തിരുവനന്തപുരം: മൺസൂൺകാല ട്രോളിങ്ങ് നിരോധനത്തിന് ഇളവ് വേണമെന്ന അവശ്യം ശക്തമാകുന്നു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഏർപ്പെടുത്തിയിരിക്കുന്ന ലോക്ക്ഡൗൺ മത്സ്യബന്ധനമേഖലക്ക് കടുത്ത വെല്ലുവിളിയായ സാഹചര്യം കണക്കെലെടുത്താണ് ഈ ആവശ്യം ഉന്നയിക്കുന്നത്.

കേരളം ഉള്‍പ്പെടുന്ന പടിഞ്ഞാറൻ മേഖയില്‍ ജൂൺ ഒന്നിന് തുടങ്ങി ജൂലൈ മുപ്പത്തിഒന്നിന് അവസാനിക്കുന്ന ട്രോളിങ്ങ് നിരോധന ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച് കഴിഞ്ഞു. കൊവിഡ് വ്യാപനത്തിന് തുടർന്നുള്ള ലോക്ക് ഡൗൺ കാരണം കേരളത്തില്‍ നിലവില്‍ യന്ത്രവല്‍കൃത ബോട്ടുകള്‍ ഉപയോഗിച്ചുള്ള മത്സ്യ ബന്ധനം നിർത്തിവച്ചിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായി ഹാർബറുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ മത്സ്യവിപണനവും നടക്കുന്നില്ല. ഇത് സമുദ്രുത്പന്നങ്ങളുടെ കയറ്റുമതിയെ ഉള്‍പ്പടെ ബാധിച്ചിരിക്കുകയാണ്.

മത്സ്യബന്ധനം എന്ന് പൂർണതോതില്‍ തുടങ്ങാൻ കഴിയും എന്ന കാര്യത്തിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. ഇനിയൊരു ട്രോളിങ്ങ് നിരോധനം കൂടി വന്നാല്‍ മത്സ്യബന്ധന മേഖയെയും കയറ്റുമതിയെയും കാര്യമായി ബാധിക്കുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ശാസ്ത്രിയമായ പഠനത്തിന് ശേഷം മാത്രം ട്രോളിങ്ങ് നിരോധനം നടപ്പിലാക്കാവു എന്ന ആവശ്യവും ഉയർന്നിടുണ്ട്. നാലായിരം യന്ത്രവല്‍കൃതബോട്ടുകളാണ് കേരളത്തില്‍ മത്സ്യബന്ധനം നടത്തുന്നത്.