Asianet News MalayalamAsianet News Malayalam

കൊവിഡ് മറവിൽ ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറച്ച് സ്വകാര്യ ആശുപത്രികൾ

കൊവിഡ് 19-ന്‍റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ കർശന നിർദ്ദേശം. പക്ഷെ സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിർദ്ദേശത്തിന് നൽകുന്നത് പുല്ലുവില. 

covid 19 private hospitals in kerala cut off the salaries of doctors and nurses
Author
Thiruvananthapuram, First Published Apr 3, 2020, 4:09 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പേരിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ശമ്പളം വ്യാപകമായി വെട്ടിക്കുറച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മാനേജ്മെന്‍റുകൾ. പകുതി ശമ്പളം മാത്രമേ നൽകാനാകൂ എന്ന് കാണിച്ച് മാനേജ്മെന്‍റുകൾ സർക്കുലർ ഇറക്കി. ശമ്പളം പിടിക്കുന്നതിനെതിരെ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് ജീവനക്കാരുടെ സംഘടനകൾ. 

കൊവിഡ് 19-ന്‍റെ പേരിൽ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറയ്ക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്‍റെ കർശന നിർദ്ദേശം. പക്ഷെ സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ആശുപത്രികളും സർക്കാർ നിർദ്ദേശത്തിന് നൽകുന്നത് പുല്ലുവിലയാണ്. 

പല ആശുപത്രികളിലെയും ഡോക്ടർമാരുടെയും നഴ്സുമാരുടെയും 75 മുതൽ 50% ശതമാനം വരെ ശമ്പളമാണ് പിടിക്കുന്നത്. ബാക്കി തുക ഘട്ടം ഘട്ടമായി നൽകുമെന്നാണ് അറിയിപ്പ്. ഇത് സംബന്ധിച്ച സർക്കുലർ ആശുപത്രികൾ ജീവനക്കാർക്ക് നൽകി. 

അലവൻസുകളും ശമ്പളവർധനവും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഇനിയൊരു അറിയിപ്പ് ഉണ്ടാകും വരെ നിർത്തലാക്കിയെന്നും മാനേജ്മെന്‍റുകൾ അറിയിക്കുന്നു. അങ്കമാലി ലിറ്റിൽ ഫ്ലവർ, തിരുവല്ല ബിലീവേഴ്സ് ചർച്ച് അടക്കമുള്ള വൻകിട ആശുപത്രികൾ ഇത്തരത്തിൽ സർക്കുല‌ർ ഇറക്കിയിട്ടുണ്ട്.

മാർച്ച് മാസം ആശുപത്രികളിൽ രോഗികൾ എത്തിയിട്ടില്ലെന്നാണ് ശമ്പളം പിടിക്കുന്നതിന്  മാനേജ്മെന്‍റുകൾ പറയുന്ന ന്യായം.

''ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് ഡോക്ടർമാരുടെ ശമ്പളം വെട്ടിക്കുറച്ച റിലീസാണ്. നഴ‍്സുമാരുടെ ശമ്പളം ഉടൻ വെട്ടിക്കുറയ്ക്കുന്നുണ്ട്'', എന്നാണ് ബിലീവേഴ്സ് ചർച്ച് ആശുപത്രിയുടെ പ്രതിനിധി ഫാ.  ഷിജോ ഇതേക്കുറിച്ച് അന്വേഷിച്ചപ്പോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്.

വൈറസ് പ്രതിരോധ സംവിധാനങ്ങൾ ഒരുക്കുന്നതിന് ഭീമമായ ചെലവുണ്ടായെന്നാണ് മാനേജ്മെന്റുകൾ ഉന്നയിക്കുന്ന മറ്റൊരു വാദം. ശമ്പളം പിടിക്കുന്നതിനെതിരെ ജീവനക്കാരുടെ ഇടയിൽ വ്യാപക പ്രതിഷേധമുണ്ട്

സ്വകാര്യ ആശുപത്രികൾക്കും സർക്കാർ സഹായം വേണമെന്നാണ് മാനേജ്മെന്‍റ് അസോസിയേഷനടക്കം ആവശ്യപ്പെടുന്നത്. ഇത് ഉയർത്തിക്കാട്ടി അസോസിയേഷൻ മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. വൈദ്യുതി നിരക്കിൽ അടക്കം ഇളവ് വേണമെന്നാണ് ആവശ്യം. അപ്പോഴും ആദ്യം പ്രതിസന്ധി തീരട്ടെ, എന്നിട്ടാകാം ശമ്പളമെന്നാണ് മാനേജ്മെന്റുകൾ ജീവനക്കാരോട് പറയുന്നത്. 

Follow Us:
Download App:
  • android
  • ios