പാലക്കാട്: പാലക്കാട് ജില്ലയിൽ ഇന്ന് അഞ്ച് പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതര സംസ്ഥാനത്ത് നിന്നെത്തിയ നാല് പേർക്കും. വിദേശത്ത് നിന്നെത്തിയ ഒരാൾക്കുമാണ് പാലക്കാട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ സമൂഹ വ്യാപനത്തിന്റെ ആശങ്ക ശക്തിപ്പെടുന്നതായി മന്ത്രി എ കെ ബാലൻ പറഞ്ഞു. നിലവിൽ 53 പേർക്കാണ് പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 

പാലക്കാട് ജില്ലയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവാസികളായിട്ടുള്ള ആളുകൾ ഇനിയും വരും വരണ്ടാ എന്ന് പറയാൻ കഴിയില്ലെന്നും, സംസ്ഥാനത്തിന് പുറത്ത് നിന്നും  ധാരാളം പേർ വരുമെന്നും ശക്തമായ ജാഗ്രത വേണമെന്നും എ കെ ബാലൻ വ്യക്തമാക്കി. പൊതുഗതാഗതം വർധിക്കുന്നതോടെ രോഗവ്യാപനം വർധിക്കുമെന്നും ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും ചെയ്തത് പോലെ നിയന്ത്രണങ്ങളും ഇനി സാധ്യമല്ലെന്നും മന്ത്രി പറഞ്ഞു. 

ജനങ്ങളുടെ ശക്തമായ സഹകരണം വേണമെന്നും ക്വാറൻ്റീനിൽ കഴിയേണ്ടവർ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും മന്ത്രി പറഞ്ഞു.