Asianet News MalayalamAsianet News Malayalam

രാജ്യത്ത് കൊവിഡ് വാക്സീന്‍ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവ്; തെറ്റായ പ്രചാരണമടക്കമുള്ളവ കാരണം

വാക്സീനെടുത്ത് പനി പിടിച്ച് കിടന്നാൽ വീട്ടിൽ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയിൽ വാക്സീനെടുക്കാൻ കഴിഞ്ഞില്ല, ഗ്രാമത്തിലെ വീടിനടുത്ത് വാക്സിനേഷൻ സെൻറർ ഇല്ല, കൈയ്യിൽ സ്മാർട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സീൻ എടുക്കാത്തതിന് സ്ത്രീകൾക്ക് പറയാനുള്ളത്. 

covid fewer women are vaccinated in the country
Author
delhi, First Published Jul 30, 2021, 7:27 AM IST

ദില്ലി: രാജ്യത്ത് വാക്സീന്‍ സ്വീകരിക്കുന്നവരില്‍ സ്ത്രീകളുടെ എണ്ണം കുറവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയിരം പുരുഷന്മാർ വാക്സീനെടുക്കുമ്പോള്‍ 854 സ്ത്രീകൾക്ക് മാത്രമേ വാക്സീനെടുക്കാന്‍ കഴിയുന്നുള്ളൂവെന്നാണ് വാക്സിനേഷന്‍ നിരക്ക് വ്യക്തമാക്കുന്നത്. വാക്സിനേഷനെ കുറിച്ചുള്ള തെറ്റായ പ്രചാരണമടക്കം സ്ത്രീകളെ പിന്നോട്ടടിക്കുന്നുവെന്നാണ് വിലയിരുത്തൽ.

വാക്സീനെടുത്ത് പനി പിടിച്ച് കിടന്നാൽ വീട്ടിൽ ആര് ഭക്ഷണമുണ്ടാക്കും, ജോലി തരിക്കിനിടയിൽ വാക്സീനെടുക്കാൻ കഴിഞ്ഞില്ല, ഗ്രാമത്തിലെ വീടിനടുത്ത് വാക്സിനേഷൻ സെൻറർ ഇല്ല, കൈയ്യിൽ സ്മാർട്ട് ഫോണില്ല ഇങ്ങനെ തുടങ്ങി നിരവധി കാരണങ്ങളാണ് വാക്സീൻ എടുക്കാത്തതിന് സ്ത്രീകൾക്ക് പറയാനുള്ളത്. ഒപ്പം ആർത്തവ ദിവസങ്ങളിൽ വാക്സീൻ സ്വീകരിക്കരുത്, ഗര്‍ഭം ധരിക്കാന്‍ ഒരുങ്ങുന്ന സ്ത്രീകൾ വാക്സീനെടുക്കരുത് തുടങ്ങിയ തെറ്റായ പ്രചാരണങ്ങൾ വിശ്വസിച്ചവർ വേറെയും. സമൂഹത്തിൽ സ്ത്രീകൾ ഇന്നോളമനുഭവിച്ച പ്രയാസങ്ങളുടെ ബാക്കിയാണ് ഈ അന്തരവുമെന്ന് സാമൂഹ്യപ്രവർത്തക കവിത കൃഷ്ണൻ പറഞ്ഞു. മറ്റെല്ലാ മേഖലയിലും സ്ത്രീകൾക്കുള്ള പരിമിതകൾ തന്നെയാണ് വാക്സിനേഷനിലെ ഈ അന്തരത്തിനും ഇടയാക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കൊവിൻ ആപ്പിൽ നൽകിയ കണക്ക് പ്രകാരം രാജ്യത്താകെയുള്ള സ്ത്രീകളിൽ ഇരുപത്തി മൂന്ന് ശതമാനമാണ് ഇതുവരെ വാക്സീൻ സ്വീകരിച്ചത്. ആകെ പുരുഷന്മാരുടെ 25 ശതമാനത്തിന് വാക്സീൻ ലഭിച്ചു കഴിഞ്ഞു. കേരളം, ആന്ധ്ര, ഛത്തീസ്ഗഡ് ഹിമാചൽ എന്നീ സംസ്ഥാനങ്ങളിലൊഴികെ മറ്റെല്ലായിടത്തും വാക്സീൻ സ്വീകരിച്ച പുരഷന്മാരെക്കാൾ കുറവാണ്സ്ത്രീകളുടെ എണ്ണം. രാജ്യത്ത് പോഷകാഹാരക്കുറവും അതുമൂലമുണ്ടാകുന്ന പ്രതിരോധ ശേഷിക്കുറവും ഏറ്റവും കൂടുതൽ കാണുന്നത് സ്ത്രീകളിലാണെന്നിരിക്കെ വാക്സീനേഷിലെ ഈ അന്തരം ഇല്ലാതാക്കാന്‍ കാര്യക്ഷമമായ ഇടപെടലുകൾ ആവശ്യമാണ്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios