Asianet News MalayalamAsianet News Malayalam

'മദ്യം തരാം, അമിതാസക്തി ഉള്ളവർക്ക് മാത്ര'മെന്ന് മുഖ്യമന്ത്രി, ചെയ്യേണ്ടതെന്ത്?

ലോക്ക് ഡൗൺ നിലവിൽ വന്ന് മൂന്നാം ദിവസം കേരളത്തിൽ മൂന്ന് പേരാണ് മദ്യം കിട്ടാത്തത് മൂലമുള്ള മാനസികപ്രശ്നങ്ങളെ തുട‍ർന്ന് ആത്മഹത്യ ചെയ്തത്. ഈ സാഹചര്യത്തിലാണ് ഡോക്ടറുടെ കുറിപ്പടിയുണ്ടെങ്കിൽ എക്സൈസിന്‍റെ കർശന പരിശോധനകൾക്ക് ശേഷം ചെറിയ അളവിൽ മദ്യം നൽകാമെന്ന് തീരുമാനിച്ചത്. 

covid 19 liquor will be given to severe addicts on prescription of doctors says cm pinarayi vijayan
Author
Thiruvananthapuram, First Published Mar 28, 2020, 7:28 PM IST

തിരുവനന്തപുരം: മദ്യത്തിന്‍റെ അമിതാസക്തി ഉണ്ടെങ്കിൽ, അതിനാൽ ഒരാളുടെ ജീവന് ഭീഷണി ഉണ്ടാകുന്നുവെങ്കിൽ ഡോക്ടറുടെ കുറിപ്പടി പ്രകാരം എക്സൈസ് വിശദമായി പരിശോധിച്ച് ചെറിയ അളവിൽ മദ്യം നൽകാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി. അമിതാസക്തി ഉള്ളവരിൽ ചിലർ മദ്യം കിട്ടാത്തതിനാൽ ആത്മഹത്യ ചെയ്തെന്ന റിപ്പോ‍ർട്ടുകൾ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് വരുന്ന സാഹചര്യത്തിലാണ് തീരുമാനം. എല്ലാവർക്കും മദ്യം നൽകുന്ന പ്രശ്നമില്ലെന്നും, ഇത് പ്രായോഗികമായി എങ്ങനെ നടപ്പാക്കാമെന്ന കാര്യത്തിൽ വിശദമായ പരിശോധനയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വ്യാപക വിമർശനങ്ങളും കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ലോക്ക് ഡൗണും കണക്കിലെടുത്ത് മദ്യവിൽപന നിർത്തി വച്ച തീരുമാനം സർക്കാരിനെ പ്രതിസന്ധിയിലേക്ക് നയിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. 

ലോക്ക് ഡൗൺ നിലവിൽ വന്ന് മൂന്നാം ദിവസം കേരളത്തിൽ മൂന്ന് പേരാണ് മദ്യം കിട്ടാത്തത് മൂലമുള്ള മാനസികപ്രശ്നങ്ങളെ തുട‍ർന്ന് ആത്മഹത്യ ചെയ്തത്. ആലപ്പുഴയിൽ ക്ഷേത്രത്തിന് മുന്നിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലും മദ്യക്ഷാമം ഒരു കാരണമായെന്ന് വിലയിരുത്തലുണ്ട്. 

സംസ്ഥാന സർക്കാ‍‍ർ പ്രഖ്യാപിച്ച ലോക്ക്ഡ‍ൗണിൽ മറ്റെല്ലാ വ്യാപാരങ്ങളും നിർത്തിവച്ചിരുന്നുവെങ്കിലും മദ്യവിൽപന തടഞ്ഞിട്ടില്ലായിരുന്നു. മദ്യം വിൽപന പെട്ടെന്ന് നി‍ർത്തിയാൽ അതു ​ഗുരുതരമായ സാമൂഹ്യപ്രത്യാഘാതം സൃഷ്ടിക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനു പിന്നാലൊയണ് കേന്ദ്രസർക്കാർ രാജ്യവ്യാപക ലോക്ക് ഡൗൺ കൊണ്ടു വന്നതും ഇതേ തുട‍ർന്ന് സംസ്ഥാനത്തെ മുഴുവൻ മദ്യവിൽപനശാലകളും അടച്ചിട്ടതും.

ലോക്ക് ഡൗണിന്റെ ഭാ​ഗമായി മദ്യവിൽപന നി‍ർത്തിയതോടെ മുഖ്യമന്ത്രി പറഞ്ഞ പ്രത്യാഘാതം കേരളത്തിലും പ്രകടമായി തുടങ്ങിയിട്ടുണ്ട്. മദ്യവിൽപന നി‍ർത്തിയ ശേഷമുള്ള മൂന്ന് ദിവസത്തിൽ മൂന്ന് പേരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തത്. സ്ഥിരമായി മദ്യപിക്കുന്ന ആളുകൾക്ക് പെട്ടെന്ന് മദ്യം കിട്ടാതെ വരുമ്പോൾ ഉണ്ടാവുന്ന ആൽക്കഹോൾ വിത്ത്‍ഡ്രോവൽ സിൻഡ്രോം എന്ന മാനസികാവസ്ഥയാണ് ആത്മഹത്യകളിലേക്ക് നയിക്കുന്നതെന്ന അഭിപ്രായം ഇപ്പോൾ ഉയരുന്നുണ്ട്. 

മദ്യം ലഭിക്കാത്തതിനെ തുടർന്നുള്ള ആദ്യത്തെ ആത്മഹത്യ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് തൃശ്ശൂരിൽ നിന്നാണ്. തൃശൂർ കുന്നംകുളത്ത് കുളങ്ങര വീട്ടില്‍ സനോജാണ് ആത്മഹത്യ ചെയ്തത്. ബാറുകളും ഔട്ട്ലെറ്റുകളും അടച്ചതോടെ രണ്ടു ദിവസമായി സനോജ് ഏറെ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. 

38 വയസുള്ള സനോജിനെ ഇന്നലെ പുലർച്ചെയാണ് വീടിനടുത്ത് മരക്കൊമ്പിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം കിട്ടാത്തതിനാൽ രണ്ട് ദിവസമായി ഇയാൾ കടുത്ത അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി നാട്ടുകാരും പറയുന്നു. വീട്ടിലും പരിസരത്തുമെല്ലാം ഓടി നടക്കുകയായിരുന്നു. രണ്ട് ദിവസമായി  ഭക്ഷണവും കഴിച്ചിട്ടില്ല. പെയിന്റിംഗ്‌ തൊഴിലാളിയായ സനോജ് ദിവസത്തിൽ മൂന്ന് തവണയെങ്കിലും അടുത്തുള്ള ബാറിൽ മദ്യപിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്. 

കൊല്ലം കുണ്ടറയിലും മദ്യം ലഭിക്കാത്ത മനോവിഷമം മൂലം യുവാവ് ആത്മഹത്യ ചെയ്ത സംഭവമുണ്ടായി. കുണ്ടറ എസ്കെ ഭവനിൽ സുരേഷാണ്  തൂങ്ങി മരിച്ചത്. സ്ഥിരം മദ്യപാനിയായ ഇയാൾ രണ്ട് ദിവസമായി മാനസിക വിഭ്രാന്തിയിലായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. 

കണ്ണൂർ അഞ്ചരക്കണ്ടിയിലാണ് മറ്റൊരു യുവാവ് തൂങ്ങി മരിച്ചത്. കണ്ണാടി വെളിച്ചം സ്വദേശി വിജിൽ കെ സി ആണ് മരിച്ചത്. മദ്യം കിട്ടാത്തതിനെ തുടർന്നാണ് ഇയാളുടേയും ആത്മഹത്യ എന്നാണ് സൂചന. സ്ഥിര മദ്യപാനിയാണ് ഇയാളെന്നും നാട്ടുകാർ പറയുന്നു. 

ആലപ്പുഴ കിടങ്ങംപറമ്പ് ശ്രീഭുവനേശ്വരി ക്ഷേത്രത്തിനു സമീപം കടത്തിണ്ണയിൽ വൃദ്ധനെ മരിച്ച നിലയിൽ കണ്ടെത്തിയതാണ് ഈ നിരയിൽ ചൂണ്ടിക്കാട്ടപ്പെടുന്ന മറ്റൊരു സംഭവം. കാർത്തികപ്പള്ളി സ്വദേശി ഹരിദാസൻ ആണ് മരിച്ചത്.  മദ്യം കിട്ടാത്തത് മൂലം ഇയാൾ  അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു എന്ന് നാട്ടുകാർ പറയുന്നു. ക്ഷേത്രത്തിലെ പുള്ളുവൻ  പാട്ടുകാരനാണ് ആണ് മരിച്ച ഹരിദാസൻ.

Follow Us:
Download App:
  • android
  • ios