തിരുവനന്തപുരം: ഡിജിപി പദവിയിലുള്ള വിജിലന്‍സ് ഡയറക്ടര്‍ തസ്തിക എഡിജിപി പദവിക്ക് തുല്യമായി തരംതാഴ്ത്തണമെന്ന് ഡിജിപിയുടെ ശുപാര്‍ശ. ശുപാര്‍ശ കേന്ദ്രസര്‍ക്കാരിന്‍റെ പരിഗണനയ്ക്കായി അയച്ചുവെന്നാണ് സൂചന. ശുപാര്‍ശ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ഐപിഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത് എത്തി. എഡിജിപി തലത്തിലുള്ള ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ കടുത്ത പ്രതിഷേധമുണ്ടായെന്നാണ് വിവരം. 

കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അനുവദിച്ചിട്ടുള്ളത് രണ്ട് കേഡര്‍ തസ്തികകളാണ്. അതിലൊന്ന് ക്രമസമാധാന ചുമതലയുള്ള ഡിജിപിയുടെ തസ്തികയും മറ്റേത് വിജിലന്‍സ് ഡയറക്ടറുടെ തസ്തികയും. വിജിലന്‍സ് ഡയറക്ടറുടെ തസ്തിക എഡിജിപി പദവിക്ക് തത്തുല്യമായി താഴ്ത്തിയ ശേഷം  ജയില്‍ വകുപ്പ് മേധാവി, അഗ്നിരക്ഷാസേന മേധാവി എന്നീ പദവികളിലൊന്ന് ഡിജിപി തസ്തികയ്ക്ക് തുല്യമായി ഉയര്‍ത്താനാണ് ഡിജിപി ശുപാര്‍ശ ചെയ്യുന്നത്. 

കേരള പൊലീസിനെതിരെ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാരിലെ അഴിമതികളും ക്രമക്കേടുകളും അന്വേഷിക്കുന്ന വിജിലന്‍സിന്‍റെ മേധാവിയെ സംസ്ഥാന പൊലീസ് മേധാവിക്ക് താഴെ കൊണ്ടു വരാനുള്ള നീക്കത്തോട് വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. ഡിജിപി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ ഇക്കാര്യത്തില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. വിജിലന്‍സിന്‍റെ സ്വതന്ത്രസ്വഭാവം തന്നെ ഇല്ലാതാക്കുന്നതാവും ഈ പരിഷ്കാരം എന്നതാണ് പ്രധാനമായും ഉയരുന്ന വിമര്‍ശനം. 

നിലവില്‍ ഡിജിപിക്ക് തുല്യമായ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍ എഡിജിപി അനില്‍ കാന്താണ് ഒന്‍പത് മാസമായി പ്രവര്‍ത്തിച്ചു വരുന്നത്. കേന്ദ്രസര്‍ക്കാര്‍ എക്സ് കേഡര്‍ പദവിയായി അംഗീകരിച്ച വിജിലന്‍സ് ഡയറക്ടറായി എഡിജിപിയെ നിയമിക്കുന്നത് കൂടാതെ ഇനി ഇതേ പദവി തരംതാഴ്ത്താനും ആവശ്യപ്പെട്ടാല്‍ ഒരുപക്ഷേ എക്സ് കേഡര്‍ പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കുമോ എന്ന ആശങ്കയും ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.

 വിഷയത്തില്‍ ഐപിഎസ് ഓഫീസര്‍മാരുടെ അസോസിയേഷന്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കും എന്നാണ് വിവരം. എക്സ് കേഡര്‍ തസ്തിക നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഭാവിയില്‍ ഇതു തങ്ങളുടെ പ്രമോഷനടക്കമുള്ള സാധ്യതകളെ ബാധിക്കുമോ എന്ന ആശങ്കയാണ് ഉന്നത ഉദ്യോഗസ്ഥര്‍ പങ്കുവയ്ക്കുന്നത്.