Asianet News MalayalamAsianet News Malayalam

അതിർത്തി കടത്താം, ചികിത്സയില്ലെന്ന് കർണാടകം, മൂന്നിൽ രണ്ട് രോഗികളും നിരാശയോടെ മടങ്ങി

ബുധനാഴ്ച അതിർത്തി കടന്ന് പോയ തസ്ലീമ, റിഷാന എന്നീ രോഗികൾക്കാണ് കർണാടകം ചികിത്സ നിഷേധിച്ചത്. ചികിത്സയോ പരിശോധനയോ പോയിട്ട്, പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യം പോലും ആശുപത്രി അധികൃതർ നൽകുന്നില്ലെന്ന് രോഗികളുടെ ബന്ധുക്കൾ പറയുന്നു. കർണാടക, കേരള മെഡിക്കൽ സംഘങ്ങളുടെ സർട്ടിഫിക്കറ്റുള്ളവർക്കാണ് ചികിത്സ നിഷേധിക്കുന്നത്.

covid 19 lockdown karnataka opens border for patients but no treatment
Author
Mangaluru, First Published Apr 8, 2020, 11:16 PM IST

മംഗളുരു: അടിയന്തരാവശ്യത്തിനുള്ള ചികിത്സയ്ക്കായി കേരളത്തിൽ അതിർത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്ന് പേരിൽ രണ്ട് രോഗികൾക്കും കർണാടകം ചികിത്സ നിഷേധിച്ചു. കാസർകോട് സ്വദേശി തസ്ലീമയ്ക്കും, പയ്യന്നൂർ മാട്ടൂലിൽ നിന്ന് പോയ റിഷാനയ്ക്കുമാണ് ദുരവസ്ഥ. ഇന്ന് മൂന്ന് പേരാണ് കേരളത്തിൽ നിന്നും കർണാടകത്തിന്‍റെയും കേരളത്തിന്‍റെയും മെഡിക്കൽ സംഘത്തിന്‍റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയത്. ഇതിൽ രണ്ട് പേരും മടങ്ങിയതോടെ ഇനിയുള്ള ദിവസങ്ങളിൽ അടിയന്തര ആവശ്യത്തിന് പോയാലും കർണാടകത്തിലെ ആശുപത്രികൾ ചികിത്സ നൽകില്ലെന്നുറപ്പായി.

അതേസമയം, ചികിത്സ നിഷേധിക്കപ്പെട്ട സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും, കർണാടക മുഖ്യമന്ത്രിയുമായി അടിയന്തരമായി സംസാരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

രാവിലെ കർണാടകത്തിന്‍റെയും കേരളത്തിന്‍റെയും മെഡിക്കൽ സംഘത്തിന്‍റെയും നൊ കൊവിഡ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് വാങ്ങി അതിർത്തി കടന്ന് ചികിത്സ തേടി പോയത് കാസർകോട് സ്വദേശിനി തസ്ലീമയാണ്. തലയ്ക്ക് സ്കാൻ ചെയ്യാനാണ് പോയത്. അവശനിലയിലായിരുന്നു അവർ. 

ഇവരെ സ്ഥിരം കാണിക്കാറുള്ള ആശുപത്രിയിലേക്ക് പോകാൻ അനുമതിയില്ലെന്ന് അതി‍ർത്തി കടന്നപ്പോഴാണ് മനസ്സിലായത്. പൊലീസ് വണ്ടി വഴി തിരിച്ച് വിട്ടു. സ്കാൻ ചെയ്യാനായി മറ്റൊരാശുപത്രിയിലേക്ക് വിട്ടു. 

''നിങ്ങളെന്തിനാ ഇങ്ങോട്ട് വന്നത്, കണ്ണൂർ ആശുപത്രിയില്ലേ? അവിടെ പോയാൽ പോരേ? ഇങ്ങോട്ട് വരുന്നതെന്തിനാണ്?'', എന്നാണ് പുതുതായി എത്തിച്ച ആശുപത്രിയിലെ അധികൃതർ ഇവരോട് ചോദിച്ചത്. ഇവിടെ ഒന്നര മണിക്കൂർ കാത്തിരുന്നെങ്കിലും ഡോക്ടർമാർ പരിശോധിക്കാൻ തയ്യാറായില്ലെന്നാണ് പരാതി.

രണ്ടാമത് പോയത് പയ്യന്നൂർ മാട്ടൂൽ സ്വദേശി റിഷാന. ഡോക്ടർമാർ ഇവരെ പരിശോധിച്ചില്ലെന്ന് മാത്രമല്ല, ആവശ്യത്തിന് പ്രാഥമികാവശ്യങ്ങൾക്കുള്ള സൗദര്യം പോലും ആശുപത്രി അധികൃതർ നൽകുന്നില്ലെന്നും ഇവരുടെ കൂടെ പോയ ബന്ധുക്കൾ പറയുന്നു.  

ചികിത്സക്കായുള്ള കർശന മാനദണ്ഡങ്ങൾ രോഗികൾക്ക് ഉപകാരപ്പെടുന്നില്ലെന്ന് പരാതി ഉയരുന്നത്. സുപ്രീം കോടതി വിധി വന്നതിന് ശേഷം ആദ്യമായാണ് കർണാടക അതിർത്തി രോഗികൾക്കായി തുറക്കുന്നത്. കോവിഡ് ബാധയില്ലെന്ന രേഖകൾക്ക് പുറമെ 10 നിബന്ധനകൾ പാലിക്കുന്ന രോഗികൾക്ക് മാത്രമാണ് മംഗളൂരുവിലേക്ക് പ്രവേശനം. ഇവർക്ക് ആവശ്യമുള്ള ചികിത്സ, കാസർകോടും കണ്ണൂരിലും ലഭ്യമല്ലെന്ന് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തണം. കൂടെ മംഗളൂരുവിൽ നേരത്തെ ചികിത്സ നടത്തിയതിന്റെ രേഖകളും ഹാജരാക്കണം. ഇതിന് ശേഷമേ കടത്തിവിടൂ.

ഈ ചട്ടങ്ങളെല്ലാം പാലിച്ച് കടത്തി വിട്ട രോഗികൾക്കാണ് ദുരവസ്ഥ. ചുരുക്കിപ്പറഞ്ഞാൽ അതിർത്തി കടത്തി വിടാം, പക്ഷേ ചികിത്സ തരില്ലെന്നതാണ് ഇപ്പോഴും കർണാടകത്തിന്‍റെ നിലപാട്. അതിർത്തി കർണാടകം മണ്ണിട്ട് അടച്ചതിനാൽ പത്ത് പേ‍ർക്കാണ് അടിയന്തര ചികിത്സ കിട്ടാതെ ജീവൻ നഷ്ടമായത്. സുപ്രീംകോടതി ഉത്തരവുണ്ടായിട്ടും പൊള്ളലേറ്റ് കൊണ്ടുവന്ന കുട്ടിയെ കടത്തിവിടാൻ പോലും ചൊവ്വാഴ്ച കർണാടകം തയ്യാറായിരുന്നില്ല. 

Follow Us:
Download App:
  • android
  • ios