Asianet News MalayalamAsianet News Malayalam

തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിലുള്ളയാൾ മരിച്ചു, വന്നത് ഹൈദരാബാദിൽ നിന്ന്

ഇദ്ദേഹത്തിന്‍റെ ആന്തരികസ്രവങ്ങൾ പരിശോധനയ്ക്കായി സ്വീകരിച്ചിരുന്നതാണ്. ഇദ്ദേഹത്തിന്‍റെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അതീവജാഗ്രതയോടെ ജില്ലാ ഭരണകൂടം. 

covid 19 man under observation for covid dead due to heart attack
Author
Thiruvalla, First Published Apr 9, 2020, 9:38 PM IST

പത്തനംതിട്ട: തിരുവല്ലയിൽ കൊവിഡ് നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ മരിച്ചു. നെടുമ്പ്രം സ്വദേശി വിജയകുമാർ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൈദരാബാദിൽ നിന്ന് തിരികെ എത്തി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഹൈ റിസ്ക് ഇടമായതിനാൽ ഇദ്ദേഹത്തോട് 14 ദിവസത്തെ ക്വാറന്‍റൈൻ എന്നത് നീട്ടി 28 ദിവസമാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിരുന്നു. 

കഴിഞ്ഞ മാസം 22-ാം തീയതിയാണ് ഇദ്ദേഹം തിരികെ ഹൈദരാബാദിൽ നിന്ന് എത്തിയത്. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു ഇദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹൃദയാഘാതമുണ്ടായതിനെത്തുടർന്ന് ഇദ്ദേഹത്തെ അടിയന്തരമായി തിരുവല്ല താലൂക്കാശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. നിരീക്ഷണത്തിലുള്ള ആളാണെന്ന് അറിയിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്‍റെ ആന്തരിക സ്രവങ്ങളുടെ സാമ്പിളുകൾ ആശുപത്രി അധികൃതർ പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്.

ഇദ്ദേഹത്തിന്‍റെ മൃതദേഹം പത്തനംതിട്ട ജില്ലാ ജനറൽ ആശുപത്രിയിൽ പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങളോടെ സൂക്ഷിച്ചിരിക്കുകയാണ്. പരിശോധനാഫലങ്ങൾ വന്നതിന് ശേഷം മാത്രമേ മൃതദേഹം സംസ്കരിക്കുന്നതുൾപ്പടെയുള്ള നടപടികളിലേക്ക് നീങ്ങൂ. 

ഇദ്ദേഹത്തിന്‍റെ അടുത്ത കുടുംബാംഗങ്ങൾ എല്ലാം ഹൈദരാബാദിലാണ് ഉള്ളത്. ഇവർക്കാർക്കും നിലവിൽ കൊവിഡ് ലക്ഷണങ്ങളില്ല. ഇദ്ദേഹത്തിനും ഉണ്ടായിരുന്നില്ലെന്നാണ് ഇവിടെയുള്ള ബന്ധുക്കൾ അറിയിക്കുന്നത്. എങ്കിലും സുരക്ഷ ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായി, മൃതദേഹം ആരോഗ്യപ്രവർത്തകർ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളോടെ സൂക്ഷിച്ച ശേഷം ഫലം വന്ന ശേഷമേ സംസ്കരിക്കാനായി വിട്ടുനൽകൂ. 

Follow Us:
Download App:
  • android
  • ios