കോഴിക്കോട്: മുക്കത്ത് ദളിത് പെൺകുട്ടി സ്കൂൾ യൂണിഫോമില്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ യുവാവിനെ റിമാന്‍ഡ് ചെയ്തു. ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത റിനാസിനെ 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. പ്രദേശവാസിയായ റിനാസിന്‍റെ മാനസിക പീഡനം കൊണ്ടാണ് മകള്‍ ആത്മഹത്യ ചെയ്തതെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സ്കൂൾ വിട്ടുവന്ന പെൺകുട്ടി വീട്ടിൽ തൂങ്ങിമരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് ആത്മഹത്യ പ്രേരണയ്ക്ക് തെളിവില്ല എന്ന നിലപാടിലായിരുന്നു. കുടുംബം എസ്പിക്കും കളക്ടർക്കും പരാതി നൽകിയതോടെയാണ് യുവാവിന്‍റെ അറസ്റ്റ് മുക്കം പൊലീസ് രേഖപ്പെടുത്തിയത്. 

റിനാസുമായുള്ള ബന്ധം പരാമർശിക്കുന്ന ഡയറി പൊലീസിന് കിട്ടിയിട്ടുണ്ട്. ഇവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കുന്ന പ്രദേശവാസികളുടെയും സഹപാഠികളുടെയും മൊഴിയും പൊലീസിന് ലഭിച്ചിട്ടുണ്ട്. യുവാവിന്‍റെ സഹോദരി പെൺകുട്ടിയെ ഫോണിൽ ഭീഷണിപ്പെടുത്തിയിരുന്നതിനാൽ പെൺകുട്ടി മാനസികമായി തകർന്ന നിലയിലായിരുന്നെന്ന് സഹപാഠികൾ വെളിപ്പെടുത്തിയിരുന്നു. മുസ്ലീം സമുദായത്തിൽപ്പെട്ട യുവാവുമായി കഴിഞ്ഞ ഒന്നര വർഷമായി പെൺകുട്ടി പ്രണയത്തിലായിരുന്നു.

ദളിത് വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയുമായുള്ള ബന്ധം റിനാസിന്‍റെ വീട്ടുകാർ എതിർത്തിരുന്നു. പക്ഷെ വിദേശത്ത് ജോലിയിലായിരുന്ന യുവാവ് ഫോൺവഴി ബന്ധം തുടർന്നു. ഇയാൾ നൽകിയ ഫോൺ വീട്ടുകാരറിയാതെ പെൺകുട്ടി ഉപയോഗിച്ച് വരികയായിരുന്നു. രണ്ടാഴ്ച മുൻപ് ഗൾഫിൽനിന്നും തിരിച്ചെത്തിയ റിനാസ് ഫോൺ തിരികെ വാങ്ങി. തങ്ങൾ പിരിയുകയാണെന്ന് സുഹൃത്തുകളോട് പറഞ്ഞതിന്‍റെ പിറ്റേന്നാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്‍തത്. യുവാവിന്‍റെ കുടുംബത്തിൽ നിന്നുമുള്ള ഭീഷണിയിൽ മനംനൊന്താകാം ആത്മഹത്യ എന്നാണ് കുടുംബവും സഹപാഠികളും വിശ്വസിക്കുന്നത്. അതേസമയം തിങ്കളാഴ്ച കിട്ടുന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച് തുടർനടപടി എടുക്കുമെന്ന് പൊലീസ് പറഞ്ഞു.