Asianet News MalayalamAsianet News Malayalam

'ഈ ലോകത്ത് ജനിക്കാൻ പാടില്ലായിരുന്നു'; ജാതി വിവേചനം, സിപിഎം പഞ്ചായത്തംഗം രാജിവച്ചു

സഹ പഞ്ചായത്തംഗങ്ങള്‍ ജാതി പരമായി അധിക്ഷേപിച്ചെന്നും പാർട്ടിയുടെ നേതാവ് വിഷയത്തില്‍ തള്ളി പറഞ്ഞതിന്‍റെയും ഭാഗമായിട്ടാണ് രാജിയെന്ന് അരുൺ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

cpm member resigned over cast discrimination in koodaranji pachayath
Author
Kozhikode, First Published Feb 3, 2020, 4:48 PM IST

കോഴിക്കോട്: ജാതി വിവേചനത്തെ തുടർന്ന് കോഴിക്കോട് കൂടരഞ്ഞിയിൽ സിപിഎമ്മിന്‍റെ പഞ്ചായത്തംഗം രാജിവെച്ചു. കെ എസ് അരുൺകുമാറാണ് രാജിവെച്ചത്. ദളിത് വിഭാഗക്കാരനാണ് കെ എസ് അരുൺ കുമാര്‍. സഹ പഞ്ചായത്തംഗങ്ങള്‍ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് രാജിയെന്ന് അരുൺ കുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

വിഷയത്തിൽ പഞ്ചായത്ത്​ സെക്രട്ടറിക്കും പാർട്ടിക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാഞ്ഞതിൽ മനംനൊന്താണ്​ രാജിയെന്ന്​ അരുൺകുമാർ ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസം 27ന്​ നടത്തിയ ഭരണസമിതി യോഗത്തിൽ ഒരംഗം തന്നെ ജാതിപരമായി അധിക്ഷേപിച്ചെന്നാണ്​ അരുൺകുമാറി​​​​​​ന്‍റെ പരാതി. പാർട്ടിക്കും പഞ്ചായത്ത്​ സെക്രട്ടറിക്കും പരാതി നൽകിയെങ്കിലും നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച്​ തിങ്കളാഴ്​ച വായ്​മൂടി കെട്ടി ബാനറും പിടിച്ചാണ്​ അരുൺകുമാർ ഭരണസമിതി യോഗത്തിനെത്തിയത്​. തുടർന്ന്​ രാജി സമർപ്പിക്കുകയായിരുന്നു. ത​​​​​​ന്‍റെ പ്രവൃത്തിയിൽ വോട്ടർമാർ ക്ഷമിക്കണമെന്ന് അഭ്യർത്ഥിച്ച്​ അരുൺകുമാർ ഫേസ്​ബുക്കിൽ​ പോസ്റ്റിട്ടു.   

കെ എസ് അരുൺ കുമാറിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം:

വോട്ടർമാർ ക്ഷമിക്കണം 

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തത് കൊണ്ടാണ്... സഹ മെമ്പർ  ജാതി പരമായി അധിക്ഷേപിച്ചതിന്‍റെയും സ്വന്തം പാർട്ടിയുടെ നേതാവ് മേൽവിഷയത്തിൽ തള്ളി പറഞ്ഞതിന്റെയും ഭാഗമായി ഞാൻ മെമ്പർ സ്ഥാനത്തു നിന്നും രാജി വെക്കുകയാണ് എന്ന് അറിയിച്ചു ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകി... 

മാനസികമായി ഉൾക്കൊണ്ട്‌ പോകാൻ കഴിയാത്തതു കൊണ്ടാണ്...  ദയവു ചെയ്തു ക്ഷമിക്കണം 

"ഈ ലോകത്ത് ഞാൻ ജനിക്കാൻ പോലും പാടില്ലായിരുന്നു "

Follow Us:
Download App:
  • android
  • ios