കൊല്ലം: ആറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ ആറ് വയസുകാരി ദേവനന്ദയുടെ മൃതദേഹം ഒഴുകി വന്നതാണെന്ന് മുങ്ങൽ വിദഗ്ദ്ധൻ മനോജ്. പുഴയിൽ അടിയൊഴുക്കുണ്ടായിരുന്നുവെന്നും തലമുടി വള്ളിയിൽ ഉടക്കിയത് കൊണ്ടാണ് മൃതദേഹം അധികദൂരം പോകാതിരുന്നതെന്നും മനോജ് പറഞ്ഞു. ഇല്ലായിരുന്നെങ്കിൽ കുറേക്കൂടി ദൂരം പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി.

"നമ്മൾ രാവിലെ ഏഴ് മണിക്ക് ഇറങ്ങി തിരച്ചിൽ നടത്തിയിരുന്നു. അടിയൊഴുക്കുള്ള പുഴയായിരുന്നു. ആറ്റിൽ പല സ്ഥലത്തും നല്ല ആഴവും പാറക്കെട്ടുമൊക്കെയാണ്. നിരപ്പായ രീതിയിലുള്ള പുഴയല്ല. നേരത്തോട് നേരം കഴിയുമ്പോൾ മൃതദേഹം പൊങ്ങേണ്ടതാണ്."

"

"ആറ്റിന് കുറുകെയുള്ള നടപ്പാലത്തിനടിയിലൂടെ ഒഴുകി വന്നതാണ്. അവിടെ പാറകൾക്കിടയിൽ ഒന്നൊന്നര മീറ്റർ വിടവുണ്ട്.  ഞങ്ങൾക്ക് കാണിച്ചുതന്ന സ്ഥലത്ത് നിന്നും 200 മീറ്ററോളം മാറിയാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കൂടുതൽ ദൂരം പോയേനെ. പക്ഷെ  ഇവിടെ തന്നെ നിന്നത് മുടി വള്ളിയിൽ ഉടക്കിയത് കൊണ്ടാണ്," എന്നും മനോജ് പറഞ്ഞു.

അതിനിടെ ദേവനന്ദയുടെ മൃതദേഹം കുടവട്ടൂരിലെ കുടുംബ വീട്ടിൽ എത്തിച്ചു. ഇവിടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കുട്ടിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വ്യക്തമല്ല. ആരെങ്കിലും കുട്ടിയെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഇപ്പോഴും ബലപ്പെട്ട് കിടക്കുന്നുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ കുട്ടി മരിച്ചത് ആറ്റിൽ മുങ്ങിയാണെന്ന് വ്യക്തമായി. എന്നാൽ ബലപ്രയോഗം നടന്നതിന് തെളിവില്ല.

എന്നാൽ കാണാതായി  ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചതായാണ് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തൽ. മൃതദേഹം അഴുകാൻ തുടങ്ങിയിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ ആന്തരികാവയവങ്ങളിൽ ചെളിയും വെള്ളവും കണ്ടെത്തിയിട്ടുണ്ട്. ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളൊന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്താനായില്ല. 

വയറ്റിലും ശ്വാസകോശത്തിലും വെള്ളവും ചെളിയും ഉണ്ട്. ഇത് മുങ്ങിമരണത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ആന്തരികാവയവങ്ങളുടെ രാസ പരിശോധനയ്ക്ക് ശേഷമേ അന്തിമ നിഗമനത്തിലേക്ക് പോകൂ. ഇന്‍ക്വസ്റ്റ് നടപടികളിലും കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളൊന്നുമില്ലെന്ന് വ്യക്തമായിരുന്നു. മുതിര്‍ന്ന ഫോറന്‍സിക് സര്‍ജന്‍മാര്‍ ഉള്‍പ്പെടുന്ന ഒരു സംഘമാണ് പോസ്റ്റുമോര്‍ട്ടം നടപടികള്‍ നടത്തിയത്. 

കുട്ടിയുടെ മൃതദേഹത്തില്‍ മുറിവുകളോ ചതവുകളോ ഇല്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നത്. വീട്ടിൽ കളിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. ഏറെ നേരത്തെ തിരച്ചിലിനൊടുവില്‍ മുങ്ങൽ വിദഗ്ധരാണ് ഇന്ന് രാവിലെ ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയില്‍ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്.