തിമർത്തു പെയ്ത് മഴ: 3 ജില്ലകളിൽ റെഡ് അലർട്ട്, രണ്ട് മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നു

heavy rain in kerala red alert issued live updates

10:22 PM IST

കോഴിക്കോട് ജില്ലയിൽ ഇന്ന് അവധി, പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല. 

10:00 PM IST

കനത്ത മഴ, കാക്കടവ് ചെക്ക് ഡാമിനരികിലെ പാര്‍ശ്വ ഭിത്തി തകര്‍ന്നു

മലയോരത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ കാക്കടവില്‍ നിര്‍മ്മിക്കുന്ന ചെക്ക് ഡാമിന്റെ സമീപത്തെ പാര്‍ശ്വ ഭിത്തി തകര്‍ന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് 20 അടി പൊക്കമുള്ള ഭിത്തി തകർന്നത്.ഇത് കാരണം സമീപത്തെ പമ്പ് ഹൗസ് ഏത് നിമിഷവും നിലംപതിക്കുമെന്ന അവസ്ഥയിലാണ്.

9:30 PM IST

കൊട്ടിയൂരിൽ വനത്തിൽ കുടുങ്ങിയ തണ്ടർബോൾട്ട് സംഘാംഗങ്ങളെ സാഹസികമായി തിരിച്ചെത്തിച്ചു

കൊട്ടിയൂർ വന്യ ജീവി സങ്കേതത്തിൽ മാവോയിസ്റ്റ് തെരച്ചിലിന് പോയ തണ്ടർ ബോൾട്ട് സേനാംഗങ്ങൾ ഞായറാഴ്ച വൈകിട്ടോടെ വനത്തിൽ കുടുങ്ങി. 16 പേരടങ്ങിയ സംഘമാണ് കുടുങ്ങിയത്. ബാവലിപ്പുഴയിലെ ശക്തമായ ഒഴുക്ക് കാരണം ഇവർക്ക് പുഴ കടക്കാനായില്ല. ഇതേത്തുടർന്ന് പൊലീസും അഗ്നിശമന സേനയും രക്ഷാപ്രവർത്തനം തുടങ്ങി. പുഴക്ക് കുറുകെ വടം വലിച്ചുകെട്ടിയാണ് പൊലീസുകാരെ പുഴ കടത്തി ഇവരെ തിരിച്ചെത്തിച്ചത്. തീർത്തും സാഹസികമായിട്ടായിരുന്നു രക്ഷാപ്രവർത്തനം. 16 അംഗ തണ്ടർബോൾട്ട് സംഘത്തേയും വനപാലകരേയും ഏതാണ്ട് രണ്ട് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ തിരിച്ചെത്തിച്ചു. 

8:50 PM IST

തിരുവനന്തപുരത്ത് ഒരു സ്കൂളിന് മാത്രം അവധി, ബാക്കിയെല്ലാം വ്യാജപ്രചാരണം

തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ  അഭ്യർഥിച്ചു.

8:43 PM IST

ഇന്ന് കാസർകോട്ട് അവധിയില്ലെന്ന് ജില്ലാ കളക്ടർ

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു. 

8:07 PM IST

കൊട്ടിയൂർ - പാൽച്ചുരം റോഡിൽ മണ്ണിടിച്ചിൽ, ഗതാഗതം പൂർണമായും തടസ്സപ്പെട്ടു

കണ്ണൂർ - വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ - പാൽച്ചുരം റോഡിൽ മണ്ണിടിച്ചിൽ. വാഹന ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ചെകുത്താൻ തോടിന് താഴ്ഭാഗത്താണ് മണ്ണിടിഞ്ഞത്. പ്രളയ സമയത്ത് ഉരുൾപൊട്ടലുണ്ടായ മേഖലയാണിത്.  

7:32 PM IST

കോട്ടയം മുൻസിപ്പാലിറ്റിയിലും നാല് പഞ്ചായത്തുകളിലും ഇന്ന് അവധി

കോട്ടയം ജില്ലയില്‍, കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ( 22.07.2019, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

7:30 PM IST

തൃശ്ശൂർ മാളയിൽ കുളിക്കാനിറങ്ങിയ യുവാവ് മരിച്ചു

തൃശ്ശൂർ മാള പുത്തൻചിറയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. നെടുങ്ങാണത്തുകുന്ന് സ്വദേശി വിഷ്ണു(19)വാണ് മരിച്ചത്.

6:47 PM IST

കണ്ണൂർ ജില്ലയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും  ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി നാളെ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

6:45 PM IST

ഇടുക്കി ജില്ലയിൽ വീടിന് മുകളിലേക്ക് മരം വീണ് യുവാവിന് പരിക്ക്

ഇടുക്കി കാഞ്ചിയാറിൽ വീടിന് മുകളിലേക്ക് മരം വീണ് യുവാവിന് പരിക്ക്. കാഞ്ചിയാർ സ്വദേശി സിജോയ്ക്കാണ് തലക്ക് ചെറിയ പരിക്കേറ്റത്. വീടിന്‍റെ ഒരു മുറി പൂർണമായും തകർന്നു. 

5:45 PM IST

തിരുവനന്തപുരത്തെ തീരമേഖലയിൽ ആശങ്ക കൂടുന്നു, വലിയതുറയിൽ കടൽക്ഷോഭം ശക്തം

വലിയതുറയിൽ 120 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരിക്കുകയാണ്.അഞ്ച് ദുരിതാശ്വാസക്യാംപുകൾ തുറന്നു. നാലുദിവസമായി തുടരുന്ന ശക്തമായ കടൽക്ഷോഭത്തിൽ വലിയതുറ അടക്കമുളള മേഖലകളിൽ നിരവധി വീടുകളാണ് തകർന്നത്. ഇവിടെ നൂറിലേറെ വീടുകൾ അപകടഭീഷണിയിലാണ്. വലിയതുറ മേഖലയിൽ മണൽച്ചാക്കുകൾ അടുക്കി കടൽഭിത്തി നിർമ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാൽ കടൽക്ഷോഭത്തിന് ശക്തിയേറുമ്പോൾ ഇവ ഒഴുകിപ്പോകുന്ന  സ്ഥിതിയാണ്. അഞ്ഞൂറോളം പേരെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റിയെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെ ഇല്ലാത്തതിനാൽ ഇവർ ദുരിതത്തിലാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

4:45 PM IST

കുതിച്ചൊഴുകി അതിരപ്പള്ളി വെള്ളച്ചാട്ടം, ചാർപ്പ വെള്ളച്ചാട്ടവും കണ്ടാൽ തകർപ്പൻ!

തൃശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ ഷട്ടറുകൾ തുറന്നതിനാലാണ് അതിരപ്പള്ളി, ചാർപ്പ വെള്ളച്ചാട്ടങ്ങളിലെ നീരൊഴുക്ക് കൂടിയത്. 

കുതിച്ചൊഴുകുന്ന അതിരപ്പള്ളിയുടെ ദൃശ്യങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

4:38 PM IST

പത്തനംതിട്ടയിൽ കനത്ത മഴ തുടരുന്നു, മൂഴിയാർ ഡാം ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ടയിൽ 5 വീടുകൾക്ക് ഭാഗികമായി കേടുപാടുകൾ സംഭവിച്ചു. തിരുവല്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയതിനെ തുടർന്ന് രണ്ട് ക്യാമ്പുകൾ തുറന്നു. പമ്പ, അച്ചൻകോവിൽ, മണിമല ആറുകളിൽ ജലനിരപ്പ് ഉയർന്നു. മൂഴിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നേക്കും.

2:10 PM IST

കണ്ണൂർ ഇരിട്ടിയിൽ ജീപ്പ് പുഴയിലേക്ക് മറിഞ്ഞു

കണ്ണൂർ ഇരിട്ടിക്കടുത്ത് മണിക്കടവിൽ വെള്ളം കയറിയ പാലത്തിലൂടെ കടന്നുപോവുകയായിരുന്ന ജീപ്പ് പുഴയിലേക്ക് മറിഞ്ഞു. ഒഴുക്കിൽ പെട്ട് കാണാതായ കോളിത്തട്ട് സ്വദേശി ലിധീഷിനായി തെരച്ചിൽ തുടരുകയാണ്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

11:05 AM IST

മീനച്ചിലാറ്റിൽ മീൻ പിടിക്കുന്നതിനിടെ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം കിടങ്ങൂർ മീനച്ചിലാറ്റിൽ തടിപിടിക്കുന്നതിനിടെ കാണാതായ ചേർപ്പുങ്കൽ സ്വദേശി മനീഷ് സെബാസ്റ്റ്യന്‍റെ മൃതദേഹം നാവികസേനയുടെ മുങ്ങൽ വിദഗ്‍ധരാണ് കണ്ടെത്തിയത്.

11:00 AM IST

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം തിരുവനന്തപുരം തീരത്ത്

നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം ഞായറാഴ്ച കണ്ടെത്തി. തമിഴ്‌നാട് സ്വദേശി സഹായ രാജുവിന്‍റെ മൃതദേഹമാണ് തിരുവനന്തപുരം തീരത്തുനിന്ന് കണ്ടെത്തിയത്. കാണാതായ രാജു, ജോണ്‍ബോസ്കോ എന്നിവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.

വീഡിയോ കാണാൻ ക്ലിക്ക് ചെയ്യുക

6:50 AM IST

പെരിങ്ങൽക്കുത്ത് ഡാം തുറന്നു, ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് കൂടി

പെരിങ്ങൽകുത്ത് ഡാമിന്‍റെ ഷട്ടര്‍ ശനിയാഴ്ച ഉയര്‍ത്തിയതോടെ ചാലക്കുടിപ്പുഴയിലും ജലനിരപ്പ് കൂടിയിട്ടുണ്ട്. കെഎസ്ഇബിയും ജലവിഭവ വകുപ്പും നിയന്ത്രിക്കുന്ന അണക്കെട്ടുകളിൽ മിക്കവയും സംഭരണ ശേഷിയിലേക്ക് അടുക്കുന്നതേയുള്ളൂ. ചാലക്കുടിപ്പുഴയിൽ രണ്ട് അടിയിലേറെ ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പ് ഉണ്ട്.

6:45 AM IST

മൂന്നാറിലെ അന്തർദേശീയപാതകൾ അപകടക്കെണിയാകുന്നു, മണ്ണിടിച്ചിൽ രൂക്ഷം

കാലവര്‍ഷം കനത്തോടെ മൂന്നാറിലെ അന്തര്‍ദേശീയപാതകള്‍ അപകടക്കെണിയായി മാറിയിരിക്കുകയാണ്. മൂന്നാര്‍ മുതല്‍ പള്ളിവാസല്‍വരെയുള്ള ഭാഗങ്ങളില്‍ അഞ്ചിടിങ്ങളില്‍ മണ്ണിടിയുകയും നിരവധി ഭാഗങ്ങളില്‍ മരംവീണ് ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മൂന്നാര്‍-ദേവികുളം ഭാഗങ്ങളിലും മണ്ണിടിച്ചില്‍ രൂക്ഷമാണ്.

വിശദമായ വാർത്ത ഇവിടെ വായിക്കാം

monsoon landslide occurred along the national highway in munnar

6:35 AM IST

തീരമേഖല കനത്ത കടലാക്രമണ ഭീഷണിയിൽ; വലിയ തുറയിൽ നിരവധി വീടുകൾ കടലെടുത്തു

സംസ്ഥാനത്തെ തീരദേശങ്ങളെല്ലാം രൂക്ഷമായ കടലാക്രമണ ഭീതിയിലാണ്. കാറ്റിന്‍റെ വേഗം മണിക്കൂറിൽ അമ്പത് കിലോമീറ്ററിൽ കൂടാൻ ഇടയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. മഴയ്ക്ക് ശമനം ഉണ്ടായെങ്കിലും ശക്തമായ കടലാക്രമണമാണ് തിരുവനന്തപുരത്തെ തീരമേഖലയിൽ അനുഭപ്പെടുന്നത്. 120 കുടുംബങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്  മാറ്റിപ്പാർപ്പിച്ചു . വലിയതുറയിൽ നിരവധി വീടുകൾ കടലെടുത്തു. ശംഖുമുഖം ബീച്ചിലേക്ക് ഒരാഴ്ചത്തേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

6:25 AM IST

കല്ലാർ അണക്കെട്ട് ഇന്ന് തുറക്കില്ലെന്ന് അധികൃതർ അറിയിച്ചു

കല്ലാര്‍ അണക്കെട്ട് ഞായറാഴ്ച തുറന്നേക്കും എന്ന് മുന്നറിയിപ്പ് ഉണ്ടായിരുന്നെങ്കിലും ആശങ്കപ്പെടുത്തുന്ന വിധം ജലനിരപ്പ് ഉയരാത്ത സാഹചര്യത്തിൽ ഞായറാഴ്ച തുറക്കേണ്ടെന്ന് അധികൃതർ തീരുമാനിച്ചു. മുല്ലപ്പെരിയാറിൽ 113 അടി വെള്ളം മാത്രമേ ഇപ്പോഴുള്ളൂ.

6:21 AM IST

ഇടുക്കി അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടി

ഇടുക്കി അണക്കെട്ടിലേക്കുള്ള നീരൊഴുക്കും കാര്യമായി കൂടിയിട്ടുണ്ട്. പരമാവധി സംഭരണ ശേഷിയിലേക്ക് എത്താൻ ഇനിയും ഏറെ കാത്തിരിക്കണമെങ്കിലും നീരൊഴുക്ക് കൂടി ജലനിരപ്പ് ഉയരുന്ന സാഹചര്യം കെഎസ്ഇബിക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. 

6:20 AM IST

ഇടുക്കിയിൽ മഴ ശക്തിപ്പെടുന്നു

മലയോരങ്ങളിലും ഉൾക്കാടുകളിലും കനത്ത മഴപെയ്യുന്നതായാണ് വിവരം. ജില്ലാ ഭരണകൂടത്തിന്‍റെ അതീവ ജാഗ്രത ജില്ലയിൽ ഉടനീളം തുടരുകയാണ്. 

6:15 AM IST

കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ കടത്തി വിടില്ല

കോഴിക്കോട്ട് കക്കയം അണക്കെട്ട് പരിസരത്തേക്ക് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്. ഈ പരിസരത്ത് വിനോദസഞ്ചാരികളെ എത്തിക്കാനോ ബോട്ടിംഗിനോ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ അനുമതിയുണ്ടാകില്ല.

6:10 AM IST

കോഴിക്കോട്ട് ഇന്ന് ഓറഞ്ച് അലർട്ട്, നാളെ റെഡ് അലർട്ട്

കോഴിക്കോട്ട് ഞായറാഴ്ച ഓറഞ്ച് അലര്‍ട്ടും ഇന്ന് റെഡ് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ പ്രളയത്തിന്‍റെ ഭീതി നിലനിൽക്കുന്നതിനാൽ അതീവ ജാഗ്രതയാണ് ഭരണകൂടം പുലര്‍ത്തുന്നത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതകളുള്ള മേഖലകളിലെല്ലാം റവന്യൂ വകുപ്പിന്‍റെ ജാഗ്രത തുടരുകയാണ്. ജൂലൈ 25 വരെ കോഴിക്കോട് ജില്ലയിലെ എല്ലാ വിധ ഖനന പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.

വിശദമായ വാർത്ത വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

6:05 AM IST

കാസർകോട്ട് കനത്ത മഴ തുടരുന്നു, താഴ്‍ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കാസര്‍കോട് ജില്ലയിലെ മലയോര മേഖലകളിൽ മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ എല്ലാം വെള്ളം കയറിയിട്ടുണ്ട്. മധുര്‍ മേഖലയിൽ നിന്ന് മാത്രം മുപ്പത് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. കട്‍ല, കാ‌ഞ്ഞങ്ങാട്, നീലേശ്വരം,ചെറുവത്തൂര്‍ മേഖലകളിലെല്ലാം കനത്ത മഴ തുടുകയാണ്.

വിശദമായ വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

 

6:00 AM IST

ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

കാസര്‍കോട്, ഇടുക്കി ജില്ലകളിലാണ് ഞായറാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. 20 സെന്‍റീമീറ്ററിലധികം മഴപെയ്യാനിടയുണ്ടെന്നാണ് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ തീരമേഖലകളിൽ കനത്ത കടൽക്ഷോഭമാണ് അനുഭവപ്പെടുന്നത്. തത്സമയ റിപ്പോർട്ടുകൾ വായിക്കാം.