തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കൊവിഡ് 19 വ്യാപനത്തിന്‍റെ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മുൻനിര്‍ത്തിയാണ് ക്ഷേമ പെൻഷൻ നൽകുന്നത്. ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലെ പെൻഷൻ തുക ലഭ്യമാക്കാനാണ് സര്‍ക്കാര്‍ തുക അനുവദിച്ചത്.  ബാക്കി തുക വിഷുവിന് മുമ്പ് നൽകുമെന്നും ധനമന്ത്രി അറിയിച്ചിരുന്നു. 

സംസ്ഥാനത്തെ 55 ലക്ഷം ഗുണഭോക്തക്കൾക്കാണ് 2400 രൂപ വീതം പെൻഷൻ നൽകുന്നത്. അക്കൗണ്ട് ഉള്ളവര്‍ക്ക് അത് വഴിയും ബാക്കിയുള്ളവര്‍ക്ക് വീട്ടിലെത്തിച്ച് നൽകാനുമാണ് ക്രമീകരണം.

കൊവിഡ് സുരക്ഷ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചാണ് പെൻഷൻ വിതരണത്തിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. 1564സഹകരണ സംഘങ്ങൾ ഇതിന് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് അത് വഴിയും ഇല്ലാത്തവര്‍ത്ത് പെൻഷൻ തുക വീട്ടിലെത്തിക്കാനും ആണ് നടപടി. മാര്‍ച്ച് 31 ന് മുമ്പ് വിതരണം പൂര്‍ത്തിയാക്കണെമെന്നാണ് ധനവകുപ്പ് നിര്‍ദ്ദേശം. 

കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവരുണ്ടെങ്കിൽ അവരുമായി കൂടി ചര്‍ച്ച ചെയ്ത് പരാതികളില്ലാത്ത വിധം വിതരണം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.