Asianet News MalayalamAsianet News Malayalam

ദില്ലി കലാപം നിയന്ത്രിക്കാൻ ഉത്തരവാദിത്തം കേന്ദ്ര സര്‍ക്കാരിന്: ഓര്‍മ്മിപ്പിച്ച് പിണറായി വിജയൻ

വര്‍ഗ്ഗീയ  ചേരിതിരിവിനും വര്‍ഗീയ സ്വഭാവത്തിലുള്ള മനുഷ്യവേട്ടയ്ക്കും രാജ്യതലസ്ഥാനം വേദിയാകുന്നു എന്ന  വാര്‍ത്തകള്‍ ഞെട്ടിപ്പിക്കുന്നതാണ്. അത്തരം പ്രവണതകള്‍ തുടച്ചുനീക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാനുമുള്ള ഉത്തരവാദിത്തം ഭരണനേതൃത്വത്തിനുണ്ട്.

delhi riot pinarayi vijayan statement against central government
Author
Trivandrum, First Published Feb 26, 2020, 12:49 PM IST

തിരുവനന്തപുരം: ദില്ലി കലാപം നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാരിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ജനം ഭീതിയിലാണ്. മലയാളികൾ അടക്കമുള്ളവര്‍ അശങ്കയറിയിക്കുന്നുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയുടെ തീവ്രതയാണ് അത് തെളിയിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ അക്രമം അടിച്ചമര്‍ത്താൻ അടിയന്തര നടപടി എടുക്കണമെന്നും മുഖ്യമന്ത്രി പിണാറായി വിജയൻ ആവശ്യപ്പെട്ടു. 

പിണറായി വിജയന്‍റെ പ്രസ്താവന: 

ദില്ലിയിൽ ജനജീവിതം സാധാരണ നിലയിലാക്കാനും അക്രമങ്ങള്‍  തടയാനും കേന്ദ്ര ഗവണ്‍മെന്‍റ് സത്വര നടപടികള്‍ സ്വീകരിക്കണം. ഡെല്‍ഹിയില്‍ ജീവിക്കുന്ന സാധാരണ ജനങ്ങള്‍ ഭീതിയിലാണ്.  ജീവനും സ്വത്തിനും സുരക്ഷ നഷ്ടപ്പെടുന്നു എന്ന ആശങ്ക അനേകം മലയാളികള്‍ അറിയിച്ചിട്ടുണ്ട്. രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥ യുടെ തീവ്രതയാണ് അത് തെളിയിക്കുന്നത്.

ഊഹാപോഹങ്ങളുടെയും വെറുപ്പിന്‍റെയും പ്രചാരണം നടക്കുന്നു. മാധ്യമ പ്രവര്‍ത്തകര്‍ പോലും ആക്രമിക്കപ്പെടുന്നു. മരണസംഖ്യ വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. വിദ്വേഷപ്രസംഗം നടത്തി കലാപത്തിന് തീകൊളുത്തിയ ബിജെപി നേതാവ് ഇപ്പോഴും സ്വതന്ത്രനാണ് എന്നത് ആശങ്ക സൃഷ്ടിക്കുന്ന വസ്തുതയാണ്.  മതഭ്രാന്തുമായി സ്വകാര്യ സേനകളും കലാപത്തില്‍ പങ്കാളിത്തം വഹിക്കുന്നു എന്ന വിവരം നിയമവാഴ്ചയുടെ ഗുരുതരമായ തകര്‍ച്ചയെ സൂചിപ്പിക്കുന്നു.

കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മടിച്ചുനില്‍ക്കരുത്. അക്രമങ്ങള്‍ പടരാതിരിക്കാന്‍ പൊലീസ് സംവിധാനത്തെ ഫലപ്രദമായും സംശയരഹിതമായും നിയോഗിക്കാനും തയ്യാറാകണം.

വര്‍ഗീയ  ചേരിതിരിവിനും വര്‍ഗീയ സ്വഭാവത്തിലുള്ള മനുഷ്യവേട്ടയ്ക്കും രാജ്യതലസ്ഥാനം വേദിയാകുന്നു എന്ന  വാര്‍ത്തകള്‍  ഞെട്ടിപ്പിക്കുന്നതാണ്. അത്തരം പ്രവണതകള്‍ തുടച്ചുനീക്കാനും മതനിരപേക്ഷത ഉയര്‍ത്തിപ്പിടി ക്കാനുമുള്ള ഉത്തരവാദിത്തം ഭരണനേതൃത്വത്തിനുണ്ട്.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയുടെ മത നിരപേക്ഷതയും ജനാധിപത്യവും സംരക്ഷിക്കാനുള്ളതാണ്. അതിനെ തെരുവില്‍ നേരിട്ട് തോല്‍പ്പിച്ചു കളയാം എന്ന സംഘപരിവാര്‍ വ്യാമോഹത്തിന്‍റെ ഉല്‍പന്നമാണ് ഡെല്‍ഹിയിലെ അക്രമങ്ങള്‍. അത് തിരിച്ചറിഞ്ഞു ജനങ്ങള്‍ക്കിടയില്‍ സമാധാന പ്രവര്‍ത്തനങ്ങള്‍ക്കു മുന്നിട്ടിറങ്ങാന്‍ മതനിരപേക്ഷ ശക്തികള്‍ തയ്യാറാകണം.  

വര്‍ഗീയ ധ്രുവീകരണ നീക്കങ്ങള്‍ക്കെതിരെ ജാഗ്രതയോടെ ഇടപെടാനും  മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ചു സാഹോദര്യം ഊട്ടിയുറപ്പിക്കാനും ഡെല്‍ഹിയിലെ മലയാളി സമൂഹം മുന്നിട്ടിറങ്ങണം എന്നും  മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

Follow Us:
Download App:
  • android
  • ios