പാലക്കാട്: പാലക്കാട് തൃത്താലയിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ മര്‍ദ്ദനമേറ്റ അന്തേവാസി മരിച്ചു. തൃശൂര്‍ വലപ്പാട് സ്വദേശി സിദിഖ് ആണ് മരിച്ചത്. മര്‍ദ്ദനത്തില്‍ ഗുരുതര പരിക്കേറ്റ ഇയാള്‍ വെൻറിലേറ്ററിലായിരുന്നു. സംഭവത്തെ കുറിച്ച് ആരോഗ്യമന്ത്രിക്കും മനുഷ്യവകാശ കമ്മീഷനും പരാതി നല്‍കിയതായി ബന്ധുക്കള്‍ അറിയിച്ചു.

മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വലപ്പാട് സ്വദേശി തൃത്താല മുടവന്നൂരിലുളള സ്നേഹനിലത്തില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പ് ഇദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടെന്നും ഉടൻ ആശുപത്രിയില്‍ എത്തിക്കണമെന്നും ആവശ്യപ്പെട്ട് സ്നേഹനിലയം അധികൃതര്‍ ബന്ധുക്കളെ വിളിച്ചു. ബന്ധുക്കള്‍ എത്തുമ്പോള്‍ അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു യുവാവ്. 

ശരീരത്തിലാകെ മര്‍ദ്ദനമേറ്റതിന്‍റെ പാടുകളുണ്ടായിരുന്നു. എല്ല് പൊട്ടുകയും ഞരമ്പുകൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുളളതായി പരിശോധനയില്‍ തെളിഞ്ഞു. വൃക്കകൾക്കും കേട് പാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണെന്നാണ് ബന്ധുക്കളുടെ ആവശ്യം. എന്നാല്‍, യുവാവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന് സ്നേഹനിലയം അധികൃതര്‍ അറിയിച്ചു.