Asianet News MalayalamAsianet News Malayalam

പൃത്ഥ്വിരാജടക്കം 'ആടുജീവിതം' സിനിമാസംഘം ജോർദാനിലെ മരുഭൂമിയിൽ കുടുങ്ങി

നടൻ പൃത്ഥ്വിരാജും സംവിധായകൻ ബ്ലസിയും അടക്കമുള്ള 58 അംഗസംഘമാണ് ജോർജാനിലെ മരുഭൂമിയിൽ കുടുങ്ങിയത്. നാല് ദിവസം മുമ്പ് ഷൂട്ടിംഗ് നിർത്തിവെപ്പിച്ചിരുന്നു. ഈ മാസം എട്ടിന് ഇവരുടെ വിസ കാലാവധി അവസാനിക്കും.

covid 19 actor prithviraj and aadujeevitham crew stuck in jordan wadirum due to lockdown
Author
Jordan, First Published Apr 1, 2020, 9:25 AM IST

കൊച്ചി: കൊവിഡ് മൂലം ആഗോളതലത്തിൽത്തന്നെ ലോക്ക്ഡൗണുകൾ നിലവിലുള്ളതിനാൽ ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിലേക്ക് പോയ സംവിധായകൻ ബ്ലസിയും നടൻ പൃത്ഥ്വിരാജും അടക്കമുള്ള സംഘം അവിടെ കുടുങ്ങി. ജോർജാനിലെ വദിറം എന്ന ഇടത്ത് മരുഭൂമിയിലാണ് ഇവർ കുടുങ്ങിയത്. 58 അംഗ സിനിമാ സംഘം ഇവിടെ മരുഭൂമിയിൽ ക്യാമ്പ് ചെയ്യുകയായിരുന്നു. ഒരു മാസം മുമ്പാണ് ഇവിടെ ഇവർ ചിത്രീകരണം തുടങ്ങിയത്. സിനിമയുടെ ലൈൻ പ്രൊഡ്യൂസർമാരും ഇവരോട് ചിത്രീകരണം തുടരാനാകില്ലെന്ന് വ്യക്തമാക്കി. ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ച നിലയാണ്. ഇവരോട് അടിയന്തരമായി രാജ്യം വിടണമെന്ന നിർദേശവും അധികൃതർ നൽകിയിട്ടുണ്ടെന്നാണ് വിവരം. നാല് ദിവസം മുമ്പ് ഇവിടെ നടന്നിരുന്ന സിനിമാ ചിത്രീകരണം നിർത്തി വയ്പ്പിച്ചിരുന്നു. എട്ട് ദിവസത്തിനകം, അതായത് ഏപ്രിൽ എട്ടിനുള്ളിൽ വിസ കാലാവധി അവസാനിക്കും. അതിനാൽ തിരികെയെത്തിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിനിമാസംഘവും ഫിലിം ചേംബറും സംസ്ഥാന, കേന്ദ്രസർക്കാരുകൾക്ക് കത്ത് നൽകി.

ജോർദാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസർവീസുകൾ പൂർണമായും നി‍ർത്തിവച്ചിരിക്കുകയാണ്. മാർച്ച് മൂന്നാം വാരം മുതൽ അന്താരാഷ്ട്ര വിമാനങ്ങളുടെ സർവീസ് പൂർണമായും ഇന്ത്യ നിർത്തിവച്ചിരുന്നു. പിന്നീട് ഇറ്റലി, സ്പെയിൻ എന്നിവിടങ്ങളിൽ കുടുങ്ങിയ കുറച്ച് ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ വേണ്ടി മാത്രം ചില പ്രത്യേക വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തിയിരുന്നത്. 

ഉടനടി ഇവരെ നാട്ടിലേക്ക് തിരികെയെത്തിക്കാനാകുമോ എന്നതിൽ സംശയമുണ്ട്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ ഏപ്രിൽ 14 വരെ രാജ്യത്തേക്ക് ഇവരെ തിരികെ കൊണ്ടുവരാനാകുമോ എന്ന് സംശയമുണ്ട്. പക്ഷേ, ജോർദാനിൽത്തന്നെ സുരക്ഷിതമായ ഒരിടത്തേയ്ക്ക് സിനിമാസംഘത്തെ മാറ്റാനുള്ള നടപടികളെങ്കിലും കേന്ദ്രസർക്കാർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ഫിലിം ചേംബർ. ഇതിന് ഇന്ത്യൻ എംബസിയുടെ ഇടപെടൽ അത്യാവശ്യമാണ്. ഇതിനായി കേന്ദ്രസർക്കാരിൽ സംസ്ഥാനം സമ്മ‍ർദ്ദം ചെലുത്തണമെന്നും ഫിലിം ചേംബർ ആവശ്യപ്പെടുന്നു. 

എഴുത്തുകാരൻ ബെന്യാമിന്‍റെ പ്രസിദ്ധമായ നോവലായ ആടുജീവിതത്തിന് വേണ്ടി, പ്രത്യേക തരം ആഹാരക്രമം അടക്കം സ്വീകരിച്ച് നടൻ പൃത്ഥ്വിരാജ് വലിയ തയ്യാറെടുപ്പുകളാണ് നടത്തിയിരുന്നത്. തന്‍റെ സിനിമാ ജീവിതത്തിലെ സ്വപ്നസിനിമയാണിതെന്ന് ബ്ലസ്സിയും പറഞ്ഞിരുന്നതാണ്. 

നേരത്തേ വദിറം മരുഭൂമിയിൽ നിന്നുള്ള ചിത്രങ്ങളടക്കം നടൻ പൃത്ഥ്വിരാജ് പോസ്റ്റ് ചെയ്തിരുന്നു. തീർത്തും വിജനമായ ഇടത്താണ് സിനിമാ ചിത്രീകരണം നടന്നിരുന്നത്. ഒപ്പം കൊവിഡ് ലോക്ക്ഡൗൺ കാലത്ത് പൃത്ഥ്വിരാജ് ദൂരെയായതിനാൽ ആശങ്കയുണ്ടെന്ന് സുപ്രിയ പൃത്ഥ്വിരാജും ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. അതിനാൽ അവശ്യവസ്തുക്കളടക്കം കിട്ടുന്നതും വരുംദിവസങ്ങളിൽ ബുദ്ധിമുട്ടാകുമെന്ന ആശങ്കയിലാണ് സിനിമാ സംഘം. ആഗോളതലത്തിൽ കൊവിഡ് മൂലമുള്ള ലോക്ക് ഡൗൺ പല രാജ്യങ്ങളിലും നിലവിലുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ കേന്ദ്രസർക്കാരിന്‍റെ പ്രത്യേക ഇടപെടലില്ലാതെ, ഇവരെ അവിടെ നിന്ന് മാറ്റാൻ കഴിയില്ല.

Follow Us:
Download App:
  • android
  • ios