Asianet News MalayalamAsianet News Malayalam

നിലമ്പൂരിൽ നിന്ന് ബംഗാളിലേക്ക് ട്രെയിനെന്ന വ്യാജസന്ദേശം, യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റും പിടിയിൽ

നേരത്തേ ഇതേ കേസിൽ യൂത്ത് കോൺഗ്രസ് എടവണ്ണ മണ്ഡലം മുൻ സെക്രട്ടറിയായ ഷാക്കിർ പിടിയിലായിരുന്നു. ഷാക്കിറിനെക്കൊണ്ട് അതിഥിത്തൊഴിലാളികളിലേക്ക് ഈ ശബ്ദസന്ദേശം അയപ്പിച്ചത് മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണെന്ന് പൊലീസ് കണ്ടെത്തി.

covid 19 fake message spreading that a train starts from nilambur to bengal youth congress leaders arrested
Author
Nilambur, First Published Mar 30, 2020, 4:11 PM IST

മലപ്പുറം: നിലമ്പൂരിൽ നിന്ന് പശ്ചിമബംഗാളിലേക്ക് ലോക്ക് ഡൗണിൽ കുടുങ്ങിയ അതിഥിത്തൊഴിലാളികളെ കൊണ്ടുപോകാൻ പ്രത്യേക തീവണ്ടി വരുമെന്ന വ്യാജസന്ദേശം വാട്സാപ്പിലൂടെ പ്രചരിപ്പിച്ച കേസിൽ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം സെക്രട്ടറിക്ക് പിന്നാലെ മണ്ഡലം പ്രസിഡന്‍റും അറസ്റ്റിൽ. എടവണ്ണ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്. 

മലപ്പുറം മേഖലയിലെ അതിഥിത്തൊഴിലാളികളുടെ ഫോണിലാണ് ലോക്ക് ഡൗണിലെ തൊഴിലാളികളെ തിരികെ കൊണ്ടുപോകാൻ തീവണ്ടി വരുമെന്നും, മമതാ ബാനർജി തീവണ്ടി അയച്ചതാണെന്നുമുള്ള സന്ദേശമാണ് കറങ്ങി നടന്നത്. ശബ്ദസന്ദേശമാണ് വാട്സാപ്പിലൂടെ പലരും പങ്കുവച്ചത്. ഇത് പൊലീസിന്‍റെ പക്കൽ കിട്ടിയപ്പോൾ ഉടനടി ഇതിന്‍റെ ഉറവിടം പൊലീസ് പരിശോധിച്ചു. 

ഇതോടെയാണ് എടവണ്ണ സ്വദേശി കൂടിയായ ഷാക്കിറിന്‍റെ ശബ്ദമാണിതെന്ന് പൊലീസ് കണ്ടെത്തിയത്. പിന്നീട് തന്നോട് ഈ സന്ദേശം തയ്യാറാക്കി അയക്കാൻ പറഞ്ഞത് മണ്ഡലം പ്രസിഡന്‍റായിരുന്ന ഷെരീഫാണെന്ന് ഷാക്കിർ പൊലീസിന് മൊഴി നൽകി. ഇയാളെ വിളിച്ച് പൊലീസ് ചോദിച്ചപ്പോൾ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സമ്മതിക്കേണ്ടി വന്നു. 

പായിപ്പാട് സംഭവത്തിലും അതിഥിത്തൊഴിലാളികൾ തെരുവിലിറങ്ങിയതിന് കാരണം വ്യാജസന്ദേശങ്ങളാണെന്നും അതിന് പിന്നിലെ ഗൂഢാലോചനയിൽ അന്വേഷണം നടന്നുവരികയാണെന്നും കോട്ടയം എസ്പി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ അതിഥിത്തൊഴിലാളിക്യാമ്പുകളിലും സമാനമായ രീതിയിൽ സംസ്ഥാനസർക്കാർ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

''എന്തെങ്കിലും ഇത്തരം സന്ദേശം കിട്ടിയാൽ എങ്ങനെയെങ്കിലും നാട്ടിൽ പോകാൻ കാത്തിരിക്കുന്നവരാണിവർ. അവർ ചാടിപ്പുറപ്പെട്ട് നിലമ്പൂരിലെത്തിയാൽ അത് വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കും. അത് ഒഴിവാക്കാൻ വേണ്ട ശ്രമങ്ങളെല്ലാം നടത്തി. ഉടനടി ഉറവിടം അന്വേഷിക്കാൻ ശ്രമിച്ചു. ഇവരൊരു കുബുദ്ധി ഉപയോഗിച്ചതാ. വലിയ വിദ്യാഭ്യാസമോ വിവരമോ ഇല്ലാതെ, വരുമാനമാർഗത്തിനായി വന്നവരെ ചതിച്ചതാണ് ഇവർ'', എന്ന് മലപ്പുറം എസ്പി അബ്ദുൾ കരീം വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios