Asianet News MalayalamAsianet News Malayalam

ടെലി മെഡിസിൻ പദ്ധതിയും വിവാദക്കുരുക്കിൽ; ക്വിക്ക് ഡോക്ടർ തട്ടിപ്പ് കമ്പനിയെന്ന് വി ഡി സതീശൻ

പ്രവാസികൾക്ക് അടക്കം ടെലിമെഡിസിൻ സേവനം നൽകാനായി സർക്കാർ നിയോഗിച്ച ക്വിക്ക് ഡോക്ടർ എന്ന കമ്പനിയുടെ ഡയറക്ടർമാരിൽ ഒരാൾ ഓട്ടോ ഡ്രൈവറും ഒരാൾ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്നാണ് വി ഡി സതീശൻ ആരോപിക്കുന്നത്. സ്പ്രിംക്ളറിന്‍റെ ബിനാമി കമ്പനിയാണോ ഇതെന്ന് അന്വേഷിക്കണമെന്നും സതീശൻ.

covid 19 tele medicine project of kerala government under fire opposition alleges quick dr company is fraud
Author
Kochi, First Published Apr 20, 2020, 1:08 PM IST

തിരുവനന്തപുരം: ജനങ്ങൾക്ക് ടെലിമെഡിസിൻ സേവനം ഉറപ്പാക്കാനായി സർക്കാർ നിയോഗിച്ച ക്വിക്ക് ഡോക്ടർ എന്ന കമ്പനിയെയും സംശയത്തിന്‍റെ നിഴലിലാക്കി പ്രതിപക്ഷത്തിന്‍റെ പുതിയ ആരോപണം. ക്വിക്ക് ഡോക്ടർ തട്ടിപ്പ് കമ്പനിയാണെന്നാണ് വി ഡി സതീശൻ എംഎൽഎ ആരോപിക്കുന്നത്. ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർത്താനുള്ള പദ്ധതിയാണിത്. ഇത് സ്പ്രിക്ളറിന്‍റെ ബിനാമി കമ്പനിയാണോ എന്ന് അന്വേഷിക്കണമെന്ന് വി ഡി സതീശൻ ആരോപിക്കുന്നു. 

പദ്ധതി പ്രഖ്യാപിക്കുമ്പോൾ സ്വന്തമായി ഒരു വെബ്സൈറ്റ് പോലുമില്ലാതിരുന്ന കമ്പനിയാണ് ക്വിക്ക് ഡോക്ടർ. ഇതിന്‍റെ ഡയറക്ടർമാർ ആകെ രണ്ട് പേരാണ്. കേന്ദ്രമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പരിശോധിച്ചാൽ ഈ ഡയറക്ടർമാരുടെ പേര് ലഭിക്കും. ഇതിലൊരാൾ ഓട്ടോ ഡ്രൈവറും മറ്റൊരാൾ ചങ്ങനാശ്ശേരിയിലെ ലോഡ്ജ് നടത്തിപ്പുകാരനുമാണെന്നാണ് പ്രതിപക്ഷ ആരോപണം.

എന്ത് അടിസ്ഥാനത്തിലാണ് സർക്കാർ ഈ കമ്പനിയുമായി കരാറിലേർപ്പെട്ടതെന്നും, ആ കരാർ വിവരങ്ങൾ പുറത്തുവിടണമെന്നും വി ഡി സതീശൻ ആവശ്യപ്പെടുന്നു. ഇതിനായി ഡോക്ടർമാരുടെ സേവനം വിട്ടു നൽകിയത് ഐഎംഎയാണ്. ഐഎംഎയ്ക്ക് പക്ഷേ ഈ കരാറിന്‍റെ വിവരങ്ങളെക്കുറിച്ച് ഒന്നുമറിയില്ല. ഇത് സർക്കാർ പദ്ധതിയെന്ന് വിശ്വസിച്ചാണ് ജനങ്ങൾ വിളിക്കുന്നത്. ആ വിവരങ്ങൾ സർക്കാർ സ്വകാര്യകമ്പനിക്ക് നൽകിയെന്നും സതീശൻ. 

എന്താണ് പ്രതിപക്ഷ ആരോപണം? 

മിനിസ്ട്രി ഓഫ് കൊമേഴ്സ് വെബ്സൈറ്റ് പരിശോധിച്ചാൽ തിരുവനന്തപുരത്ത് താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ലാലൻ വർഗീസും, അങ്കമാലിയിലെ സണ്ണി സി എയുമാണ് ഈ കമ്പനിയുടെ ഡയറക്ടർമാർ. ഇവരുടെ പേരും വിവരങ്ങളും പരിശോധിച്ചാൽ അവർക്ക് വേറെ ബിസിനസ്സുകളൊന്നുമില്ല. അവരുടെ വിവരങ്ങൾ വെബ്സൈറ്റ് പ്രകാരം ഇങ്ങനെയാണ്:

Quikdr directors:

1. സണ്ണി സി എ
S/O
സി ഡി ആന്റണി,
ചക്യത്ത് ഹൗസ്,
എളവൂർ പാറക്കടവ്,
അങ്കമാലി. 
(ഇദ്ദേഹം ഓട്ടോ ഡ്രൈവർ ആണെന്ന് പ്രതിപക്ഷം) 

******

2.ലാലൻ വർഗീസ്,
തിരുവനന്തപുരം,
(തമ്പാനൂർ എം ജി എം ലോഡ്ജ് പ്രൊപ്രെറ്റർ ആണിദ്ദേഹം എന്ന് പ്രതിപക്ഷം)
(ഇദ്ദേഹം ചങ്ങനാശ്ശരി തേവലക്കര ചെത്തിപ്പുഴ സ്വദേശിയാണ്)

ഐഎംഎയുമായി സഹകരിച്ച് ആദ്യം ഈ തട്ടിപ്പ് കമ്പനി ജനങ്ങളുടെ ആരോഗ്യവിവരങ്ങൾ ചോർത്താൻ ശ്രമിച്ചുവെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. കമ്പനിയുടെ പ്രവർത്തനത്തിൽ സംശയം തോന്നിയ ഐഎംഎ ഇവരുമായി സഹകരിക്കുന്നതിൽ നിന്ന് പിൻമാറുകയാണെന്നും വി ഡി സതീശൻ പറയുന്നു.

Quick Dr Health Care Private Ltd, എന്ന കമ്പനിയുടെ പ്രവർത്തനം അടിമുടി ദുരൂഹമാണെന്നാണ് പ്രതിപക്ഷം പറയുന്നത്. ഏപ്രിൽ 1-നാണ് ക്വിക്ക് ഡോക്ടർ വഴി ടെലിമെഡിസിൻ സേവനം വിദേശരാജ്യങ്ങളിൽ കുടുങ്ങിപ്പോയ പ്രവാസികൾക്ക് അടക്കം നൽകാമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. ഇത് സംബന്ധിച്ച് ഒരു വീഡിയോയും മുഖ്യമന്ത്രി സ്വന്തം ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ കമ്പനി വെബ്സൈറ്റ് (www.quikhealthcare.com) റജിസ്റ്റർ ചെയ്തിരിക്കുന്നത് ഏപ്രിൽ 7-നാണെന്നും, ഇതിന് തെളിവുകളുണ്ടെന്നും സതീശൻ പറയുന്നു.

''ഈ പദ്ധതിപ്രകാരം ഒരു നമ്പറിലേക്ക് വിളിക്കുമ്പോൾ അവരുടെ സംഭാഷണം മുഴുവൻ റെക്കോഡ് ചെയ്യപ്പെടുന്നു. ഡോക്ടർമാർ ഇവരോട് സംസാരിച്ച് ശേഖരിക്കുന്ന വിവരങ്ങൾ അവരുടെ സെർവറിൽ എത്തുകയും ചെയ്യുന്നു. 

സ്പ്രിംക്ളർ കമ്പനിയുടെ ബിനാമിയാണോ എന്ന് സംശയിക്കുന്നുവെന്നാണ് വി ഡി സതീശന്‍റെ ആരോപണം. ഇത് ജനങ്ങളുടെ സ്വകാര്യ ആരോഗ്യവിവരങ്ങൾ ചോർത്താനുള്ള മറ്റൊരു നീക്കമാണ്. ഈ സേവനം നടപ്പാക്കാൻ നിരവധി സ്റ്റാർട്ടപ്പുകൾ സർക്കാരിനെ സമീപിച്ചിരുന്നു. അതെല്ലാം തഴഞ്ഞുകൊണ്ടാണ് നിലവിൽ ഈ കമ്പനിക്ക് സർക്കാർ സേവനം നടത്താൻ അനുമതി നൽകിയത്. ഈ രംഗത്ത് മുൻ പരിചയമോ, വൈദഗ്ധ്യമോ ഈ കമ്പനിക്ക് ഇല്ല. എന്നിട്ടും അനുമതി നൽകിയത് എന്തിന്‍റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും സതീശൻ ആവശ്യപ്പെടുന്നു.

Follow Us:
Download App:
  • android
  • ios