മലപ്പുറം: കവളപ്പാറയില്‍ 2019-ലെ പ്രളയത്തെത്തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് സഹായം അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രളയദുരിതം പേറിയ 462 കുടുംബങ്ങള്‍ക്ക് വീട് വയ്ക്കാന്‍ സ്ഥലം വാങ്ങുന്നതിന് പണം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ആറു ലക്ഷം രൂപ വീതം 462 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ചു.

27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍, പുഴ ഗതിമാറിയതിനെ തുടര്‍ന്ന് വീട് വാസയോഗ്യമല്ലാതായവര്‍, ജിയോളജി ടീം മാറ്റിപ്പാര്‍പ്പിക്കുന്നതിന് ശുപാര്‍ശ ചെയ്ത കുടുംബങ്ങള്‍ എന്നിവര്‍ക്ക് വീട് വെയ്ക്കാന്‍ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.