Asianet News MalayalamAsianet News Malayalam

'സര്‍ക്കാരിനെ തിരുത്താന്‍ എനിക്ക് അധികാരമുണ്ട്'; ചെന്നിത്തലയുടെ 'തിരിച്ചുവിളിക്കല്‍' സ്വാഗതം ചെയ്ത് ഗവര്‍ണറുടെ മറുപടി

 എല്ലാവര്‍ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ട്. കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണ്. സര്‍ക്കാരിനെ  തിരുത്താനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ട്.  

governor reaction to ramesh chennithala statement against him
Author
Thiruvananthapuram, First Published Jan 25, 2020, 12:50 PM IST

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക്  മറുപടിയുമായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.  തന്നെ തിരിച്ചുവിളിക്കണമെന്നുള്ള ചെന്നിത്തലയുടെ ആവശ്യത്തെ സ്വാഗതം ചെയ്യുന്നു. ഭരണഘടന പ്രകാരം സര്‍ക്കാരിന്‍റെ തലവന്‍ താനാണ്. തന്നെ നിയമിച്ചത് രാഷ്ട്രപതിയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റാണ്. സര്‍ക്കാരിനെ  തിരുത്താനും ഉപദേശിക്കാനും തനിക്ക് അധികാരമുണ്ട്.  എല്ലാവര്‍ക്കും അഭിപ്രായം തുറന്നുപറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. 

ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. നിയമസഭയുടെ അന്തസിനെ പോലും ചോദ്യം ചെയ്യുന്ന ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതിയോട് ആവശ്യപ്പെടുന്ന പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ അനുമതി തേടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി. നിയമസഭയുടെ ഭാഗമാണ് ഗവര്‍ണര്‍ എന്നിരിക്കെ നിയമസഭാ നടപടിയെ വെല്ലുവിളിക്കുകയും നിയമസഭയുടെ അന്തസ് വരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുകയും ചെയ്യുന്നത് വച്ച് പൊറുപ്പിക്കാനാകില്ല. അതുകൊണ്ട് ഗവര്‍ണറെ തിരിച്ച് വിളിക്കാൻ രാഷ്ട്രപതി തയ്യാറാകണമെന്ന പ്രമേയം നിയസഭയിൽ അവതരിപ്പിച്ച് പാസാക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. 

സംസ്ഥാന നിയമസഭ ഇതിന് മുമ്പും പ്രമേയങ്ങൾ പാസാക്കിയിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്നമാണ് പൗരത്വ നിയമത്തിനെതിരായ പ്രമേയത്തിൽ ഗവര്‍ണര്‍ സ്വീകരിക്കുന്നത്. നിയമസഭ പ്രമേയം പാസാക്കിയ നടപടി ചട്ടവിരുദ്ധവും തെറ്റുമാണെന്ന ഗവര്‍ണറുടെ നിലപാട് അനുചിതമാണ്. സ്പീക്കറുടെ അനുമതിയോടെയാണ് നിയമസഭ പ്രമേയം പരിഗണനക്ക് എടുത്തതും ഐകകണ്ഠ്യേന പാസാക്കിയതും. അത് കേരളത്തിലെ ജനങ്ങളുടെ വികാരമാണ്. കേരള നിയമസഭയുടെ ഭാഗമായ ഗവര്‍ണര്‍ പ്രമേയത്തെ തള്ളിയും നിയമസഭാ നടപടിയെ അവഹേളിച്ചതും തെറ്റാണ്. അതൃപ്തിയുണ്ടെങ്കിൽ അത് ഗവര്‍ണര്‍ സ്പീക്കറെ രേഖാമൂലം അറിയിക്കണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

Read Also: നിയമസഭയുടെ അന്തസ് ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം പാസാക്കണം; അനുമതി തേടി പ്രതിപക്ഷനേതാവ്  

പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞിരുന്നു. നിയമസഭാ സെക്രട്ടേറിയറ്റ് തുടര്‍നടപടികള്‍ ആലോചിക്കുകയാണ്. കാര്യോപദേശക സമിതി ഇക്കാര്യം പരിഗണിക്കുമെന്നും സ്പീക്കര്‍ പറഞ്ഞു. 

Read Also: ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം; പ്രതിപക്ഷ നേതാവിന്‍റെ ആവശ്യത്തോട് പ്രതികരിച്ച് സ്പീക്കര്‍
 

Follow Us:
Download App:
  • android
  • ios