Asianet News MalayalamAsianet News Malayalam

നിരീക്ഷണത്തിലിരിക്കെ മുങ്ങിയ കൊല്ലം സബ് കളക്ടർക്ക് സസ്പെൻഷൻ

വിവാഹശേഷം മധുവിധു ആഘോഷിക്കാൻ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കലക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍പോകാൻ കലക്ടര്‍ ആവശ്യപ്പെടുകയായിരുന്നു.

covid 19 kollam sub collector anupam mishra suspended for escaped from quarantine
Author
Thiruvananthapuram, First Published Mar 27, 2020, 4:15 PM IST

കൊല്ലം: കൊവിഡ് 19 നിരീക്ഷണം ലംഘിച്ച് മുങ്ങിയ കൊല്ലം സബ് കളക്ടര്‍ അനുപം മിശ്രക്ക് സസ്പെൻഷൻ. ഇയാൾക്കെതിരെ കൊല്ലം വെസ്റ്റ് പൊലീസ് നേരത്തെ കേസെടുത്തിരുന്നു. സബ് കളക്ടറുടെ ഗുരുതര അച്ചടക്ക ലംഘനത്തെക്കുറിച്ച് ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. അതേസമയം, വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാൻ പറഞ്ഞപ്പോൾ സ്വന്തം വീട്ടിൽ പോകാൻ പറഞ്ഞതാണെന്നു കരുതിയാണ് താൻ കേരളം വിട്ടതെന്നാണ് അനുപം മിശ്ര നൽകിയ വിശദീകരണം.

വിവാഹശേഷം മധുവിധു ആഘോഷിക്കാൻ സിംഗപ്പൂരിലും മലേഷ്യയിലും പോയി കൊല്ലത്ത് തിരികെ വന്ന സബ് കളക്ടര്‍ അനുപം മിശ്രയോട് നിരീക്ഷണത്തില്‍ പോകാൻ കളക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. തേവള്ളിയിലെ ഔദ്യോഗിക വസതിയില്‍ 19-ാം തിയതി മുതല്‍ നിരീക്ഷണത്തില്‍ ഇരിക്കേണ്ട അനുപം മിശ്ര ഇതിനിടെ മുങ്ങി. വീട്ടില്‍ രാത്രിയില്‍ വെളിച്ചം കാണാത്തതിനെ തുടര്‍ന്ന് സമീപ വാസികള്‍ അറിയിച്ചതനുസരിച്ച്, ഇന്നലെ ആരോഗ്യ പൊലീസ് വകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് അനുപം മിശ്ര മുങ്ങിയതറിയുന്നത്. തുടര്‍ന്ന് ഔദ്യോഗിക നമ്പറില്‍ ബന്ധപ്പെട്ടപ്പോൾ താൻ ബംഗളൂരുവില്‍ ആണെന്നായിരുന്നു മറുപടി. 

Also Read: ക്വാറന്‍റൈൻ ലംഘിച്ച് കൊല്ലം സബ് കളക്ടറും; കേരളത്തിൽ നിന്ന് മുങ്ങി, പൊങ്ങിയത് കാൺപൂരിൽ

മൊബൈല്‍ ടവര്‍ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കാണ്‍പൂരാണെന്ന് കാണിക്കുകയും ചെയ്തു. ഔദ്യോഗിക വസതിയിൽ ഭക്ഷണമുൾപ്പെടെ കിട്ടാൻ ബുദ്ധിമുട്ടായതിനാൽ സ്വന്തം വീട്ടിലേക്ക് പോയി എന്നാണ് അനുപം മിശ്ര നൽകിയിരിക്കുന്ന മറുപടി. വാദങ്ങൾ എല്ലാം തള്ളിയ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് കേസെടുത്തു. രണ്ട് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന തരത്തിലാണ് കേസ്. 2016 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് അനുപം മിശ്ര. ഇദ്ദേഹം ഉത്തർപ്രദേശ് സ്വദേശിയാണ്.

Follow Us:
Download App:
  • android
  • ios