽ നിന്ന് മടങ്ങിയെത്തിയതാണെന്ന് ആരോഗ്യവകുപ്പിന് റിപ്പോർട്ട് ചെയ്തത്, കൃത്യമായ പരിശോധനകൾ നടത്താൻ വഴിയൊരുക്കി. എന്നാൽ ചിലരത് ചെയ്തിട്ടില്ല. അത് ഗുരുതരമായ പിഴവാണ്. രോഗലക്ഷണങ്ങൾ പ്രകടമായി പുറത്തുവരുന്നതിന് മുമ്പേ പകരുന്നതാണ് കൊറോണ വൈറസ്. അതിനാൽ ആദ്യമേ മുൻകരുതൽ സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്'' എന്ന് കെ കെ ശൈലജ.

നിപ ബാധയുണ്ടായപ്പോൾ രോഗബാധയുണ്ടാകാൻ സാധ്യതയുള്ള ആളുകളെ കണ്ടെത്തി, അവരെ ബന്ധപ്പെട്ട്, അവരെ കൃത്യമായി നിരീക്ഷിക്കാനും, മാറ്റിനിർത്താനും ചികിത്സിക്കാനും കഴിഞ്ഞതായിരുന്നു ഏറ്റവും വലിയ വിജയം. Contact Tracing അഥവാ, ഇത്തരത്തിൽ രോഗസാധ്യതയുള്ളവരെ കണ്ടെത്തൽ സുപ്രധാനമാണ് - മന്ത്രി വ്യക്തമാക്കുന്നു. 

ചുമ, പനി, ശ്വാസതടസ്സം എന്നിവയാണ് കൊറോണവൈറസിന്‍റെ പ്രധാനലക്ഷണങ്ങൾ. ഈ ലക്ഷണങ്ങളുമായി ആശുപത്രികളിലെത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. രോഗിയെ കൃത്യമായി പരിചരിക്കും. ''ഇതുമായി ബന്ധപ്പെട്ട് സാമ്പിളുകൾ അയക്കേണ്ടതാണ്. ഒരാൾ പോലും കൊറോണവൈറസ് ബാധയേറ്റ് മരിക്കരുതെന്ന് സർക്കാരിന് നിർബന്ധമാണ്. അതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുകയാണ്'', കെ കെ ശൈലജ വ്യക്തമാക്കി. 

നല്ല ആരോഗ്യമുള്ളവർക്ക് കൊറോണ വൈറസ് ബാധയേറ്റാൽ പെട്ടെന്ന് ചികിത്സിക്കാം. പക്ഷേ, അവശതയുള്ളവർക്ക് ബുദ്ധിമുട്ടാകും. വൃദ്ധർ, കുട്ടികൾ, ഗർഭിണികൾ എന്നിവർ ശ്രദ്ധിക്കേണ്ടതാണ്. 

ആളുകൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന തരത്തിലുള്ള ഒരു വാർത്തകളും സാമൂഹ്യമാധ്യമങ്ങളിൽ പടർത്തരുത്. വാർത്താ മാധ്യമങ്ങളും ശ്രദ്ധിക്കണം എന്ന് ആരോഗ്യവകുപ്പ് നിർദേശം നൽകുന്നു.

ചൈനയിൽ നിന്ന് വന്നവർ ഉടൻ ദിശ എന്ന നമ്പറിൽ വിളിക്കണം. നമ്പർ 1056- അതല്ലെങ്കിൽ തൊട്ടടുത്തുള്ള മെഡിക്കൽ ഓഫീസറെ സമീപിക്കണം. എല്ലാ സുരക്ഷാ നിർദേശങ്ങളും സ്വകാര്യ ആശുപത്രികളും പാലിക്കണമെന്ന് ആരോഗ്യമന്ത്രി.

Follow Us:
Download App:
  • android
  • ios