Asianet News MalayalamAsianet News Malayalam

കൊവിഡ് നിരീക്ഷണത്തിലിരിക്കവേ കണ്ണൂരിൽ ഒരാൾ കുഴഞ്ഞു വീണുമരിച്ചു, മരണകാരണമറിയാൻ ശ്രവ പരിശോധന

ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിലായിരുന്നു ഇയാൾ. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നറിയാൻ ശ്രവപരിശോധന നടത്തുന്നുണ്ട്

covid 19 one death from kannur while corona observation
Author
Kannur, First Published Mar 29, 2020, 8:39 AM IST

കണ്ണൂർ: വിദേശത്തുനിന്നെത്തി കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുകയായിരുന്ന 65 കാരൻ കണ്ണൂരിൽ കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചേലേരി സ്വദേശിയാണ് ഇന്നലെ രാത്രി കുഴഞ്ഞു വീണു മരിച്ചത്. ഈ മാസം 21 ന് ഷാർജയിൽ നിന്നെത്തിയ ശേഷം വീട്ടിൽ നിരീക്ഷണത്തിൽ കഴിയവേയാണ് മരണം. കൊവിഡ് രോഗലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഒറ്റയ്ക്ക് ഒരു വീട്ടിൽ നിരീക്ഷണത്തിൽ താമസിക്കുകയായിരുന്നു.

സംസ്ഥാനത്ത് ഇന്നലെ ആദ്യ കൊവിഡ് മരണം നടന്ന വാർത്ത് അറിഞ്ഞ് ഇയാൾ അസ്വസ്ഥനായിരുന്നുവെന്നാണ് വിവരം. ഇതേത്തുടർന്ന് ആരോഗ്യപ്രവർത്തകർ കൌൺസിലിംഗ് അടക്കം ഇദ്ദേഹത്തിന് നൽകിയിരുന്നു. രാത്രി ഭക്ഷണവുമായി എത്തിയപ്പോഴാണ് നിലത്ത് വീണുകിടക്കുന്നത് കണ്ടത്. കൊവിഡ് രോഗം കൊണ്ടാണോ മരണം എന്നത് വ്യക്തമല്ല. ഇക്കാര്യത്തിൽ വ്യക്തതയ്ക്കായി ശ്രവപരിശോധന നടത്തുന്നുണ്ട്.  മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇയാൾക്ക് രക്തസമ്മർദ്ദം ഹൃദ് രോഗമടക്കമുണ്ടായിരുന്നു.  

കേരളത്തിൽ ഇന്നലെ ആദ്യ കൊവിഡ് മരണം സ്ഥിരീകരിച്ചതിനെതുടർന്ന് ജാഗ്രത വർദ്ധിപ്പിട്ടിട്ടുണ്ട്. കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന മ‍ട്ടാഞ്ചേരി സ്വദേശിയായ 69 കാരനാണ് മരിച്ചത്.  മാർച്ച് 16ന് ദുബായിൽ നിന്ന് നാട്ടിൽ തിരിച്ചെത്തിയ ഇയാൾക്ക് മാർച്ച് 22നാണ് രോഗം സ്ഥിരീകരിച്ചത്.

അതിനിടെ കർണാടക ചികിത്സ നിഷേധിച്ച രോഗി മരിച്ചു. കേരള അതിർത്തിയായ ഉദ്യോവറിൽ മകൾക്ക് ഒപ്പം താമസിക്കുകയായിരുന്ന കർണാടക ബണ്ട്വാൾ സ്വദേശി പാത്തുഞ്ഞിയാണ് മരിച്ചത്. ഇന്നലെ അത്യാസന്ന നിലയിൽ ആംബുലൻസിൽ മംഗലാപുരം ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോൾ ദേശീയപാതയിൽ കർണാടക പോലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.

Follow Us:
Download App:
  • android
  • ios