Asianet News MalayalamAsianet News Malayalam

'ലോക്ക് ഡൗണിൽ തിരുവനന്തപുരത്ത് നിന്ന് കാസ‍ർകോട് വരെ പോയി മീൻ പിടിച്ചു', കടകംപള്ളി

തിരുവനന്തപുരത്തിന്‍റെ തീരദേശത്തുള്ളവർ ഇപ്പോഴും ലോക്ക് ഡൗൺ അനുസരിക്കാത്ത സ്ഥിതിയുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ കാസർകോട് വരെ പോയി മത്സ്യബന്ധനം നടത്തിയ സ്ഥിതിയുണ്ടായി. ഇവരെ എല്ലാവരെയും നിരീക്ഷണത്തിലാക്കി.

covid 19 lockdown minister kadakampally surendran against fishermen who went to kasargod for fishing
Author
Thiruvananthapuram, First Published Mar 28, 2020, 3:47 PM IST

തിരുവനന്തപുരം: ജില്ലയിലെ മത്സ്യത്തൊഴിലാളികളിൽ ഒരു വിഭാഗം ലോക്ക് ഡൗൺ വ്യവസ്ഥകൾ അനുസരിക്കുന്നില്ലെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇന്നലെ തിരുവനന്തപുരത്ത് നിന്ന് കാസ‍ർകോട് വരെ പോയി മത്സ്യബന്ധനം നടത്തി തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ കണ്ടെത്തി. പൊഴിയൂരിൽ വന്ന് മത്സ്യലേലം നടത്തുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് കഴിയുന്ന കാസർകോട്ടേക്ക് ലോക്ക് ഡൗൺ വ്യവസ്ഥകളെല്ലാം ലംഘിച്ചാണ് മത്സ്യത്തൊഴിലാളികൾ പോയത്. ഇത് അനുവദിക്കാനാകില്ലെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

കാസർകോട്ടേക്ക് മത്സ്യബന്ധനത്തിന് പോയത് 26 പേരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മത്സ്യബന്ധനം കഴിഞ്ഞു വരുന്ന തൊഴിലാളികളെ ക‍ർശനമായി നിരീക്ഷിക്കാൻ കോസ്റ്റ് ഗാർഡിന് നിർദേശം നൽകിയിട്ടുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. പൊഴിയൂരിൽ നടത്തിയ മത്സ്യലേലത്തിൽ പങ്കെടുത്ത 26 പേരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ എല്ലാ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും കമ്മ്യൂണിറ്റി കിച്ചൺ തുടങ്ങിയതായി കടകംപള്ളി വ്യക്തമാക്കി. ഇന്നലെ 7000 പേർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചു കൊടുത്തു. ജില്ലയിൽ വീടുകളിൽ 10770 പേ‍ർ നിരീക്ഷണത്തിലുണ്ട്. നിരീക്ഷണത്തിനായി 8030 സ്‌ക്വാഡുകളെയാണ് ജില്ലയിൽ നിയോഗിച്ചിട്ടുള്ളത്. നിരീക്ഷണസംവിധാനം ജില്ലയിൽ ശക്തമാണ്.  നിരീക്ഷണത്തിലുള്ളവ‍ർ പുറത്തിറങ്ങുന്നുണ്ടോ, നിരീക്ഷണസംവിധാനം ലംഘിക്കുന്നുണ്ടോ എന്നെല്ലാം ക‍ർശനമായി പരിശോധിക്കുന്നുണ്ടെന്നും കടകംപള്ളി വ്യക്തമാക്കി. 

തിരുവനന്തപുരം ജില്ലയിലടക്കം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും നിരോധാനാജ്ഞ ലംഘിക്കുന്നതും, ജനം കൂട്ടം കൂടുന്നതും കണ്ടെത്താന്‍ ഡ്രോണുകളുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. തീരദേശ മേഖലകളിലാണ് ഇത് ഉപയോഗിക്കുന്നത്. അതിനിടെ തിരുവനന്തപുരം വിമാനത്താവളത്തിലും റെയില്‍വേ സ്റ്റേഷനിലും ജോലി ചെയ്തിരുന്ന 30 പോലീസുകാര്‍ വീടുകളില്‍ നിരീക്ഷണത്തിലായി. തിരുവനന്തപുരം വിമാനത്താവളത്തിലിറങ്ങിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. 

Follow Us:
Download App:
  • android
  • ios