കൊച്ചി: രാജിവെച്ച നടിമാർക്ക് താരസംഘടനയായ അമ്മയിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകില്ല. സംഘടനയിൽ നിന്ന് രാജിവെച്ചവർ അപേക്ഷ നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിർദേശം. മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയുമുള്ള അംഗങ്ങളുടെ പരസ്യപ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തുന്നതാണ് കരട് ഭേദഗതിയിലെ മറ്റ് നിർദേശങ്ങൾ.

സ്ത്രീകൾക്ക് പ്രാമുഖ്യം നൽകി സംഘടന അഴിച്ചുപണിയാൻ ഒരുങ്ങുമ്പോഴും രാജിവച്ച നടിമാരോടുള്ള നിലപാടിൽ താരസംഘടനയായ അമ്മയ്ക്ക് അയവില്ല. ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ സംഘടന വിട്ടുപോയർ മാപ്പുചോദിച്ചാൽ തിരിച്ചെടുക്കാമെന്നായിരുന്നു ആദ്യഘട്ടത്തിൽ അമ്മ ഭാരവാഹികളുടെ പ്രതികരണം. പിന്നീട് അപേക്ഷ നൽകിയാൽ തിരിച്ചെടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് അമ്മ പ്രസിഡന്റ് മോഹൻലാൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 

നിലപാടിൽ അയവില്ലെന്ന് വ്യക്തമാക്കുന്നതാണ് അമ്മ ജനറൽ ബോഡിയിൽ അടുത്ത ഞായറാഴ്ച അവതരിപ്പിക്കാനിരിക്കുന്ന ഭരണഘടന ഭേദഗതിയിലെ നിർദേശങ്ങളെന്നാണ് സൂചന. സംഘടനയിൽ നിന്ന് രാജിവെച്ചവർ അപേക്ഷ നൽകിയാൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് സംഘടനയുടെ പുതിയ കരട് ഭേദഗതി നിർദേശം. ജനറൽ ബോഡി ചർച്ച ചെയ്തശേഷം ഭരണഘടന ഭേദഗതിക്ക് അന്തിമരൂപം നൽകുമെന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബു വിശദമാക്കി.

ഇതുകൂടാതെ സംഘടനയുടെ നയങ്ങളെ വിമർശിക്കുന്ന തരത്തിലുള്ള പ്രസ്താവനകളും പ്രതികരണങ്ങളും ഏതെങ്കിലും മാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതിനും ഭരണഘടനാ ഭേദഗതിയിൽ കർശന വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. സംഘടനയെയോ കമ്മിറ്റിയെയോ എതെങ്കിലും അംഗത്തേയും മാധ്യമങ്ങളിലൂടെ പരസ്യമായി വിമർശിച്ചാൽ അച്ചടക്ക ലംഘനമായി കണക്കാക്കുമെന്നും കരട് ഭേദഗതിയിൽ പറയുന്നു. അതേസമയം  ഈമാസം 29 ന് നടത്താനിരുന്ന മാക്ട ഭാരവാഹി തെരഞ്ഞെടുപ്പ് എറണാകുളം മുൻസിഫ് മജിസ്ട്രേറ്റ് കോടതി തടഞ്ഞു. മാക്ട അംഗങ്ങൾക്കുള്ള തപാൽവോട്ട് നിഷേധിച്ചെന്ന പരാതിയെ തുടർന്നാണ് നടപടി.