Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതി: പ്രതിഷേധം അക്രമാസക്തമാകരുതെന്ന് ഗവര്‍ണര്‍

  • ജനാധിപത്യത്തിൽ അഭിപ്രായങ്ങൾക്ക് പ്രസക്തിയുണ്ട്
  • രാജ്ഭവനിലേക്ക് വന്നാൽ ആരുമായും ചര്‍ച്ചക്ക് തയ്യാറാണ്
  • നിയമം കയ്യിലെടുക്കുന്നത് ആശാസ്യമല്ല 
  • പ്രതിഷേധക്കാരെ കേൾക്കാൻ തയ്യാറാണെന്ന് ഗവര്‍ണര്‍ 
governor Arif Mohammad Khan reaction on anti caa protest
Author
Kochi, First Published Dec 16, 2019, 9:47 AM IST

കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങൾ അക്രമാസക്തമാകരുതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ജനാധിപത്യ രീതിയിൽ വിയോജിക്കാനും പ്രതിഷേധിക്കാനും അവകാശം എല്ലാവര്‍ക്കും ഉണ്ട്.  എന്നാൽ നിയമം കയ്യിലെടുക്കാൻ ആര്‍ക്കും അവകാശം ഇല്ല. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ കൊച്ചിയിൽ പറഞ്ഞു.

സംഘടനകൾക്ക് വിയോജിപ്പ് അറിയിക്കാം. രാജ്ഭവന്‍റെ വാതിലുകൾ തുറന്ന് കിടക്കും. ഭിന്നാഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അത് കേൾക്കാനും ചര്‍ച്ച ചെയ്യാനും താൻ തയ്യാറാണെന്നും ഗവര്‍ണര്‍ പറ‍ഞ്ഞു. അക്രമത്തിലേക്ക് പ്രതിഷേധങ്ങൾ പോയാൽ ബാധിക്കുന്നത് സാമാന്യ ജനവിഭാഗങ്ങളെയാണ്. അതുകൊണ്ട് തന്നെ അക്രമങ്ങളെ ഒരു കാരണവശാലും അംഗീകരിക്കില്ലെന്നും അക്രമമുണ്ടായാൽ നിയന്ത്രിക്കുക എന്നത് പൊലീസിന്‍റെ ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. 

പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെതിരെ കഴിഞ്ഞ ദിവസവും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തെത്തിയിരുന്നു. കേന്ദ്ര നിയമം നടപ്പാക്കില്ലെന്ന് പറയാൻ സംസ്ഥാനങ്ങൾക്ക് കഴിയില്ലെന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.

കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയായാണ് ഗവര്‍ണര്‍ സംസാരിക്കുന്നതെന്നും സംസ്ഥാനം ഭരിക്കുന്നവര്ക്ക് വ്യത്യസ്ത സമീപനമാണെന്നും വ്യക്തമാക്കി ധനമന്ത്രി തോമസ് ഐസക് അടക്കമുള്ളവര്‍ ഗവര്‍ണര്‍ക്കെതിരെ പ്രവതികരിക്കുകയും ചെയ്തിരുന്നു 

Follow Us:
Download App:
  • android
  • ios