Asianet News MalayalamAsianet News Malayalam

അതിർത്തി അടച്ചപ്പോൾ കാസർകോട് ഒറ്റപ്പെട്ടത് പാഠം, ജില്ലയിലെ ആരോഗ്യമേഖലയിൽ കാര്യമായ ഇടപെലുണ്ടാവും: ധനമന്ത്രി

കൊവിഡ് പ്രതിസന്ധിക്ക് ശേഷം ടൂറിസം മേഖലയിലേക്ക് ആളുകളെ ആകർഷിക്കാൻ വൻ പ്രചാരണം നടത്തും

finance minister interacting with audience
Author
Thiruvananthapuram, First Published Apr 5, 2020, 3:30 PM IST

തിരുവനന്തപുരം: കർണാടക അതിർത്തി അടച്ചപ്പോൾ കാസർകോടിനുണ്ടായ അവസ്ഥ ഒരു പാഠമാണെന്ന് ധനമന്ത്രി തോമസ് ഐസക്. നമ്മുക്ക് ക്ഷീണമുണ്ടാക്കിയ ഒരു സംഭവമാണിത്. കാസർകോട് ജില്ല വികസനത്തിൽ അൽപം പിന്നോക്കമാണ്. ആരോ​ഗ്യമേഖലയിലും അതു പ്രകടമാണ്. കൊവിഡ് പ്രതിസന്ധി തീർന്നാൽ ഇക്കാര്യത്തിൽ സജീവമായ ഇടപെടൽ സർക്കാർ നടത്തും. 

കാസർകോട്ടെ ആരോ​ഗ്യസംവിധാനങ്ങൾ ഉന്നത നിലവാരത്തിലേക്ക് ഉയർത്തിയാവും ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് നാം മധുരപ്രതികാരം ചെയ്യുകയെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസ് സംഘടിപ്പിച്ച പ്രത്യേക പരിപാടിയിലൂടെയാണ് പ്രേക്ഷകരുമായും വിവിധ മേഖലകളിലെ വിദ​ഗ്ദ്ധരുമായും സംവദിക്കുന്നതിനിടെയാണ് തോമസ് ഐസക് ഇക്കാര്യം പറഞ്ഞത്. 

പ്രത്യേക പരിപാടിയിൽ ധനമന്ത്രിക്ക് മുന്നലെത്തിയ ചോദ്യങ്ങളും അദ്ദേഹത്തിൻ്റെ മറുപടിയും...

കൊവിഡ് 19ന് ശേഷം ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുമെന്ന് എല്ലാവരും പ്രവചിക്കുന്നു. യൂറോപ്പും അമേരിക്കയുടേയും സാമ്പത്തിക വളർച്ച പൂജ്യത്തിനും താഴെ നെ​ഗറ്റീവിലേക്ക് പോകുകയും ചൈനയിലും ഇന്ത്യയിലും കാര്യമായി കുറയുകയും ചെയ്യും എന്നാണ് പ്രവചനം. ആ​ഗോളതലത്തിലെ സാമ്പത്തിക പ്രതിസന്ധി കേരളത്തെ എങ്ങനെ ബാധിക്കും. ഇതു നാം എങ്ങനെ നേരിടും. ചോദ്യം രണ്ട് ടൂറിസം മേഖലയിൽ 73 ശതമാനം പേ‍ർക്ക് തൊഴിൽ നഷ്ടമാകും എന്നാണ് പ്രവചനം വിനോദസഞ്ചാരം പ്രധാനവരുമാനമാർ​ഗ്മായ കേരളം എന്തു ചെയ്യും. ചോദ്യം മൂന്ന് കർണാടക അതിർത്തി അടച്ചതോടെ കാസർ​കോടിന്റെ അവസ്ഥ എന്താണെന്ന് നാം കണ്ടു. കാസർകോട് ജില്ലയിൽ അടിസ്ഥാന ആരോ​ഗ്യ സൗകര്യങ്ങൾ സർക്കാർ ഒരുക്കണം. കേരളത്തിന് കിട്ടുന്ന എയിംസ് കാസർകോട് സ്ഥാപിച്ച് നാം മധുര പ്രതികാരം ചെയ്യണം - ജിജി തോംസൺ, മുൻചീഫ് സെക്രട്ടറി

ലോക്ക്ഡൗൺ കഴിഞ്ഞ ശേഷം ജനജീവിതം സാധാരണ നിലയിലേക്ക് വരുമ്പോൾ ആണ് സാമ്പത്തിക പാക്കേജ് അടക്കമുള്ള പദ്ധതികളും ഇടപെടലുകളും സർക്കാർ നടത്തേണ്ടത്. ആളുകൾക്ക് ഭക്ഷണം ഉറപ്പാക്കുക അത്യാവശ്യ കാര്യങ്ങൾക്ക് വേണ്ട പണം അനുവദിക്കുക. ഇതാണ് ഇപ്പോൾ നാം ചെയ്യേണ്ട കാര്യം. കേരളത്തിൽ ജോലി ചെയ്യുന്ന 65 ശതമാനവും നിത്യവേതനക്കാരും താത്കാലിക ജോലിക്കാരുമാണ് ഈ പ്രതിസന്ധി കാലത്ത് അവർക്ക് അവശ്യമായ സാമ്പത്തിക സഹായം ഉറപ്പാക്കുക എന്നതാണ് പ്രധാനം. 

വിനോദസഞ്ചാരമേഖലയിലെ വ്യാപാര സ്ഥാപനങ്ങളുടെ വായ്പ ബാധ്യത മൂന്ന് മാസത്തിലധികം കാലത്തേക്ക് മാറ്റിവയ്ക്കേണ്ടി വരും. ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കണം. ഹൗസ് ബോട്ടുകൾ അടക്കമുള്ള അനവധി വ്യവസായ സ്ഥാപനങ്ങൾക്ക് ഈ പ്രതിസന്ധി മറികടക്കാൻ സഹായം നൽകേണ്ടി വരും. ഈ പ്രതിസന്ധി കഴിഞ്ഞ ശേഷം നമ്മുടെ ആരോ​ഗ്യമേഖലയുടെ അടക്കം ​മികവ് അടിസ്ഥാനമാക്കി വലിയ തോതിൽ പ്രചാരണം നടത്തേണ്ടി വരും.

കേരളത്തിലെ പൊതുആരോ​ഗ്യസംവിധാനങ്ങളിലേത് പോലെയല്ല കാസർകോട്. അവിടം അൽപം പിന്നോക്കമാണ്. അവിടെ കാര്യമായ മാറ്റങ്ങൾ കൊണ്ടു വരാൻ സർക്കാർ  ശ്രമിക്കയാണ്. എയിംസ് പോലെയുള്ള സ്ഥാപനങ്ങൾ എല്ലാവർക്കും എത്തിച്ചേരാൻ പറ്റിയ സ്ഥലത്താണ് വേണ്ടത്. കാസർകോട്ട് എയിംസ് നിലവാരത്തിലുള്ള ഒരു ആശുപത്രി വരും. താലൂക്കാശുപത്രികളും പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങളും ഉന്നത നിലവാരത്തിൽ ഉയർത്തും. ഈ പ്രതിസന്ധി നമ്മുക്കൊരു പാഠമാണ് എന്ന ജിജി തോംസണിന്റെ അഭിപ്രായം നൂറു ശതമാനം ശരിയാണ്. ഈ പാഠം ഉൾക്കൊണ്ട് നാം മുന്നോട്ട് പോകും. 

സാലറി ചാലഞ്ചിൽ പങ്കെടുക്കാൻ ജീവനക്കാർ സജ്ജരായ സമയമാണിത്. എന്നാലിപ്പോൾ സിപി ജോണിന്റെ ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സംസ്ഥാനങ്ങൾക്ക് കേന്ദ്രം പ്രത്യേക ഫണ്ട് അനുവദിക്കുമെന്നും സാലറി ചാലഞ്ച് നടപ്പാക്കിയാൽ ഈ സഹായം നഷ്ടപ്പെടുമെന്നുമാണ് ഈ വീഡിയോയിൽ പറയുന്നത് - ബീരാപ്പൂ, പെരിന്തൽമണ്ണ

ഈ വീഡിയോ ഒരുപാട് പേരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ വീഡിയോക്ക് ഞാനൊരു മറുപടി വേറെ തന്നെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നൽകും. സാലറി ചാലഞ്ചിലൂടെ ഒരു മൂവായിരം കോടി രൂപ കിട്ടിയാൽ നമ്മുടെ സർക്കാരിൻ്റെ സാമ്പത്തിക കമ്മി അത്രയും കുറയും. എന്നാൽ ഇങ്ങനെ പണം കിട്ടിയാൽ ഫിനാൻസ് കമ്മീഷൻ വഴി കിട്ടേണ്ട 15000 കോടി രൂപയിൽ ഇതു കുറയ്ക്കും എന്നാണ് സിപി ജോൺ പറയുന്നത്. 

സിപി ജോൺ പിന്താങ്ങുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര എന്നീ സർക്കാരുകളൊക്കെ ചെയ്തത് സാലറി ചലഞ്ചല്ല, സാലറി തന്നെ കട്ട് ചെയ്യുകയാണ്. എന്നാൽ ഇവിടെ ശമ്പളം ഖജനാവിൽ നിന്നും വിതരണം ചെയ്യുന്നു. എന്നിട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭവാനയായി സ്വീകരിക്കുന്നു. അതൊരുക്കിലും ഫിനാൻസ് കമ്മീഷൻ റിപ്പോർട്ടിനെ ബാധിക്കില്ല.മറിച്ചുള്ള വാദം ശുദ്ധ അസംബന്ധമാണ്. 

സംസ്ഥാന സർക്കാരിന് കടുത്ത നടപടികൾ സ്വീകരിച്ചാൽ മാത്രമേ സാമ്പത്തികരം​ഗത്ത് മുന്നോട്ട് നീങ്ങാൻ പറ്റുള്ളൂ. ചിലവ് ചുരുക്കൽ അടക്കമുള്ള നടപടികൾ ഇവിടെ ആവശ്യമായി വരും. കൊടുക്കാൻ തീരുമാനിച്ച പല ഫണ്ടും തടയുകയും ഭാവിയിൽ കൊടുക്കേണ്ട പലതും തടയേണ്ടിയും വരും. 

ലോക്ക് ഡൗൺ മൂലം ഒരാഴ്ചയായി കടകൾ തുറന്നിട്ടില്ല. കേരളത്തിലെ ചെറുകിട വ്യാപാരികളും അവിടുത്തെ ലക്ഷക്കണക്കിന് ജീവനക്കാരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഞങ്ങൾക്ക് വേണ്ടി സർക്കാർ എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് - ​ഗോപകുമാർ, കൊല്ലം

ലോക്ക് ഡൗൺ തുടങ്ങി ഒരാഴ്ചയേ ആയിട്ടുള്ളൂ. ഇത്രയും ദിവസമൊക്കെ നമ്മുക്ക് പിടിച്ചു നിൽക്കാം. ഇതിനു പോലും ശേഷിയില്ലാത്ത ദിവസകൂലികാർക്കാണ് ഇപ്പോൾ സഹായം ചെയ്തത്. അതു തന്നെ ഈവർഷത്തെ വായ്പാപരിധിയിൽ നിന്നും കടമെടുത്താണ്. തീർച്ചയായും വരും ദിവസങ്ങളിൽ കൂടുതൽ വായ്പ എടുത്ത് നമ്മുക്ക് മറ്റു സഹായങ്ങൾ ചെയ്യാം.

ഞാൻ ഒരു കാലില്ലാത്തയാളാണ് ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ലോട്ടറി കച്ചവടം നിർത്തിയതു മൂലം യാതൊരു വരുമാനവും ഇപ്പോൾ ഇല്ല. സർക്കാർ നൽകുന്ന സൗജന്യ റേഷൻ വാങ്ങിയാണ് ഇപ്പോൾ ജീവിക്കുന്നത്.ലോട്ടറി വ്യാപാരം ഇനിയും നിർത്തിയാൽ ഞങ്ങളുടെ കാര്യം വലിയ അപകടത്തിലാവും - ജബ്ബാർ, ലോട്ടറി കച്ചവടക്കാരൻ, ആലത്തൂർ

ജബാറിനെ പോലുള്ളവർക്കായി എന്തെല്ലാം സർക്കാർ ചെയ്തു. ജബാർ വികലാം​ഗനാണ്. വികാലാം​ഗർക്ക് ഏഴ് മാസത്തെ പെൻഷൻ എണ്ണായിരം രൂപ ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗജന്യ റേഷനൊപ്പം കിറ്റും വീട്ടിൽ എത്തിക്കും. ലോട്ടറി ക്ഷേമനിധിയിൽ നിന്നും രണ്ടായിരം രൂപ കൂടി അനുവദിക്കും. ഇതൊന്നും കൂടാതെ കമ്മ്യൂണിറ്റി കിച്ചൻ വഴി ഭക്ഷണം എപ്പോഴും തയ്യാറാണ്. ആത്മഹത്യയിലേക്ക് ഒന്നും പോകേണ്ട ഒരു സാഹചര്യവും ഇന്നില്ല. ആദ്യം മുതൽ പാവപ്പെട്ടവരെ മുന്നിൽ കണ്ടാണ് ഈസർക്കാർ മുന്നോട്ട് നീങ്ങുന്നത്. പതിനഞ്ചാം തീയതി തന്നെ ലോട്ടറി വ്യാപാരം തുടങ്ങാൻ പറ്റും എന്നു കരുതേണ്ട. എന്തായാലും എന്തുമോശം സാഹചര്യമുണ്ടായാലും കേരളത്തിലെ ജനങ്ങൾ പട്ടിണി കിടക്കേണ്ട സാഹചര്യം സർക്കാർ അനുവദിക്കില്ല. 

ഈ പ്രതിസന്ധിയൊക്കെ പ്രളയം മറികടന്ന പോലെ നാം നേരിടും. എന്റെ ചോദ്യം ഏറ്റവും പാവപ്പെട്ടവർക്ക് ഏറ്റവും ആദ്യത്തെ പരി​ഗണന എന്ന നയം സ്വീകരിച്ചൂടെ. ഇതോടെ ഈ പ്രതിസന്ധിയിൽ നാം പഠിച്ച പാഠങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ടു പോകും. - സുരാജ് വെഞ്ഞാറമൂട്, നടൻ

ഏറ്റവും പാവപ്പെട്ടവരെ മുന്നിൽ കണ്ടാണ് സർക്കാർ പോകുന്നത്. എല്ലാ പാവപ്പെട്ടവർക്കും 35 കിലോ അരി ഇപ്പോൾ നൽകിയിട്ടുണ്ട്. ഇനി പലവ്യജ്ഞസാധനങ്ങളും വീടുകളിൽ എത്തിക്കും. വിളിച്ചു പറഞ്ഞാൽ ഭക്ഷണം കമ്മ്യൂണിറ്റി കിച്ചനിലുണ്ടാക്കി വീട്ടിലെത്തിച്ചു തരും. വിവിധ ക്ഷേമബോർഡുകളും പെൻഷനും വഴി പണം നൽകി കൊണ്ടിരിക്കുകയാണ്. ഇതൊന്നും സർക്കാരിന്റെ കൈയിൽ പണമുണ്ടായിട്ടല്ല. കടം വാങ്ങിയാണ് ചെയ്യുന്നത്. ഇനി വേണം കർഷകർക്കും വ്യാപാരികൾക്കും എല്ലാം സഹായം നൽകാൻ. 

ഇതിനിടയിൽ ആരെയെങ്കിലും വിട്ടു പോയെങ്കിൽ അവരെയെല്ലാം നമ്മുക്ക് പരി​ഗണിക്കാം. അവിടെയും ഇവിടെയും ചില അസ്വരാസ്യങ്ങൾ ഉണ്ടെങ്കിലും കേരളം ഒന്നായിട്ടാണ് ഇതിനെ നേരിടുന്നത്. കേരളത്തിലെ പകുതി തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ യുഡിഎഫാണ് ഭരിക്കുന്നത്. എന്നാൽ അപൂർവ്വം ചിലയിടങ്ങളിലൊഴിച്ചാൽ കേരളത്തിൽ എല്ലായിടത്തും നമ്മുടെ പ്രവർത്തനങ്ങൾ സു​ഗ​മമായി മുന്നോട്ട് നീങ്ങുന്നുണ്ട്. ഇത്തരം പ്രതിസന്ധിങ്ങളിലാണ് മനുഷ്യനിലെ നന്മ തീർച്ചയായും പുറത്തു വരുന്നത്. 

കുടുംബശ്രീ വഴി സ്ത്രീകൾക്ക് വായ്പ നൽകുന്നതായി അറിഞ്ഞു. കു‌ടുംബശ്രീയിൽ ഇല്ലാത്ത സ്ത്രീകൾക്ക് ഈ വായ്പ ലഭിക്കാൻ എന്തെങ്കിലും വഴിയുണ്ടോ... ? ഷിബി, വ്യാപാരി  - കോഴിക്കോട്

ഇത്തരം വായ്പകൾ നൽകുമ്പോൾ അതിനൊരു ഘ‌ടനയും കണക്കും വേണം. പെട്ടെന്ന് സഹായമെത്തിക്കാനുള്ള മാർ​​ഗം എന്ന നിലയിലാണ് കുടുംബശ്രീയെ സ‌ർക്കാ‍‌‍ർ കാണുന്നത്. അതിനാലാണ് 2000 കോടിയുടെ അധിക വായ്പ അവ‍ർക്ക് അനുവദിച്ചത്.

കൊവിഡ് വൈറസ് ബാധ ഒരു അനുഭവമായി കണ്ടു നമ്മൾ പ്രാഥമികാരോ​ഗ്യകേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണം. എങ്കിൽ മാത്രമേ ഇനിയും ഇത്തരം സാ​​ഹചര്യങ്ങളെ നേരിടാൻ സാധിക്കൂ. ആശ ജോമിൻ - സാമ്പത്തികവിദ​ഗ്ദ്ധ

കൊവിഡ് പ്രതിരോധം തുടക്കം മുതൽ ജാ​ഗ്രതയോടെ നമ്മൾ നേരിടുകയാണ്. ഇക്കാര്യത്തിൽ നിപ നേരിട്ടുള്ള മുൻപരിചയം നമ്മുക്ക് തുണയായിട്ടുണ്ട്. ജനസാന്ദ്രതയേറിയ ഒരു സംസ്ഥാനമാണ് കേരളം. ഹോട്ടലുകളിലും ഹോസ്റ്റലുകളിലുമായി ഒരു ലക്ഷം ബെഡുകൾ നമ്മൾ സജ്ജമാക്കിയിട്ടുണ്ട്. അതിലും മോശമായ അവസ്ഥ വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുമായാണ് നമ്മൾ പോകുന്നത്. 

സർക്കാർ സ്കൂളിലും കോളേജിലും പഠിച്ചു വളർന്ന ഒരു പ്രവാസിയാണ് ഞാൻ. കഴിഞ്ഞ പ്രളയത്തിൽ എന്റെ ഒരു മാസത്തെ ശമ്പളം ഞാൻ പ്രളയഫണ്ടിലേക്ക് നൽകിയിരുന്നു ഇക്കുറിയും ഞാൻ ഒരു മാസത്തെ ശമ്പളം നൽകും. സർ ചില സർക്കാർ ജീവനക്കാർ ശമ്പളം നൽകുന്നതിൽ വൈമുഖ്യം കാണിക്കുന്നതായി കാണുന്നു. ഒരു മാസത്തെ ശമ്പളം സംഭാവന നൽകുന്നവർക്ക് ഒരു മാസവും നാല് മാസത്തെ ശമ്പളം തരുന്നവർക്ക് നാല് മാസവും സർവ്വീസ് നീട്ടി നൽകുന്ന തരത്തിൽ ഒരു പാക്കേജ് നടപ്പാക്കി കൂടെ - ദീപു, ദുബായ്

ഇങ്ങനെയൊരു സാധ്യതയെക്കുറിച്ച് ഞാനിതുവരെ ചിന്തിച്ചിട്ടില്ല. ഇക്കാര്യം തീർച്ചയായും സർക്കാർ ആലോചിക്കും. 

ഞാനൊരു ചെറുകിട കച്ചവടക്കാരനാണ്. മുംബൈയിലാണ് ജീവിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി എനിക്ക് ജോലിയോ വരുമാനമോ ഇല്ല. എന്നെ എങ്ങെനെയെങ്കിലും നാട്ടിൽ എത്തിക്കാൻ സഹായിക്കുമോ - ശങ്കരനാരായണൻ, മുംബൈ

മുംബൈയിൽ എന്തു ചെയ്യാനാവും എന്നെനിക്ക് അറിയില്ല. അവിടുത്തെ നിങ്ങളുടെ അവസ്ഥയും അറിയില്ല. കഴിവതും നിങ്ങൾ അവിടെ തുടരാൻ ശ്രമിക്കുക. ഈ ലോക്ക് ഡൗണിൽ നമ്മുക്ക് യാത്ര അനുവദിക്കാനാവില്ല. മറ്റെന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അവിടുത്തെ പ്രവാസി മലയാളി സംഘഠനകൾ വഴി നമ്മുക്ക് ഇടപെടാം. 

‍‍‍‍ഞങ്ങൾ തൊഴിലുറപ്പുകാരുടെ ശമ്പളം ഉടനെ ലഭിക്കുമോ സർ - രജനി, കായകുളം 

തൊഴിലുറപ്പുകാരുടെ കുടിശ്ശിക കഴിഞ്ഞ വർഷത്തെയടക്കം ഉടനെ തരാൻ വഴിയുണ്ടാക്കാം. ഒരുവിധം ആളുകൾക്ക് കൊടുത്തു കഴിഞ്ഞു. അവേശഷിച്ചവർക്കും ഉടനെ നൽകും. തൊഴിലുറപ്പ് തൊഴിലാളികൾക്ക് അടുത്ത വർഷത്തെ കൂലി അഡ്വാൻസായി നൽകാൻ ഞാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം കൂടുതൽ ശക്തമായി ആവശ്യപ്പെടും

ഞാൻ 27 വർഷമായി ദില്ലിയിലാണ്. നാട്ടിൽ കോട്ടയമാണ് സ്വദേശം. മൂന്ന് മാസത്തിലൊരിക്കൽ നാട്ടിൽ വരാറുണ്ട്. കൊവിഡ് ഉണ്ടായപ്പോൾ അതിനെ കേരളം നേരിട്ട രീതിയെ അഭിനന്ദിക്കുന്നു രണ്ടു പ്രളയം നേരിട്ട ശേഷവും ഇത്ര ​ഗംഭീരമായി കൊവിഡ് നേരിട്ടതിനെ അഭിനന്ദിക്കുന്നു. പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ച ശേഷം രാജ്യവ്യാപകമായി മദ്യവിൽപന തടസപ്പെട്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഹരിയാനയിലടക്കം മദ്യം വിൽക്കുന്നുണ്ട്. കേരളത്തിൽ ഡോക്ടർമാരുടെ കുറപ്പടിയുടെ അടിസ്ഥാനത്തിൽ മദ്യം നൽകാം എന്ന് സർക്കാർ തീരുമാനിച്ചതായി കണ്ടു. ഇതിനു പകരം എല്ലാ ജില്ലയിലും മദ്യം വിൽക്കാൻ രണ്ട് കേന്ദ്രങ്ങൾ തുട​ങ്ങിക്കൂടെ - എസ്കെജി നായർ, ദില്ലി

മദ്യവിൽപനയിൽ എനിക്ക് യാതൊരു ആദർശവിയോജിപ്പും ഇല്ല. അതേസമയം മദ്യശാലകൾ നമ്മൾ അടയ്ക്കാൻ കാരണം അവിടുത്തെ ഭീകര തിരക്കാണ്. ഡോക്ടർമാരുടെ കുറിപ്പടി അടിസ്ഥാനമാക്കി മദ്യം നൽകുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. മദ്യം വിൽപനകേന്ദ്രങ്ങളിലെ തിരക്ക് സമൂഹവ്യാപനത്തിന് കാരണമാകും എന്ന സംശയം കൊണ്ടാണ് മദ്യം വിൽപന നിർത്തി വച്ചിരിക്കുന്നത്. 

എന്റെ ഭർത്താവ് ഒരു പ്രവാസിയാണ്. എന്നാൽ ഇപ്പോൾ കുറച്ചായി അദ്ദേഹത്തിന് തൊഴിൽ ഇല്ല അവിടെ. ഇവിടെ നാട്ടിൽ ഞാനും എന്റെ വിധവയായ അമ്മയും മാത്രമേ ഉള്ളൂ. എന്നാൽ ഞങ്ങളുടെ റേഷൻ കാർഡ് ഇപ്പോഴും വെള്ളയാണ്. വളരെ കഷ്ടപ്പാടുള്ള ഞങ്ങൾക്ക് ചുവപ്പ് കാർഡ് നൽകാൻ വഴിയുണ്ടോ - സിൻഡ്രല, കോട്ടയം

കേന്ദ്രസർക്കാർ മാനദണ്ഡം അനുസരിച്ചാണ് ചുവപ്പ്, വെള്ള കാർഡുകൾ വിതരണം ചെയ്തത്. ഇപ്പോഴത്തെ ചട്ടം അനുസരിച്ച് ചുവപ്പ് കാർഡിലേക്ക് പുതുതായി ആരേയും ചേർക്കാനാവില്ല. അതേസമയം ചുവപ്പ് കാർഡ‍ുള്ള ആരെങ്കിലും ദരിദ്രപട്ടികയിൽ നിന്നും മാറിയാൽ മാത്രമേ പുതുതായി ആരെയെങ്കിലും ചേർക്കാനാവൂ. ഒന്നരലക്ഷത്തോളം സർക്കാർ ഉദ്യോ​ഗസ്ഥരും വിരമിച്ച ഉദ്യോ​ഗസ്ഥരുമടക്കം ആകെ മൂന്നര ലക്ഷത്തോളം അനർ​ഹരെ ചുവപ്പു കാർഡിൽ നിന്നും ഇതിനോടകം ഒഴിവാക്കിയിട്ടുണ്ട്. അതിലൂടെ അത്രയും പാവപ്പെട്ടവർക്ക് ചുവപ്പ് കാർഡ് നൽകാൻ സാധിച്ചു. ഈ രീതിയിൽ കൂടുതൽ അർഹരെ വെള്ള കാർഡിലേക്ക് െകാണ്ടു വരാനാണ് സർക്കാരിന്റ് ശ്രമം. 
 

 

Follow Us:
Download App:
  • android
  • ios