Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയുള്ള ആശുപത്രിയിലെ നഴ്സിനെയും ജീവനക്കാരെയും പുറത്താക്കി; സംഭവം പാലക്കാട്ടെ ഹോസ്റ്റലിൽ

താലൂക്ക് ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ ജീവനക്കാരോട് താമസം മാറാൻ വാർഡൻ ആവശ്യപ്പെട്ടത്.

covid hospital staff including expelled from hostel in ottapalam
Author
Palakkad, First Published Mar 28, 2020, 7:19 PM IST

പാലക്കാട്: കൊവിഡ് 19 രോ​ഗം സ്ഥിരീകരിച്ച ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ നഴ്സ് ഉൾപ്പെടെയുളള നാല് ജീവനക്കാരെ ഹോസ്റ്റലിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയതായി പരാതി. ഒറ്റപ്പാലത്തെ സ്വകാര്യ വനിത ഹോസ്റ്റലിൽ നിന്നാണ് നാല് പേരെ പുറത്താക്കിയത്. എന്നാൽ ലോക്ക് ഡൗണിന്റെ ഭാഗമായി ഹോസ്റ്റൽ അടച്ചിടുന്നതിനാലാണ് വേറെ താമസ സ്ഥലം അന്വേഷിക്കാൻ പറഞ്ഞതെന്നാണ് വാർഡന്റെ വിശദീകരണം.

താലൂക്ക് ആശുപത്രിയിലെ കൊവിഡ് സ്ഥിരീകരണം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ആശുപത്രിയിലെ ജീവനക്കാരോട് താമസം മാറാൻ വാർഡൻ ആവശ്യപ്പെട്ടത്. ആശുപത്രിയിൽ അവശ്യസേവനത്തിലുളളവരെന്ന് പറഞ്ഞിട്ടും താമസം മാറാനാണ് വാർഡൻ ആവശ്യപ്പെട്ടത്. താലൂക്ക് ആശുപത്രിയിലെ നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരുൾപ്പെടെ നാല് പേരോട് ബുധനാഴ്ചയാണ് ഇവ‍‍ർ താമസിക്കുന്ന സ്വകാര്യ ഹോസ്റ്റലിൽ നിന്ന് മാറാൻ നിർദ്ദേശം നൽകിയത്. ഹോസ്റ്റൽ അടച്ചുപൂട്ടാൻ പോകുന്നുവെന്നും ഇവരോട് പറഞ്ഞു. 

ഹോസ്റ്റൽ പൂട്ടുകയാണെന്ന് കാരണം പറഞ്ഞാണ് ഇവരെ പുറത്താക്കിയത്. എന്നാൽ, ഇവരെ ഇറക്കിവിട്ട ശേഷം ഇപ്പോഴും ഹോസ്റ്റലിൽ അന്തേവാസികളെ താമസിപ്പിക്കുന്നുണ്ടെന്നും പരാതിയുണ്ട്. ഒടുവിൽ അയൽ ജില്ലക്കാരായ നാല് പേരെയും ആശുപത്രി അധികൃതരും നഗരസഭയും ചേർന്ന് ഇവരെ ഒറ്റപ്പാലം പിഡബ്യുഡി അതിഥി മന്ദിരത്തിലാണ് താത്ക്കാലികമായി താമസിപ്പിച്ചിരിക്കുന്നത്. താമസ സ്ഥലത്തെ ഈ വിവേചനത്തിനെതിരെ നാല് പേരും ആരോഗ്യമന്ത്രിക്ക് പരാതി നൽകി. 

എന്നാൽ, ലോക്ക് ഡൗൺ നിർദ്ദേശം പാലിക്കാൻ ഹോസ്റ്റൽ അടച്ചിടുകയായിരുന്നെന്നാണ് വാ‍ർഡന്റെ വിശദീകരണം. നിലവിൽ ഇവിടെ താമസിക്കുന്ന മറ്റ് ജീവനക്കാർക്ക് പോകാൻ ഇടമില്ലാത്ത അവസ്ഥയാണെന്നും ആശുപത്രി ജീവനക്കാരെ ഇറക്കിവിട്ടില്ലെന്നും വാർഡൻ വിശദീകരിക്കുന്നു.

Follow Us:
Download App:
  • android
  • ios