ദില്ലി: ദില്ലി കലാപത്തില്‍ വീടും സ്വത്തുകളും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പരിക്കേറ്റവരുടെ ചികിത്സ ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും കെജ്രിവാള്‍ അറിയിച്ചു. 

സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണവിധേയമാണെന്നും അക്രമസംഭവങ്ങള്‍ കുറ‍ഞ്ഞെന്നും കലാപ കേസുകളില്‍  അടിയന്തരമായി വിചാരണ ആരംഭിക്കാനായി നാല് അധിക മജിസ്ട്രേട്ടുമാരെ കൂടി നിയമിക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കലാപത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും ദില്ലി സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. 

കലാപത്തില്‍ കുറ്റക്കാരെന്ന് കണ്ടെത്തുവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലാപത്തില്‍ ആം ആദ്മി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ അവര്‍ക്ക് ഇരട്ടിശിക്ഷ നല്‍കുമെന്നും ഷ്ട്രീയം നോക്കാനില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.  ഐബി ഉദ്യോഗസ്ഥന്റെ മരണത്തിൽ ആം ആദ്മി പാർട്ടി നേതാവിന് എതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കെജ്രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

അതിനിടെ ദില്ലിയിൽ സമാധാനം പുനഃസ്ഥാപിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന് ആർഎസ്എസ് ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം നാഗ്പൂരിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.