Asianet News MalayalamAsianet News Malayalam

മാതാപിതാക്കളുടെ ചിതക്ക് തീ കൊളുത്തി മാധവ്; വേദനയിൽ വിതുമ്പി കരഞ്ഞ് നാട്

രഞ്ജിത്തിന്‍റെയും ഇന്ദു ലക്ഷ്മിയുടെയും ചിതക്ക് മകൻ മാധവ് തീ കൊളുത്തി. അവരെ അവസാന നോക്ക് കാണാൻ വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവനെത്തി. 

cremation of praveen and  ranjiths family dead at nepal in hometown
Author
Kozhikode, First Published Jan 24, 2020, 7:33 PM IST

കോഴിക്കോട്: നേപ്പാളിലെ ദമനില്‍ റിസോര്‍ട്ട് മുറിയില്‍ മരിച്ച എട്ട് മലയാളികളികള്‍ക്കും ജന്മനാട് വിടചൊല്ലി. കുന്ദമംഗലത്തെ രഞ്ജിത്തിന്‍റെ തറവാട് വീട്ടില്‍ വൈകിട്ട് ആറരയോടെയാണ് രഞ്ജിത് കുമാറിന്‍റെയും ഭാര്യ ഇന്ദുലക്ഷ്മിയുടെയും മകന്‍ വൈഷ്ണവിന്‍റെയും മൃതദേഹങ്ങള്‍ സംസ്കരിച്ചത്. രഞ്ജിത്തിന്‍റെയും ഇന്ദു ലക്ഷ്മിയുടെയും ചിതക്ക് മകൻ മാധവ് തീ കൊളുത്തി. ഇന്ന് ഉച്ചയോടെയാണ് ഇവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. മൊകവൂരിലെ വീട്ടിലും തറവാട് വീട്ടിലുമായി അവരെ അവസാന നോക്ക് കാണാൻ വിങ്ങിപ്പൊട്ടി ഒരു നാട് മുഴുവനെത്തി. 

തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീണ്‍, ഭാര്യ ശരണ്യ, മക്കളായ ശ്രീഭദ്ര, ആര്‍ച്ച, അഭിനവ് എന്നിവരുടെ മൃതദേഹങ്ങള്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഉച്ചയോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. നേപ്പാൾ യാത്രകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തേണ്ടിയിരുന്ന ദിവസമാണ് അഞ്ച് പേരും ചേതനയറ്റ ശരീരങ്ങളായി തിരികെ നാട്ടിലെത്തിയത്. അഞ്ച് ആംബുലൻസുകളിലായി അവർ ഓരോരുത്തരുമെത്തുമ്പോൾ അടക്കിപ്പിടിച്ച വേദനകൾ അലമുറകളായി. ഒന്നരമണിക്കൂര്‍ നീണ്ട പൊതുദര്‍ശനം. മന്ത്രി കെ രാജു, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മേയര്‍ കെ ശ്രീകുമാര്‍ അടക്കം നിരവധി പേര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. 

ഒമ്പത് വയസുകാരിയായ ശ്രീഭദ്രയ്ക്കും ഏഴുവയസുകാരിയായ ആർച്ചയ്ക്കും നാല് വയസ്സുകാരനായ അഭിനവിനും അന്ത്യകർമ്മങ്ങളില്ലാതെ ഒരേ കുഴിമാടത്തിൽ അന്ത്യവിശ്രമമൊരുക്കി. അവർക്ക് കാവൽ പോലെ കുഴിമാടത്തിന് ഇരുവശത്തുമായി അച്ഛൻ പ്രവീണിന്റേയും അമ്മ ശരണ്യയുടേയും ചിതയൊരുക്കി. ശരണ്യയുടെ സഹോദരിയുടെ മകൻ ആരവ് എന്ന മൂന്ന് വയസുകാരനാണ് സംസ്കാര ക്രിയകൾ ചെയ്തത്.

Also Read: ഇനിയില്ല, കണ്ണീരോർമ മാത്രം: പ്രവീണിനും കുടുംബത്തിനും വിങ്ങിപ്പൊട്ടി വിട നൽകി വീടും നാടും

Follow Us:
Download App:
  • android
  • ios