തിരുവനന്തപുരം: നാളികേര വികസന ബോർഡ് ചെയർമാനായിരിക്കെ രാജു നാരായണ സ്വാമി ചട്ടങ്ങള്‍ ലംഘിച്ച് യാത്രയും പരസ്യങ്ങളും നൽകിയെന്ന ആഭ്യന്തര ഓ‍ഡിറ്റ് റിപ്പോർട്ട് പുറത്ത്. അനുമതിയില്ലാത്ത നടപടികളിലൂടെ രണ്ട് കോടിയിലേറെ രൂപയുടെ നഷ്ടം വന്നുവെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു.

രാജു നാരായണ സ്വാമി നാളികേരവികസന കോർപ്പറേഷന്‍റെ ചെയർമാനായിരുന്ന ഏഴുമാസ കാലയളവിലെ ഓഡിറ്റ് റിപ്പോർട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ചട്ടം ലംഘിച്ചുള്ള യാത്രകള്‍, പരസ്യം, സ്ഥലമാറ്റങ്ങള്‍ എന്നിവ വഴി രാജുനാരായണ സ്വാമി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ യാത്ര ചെയ്ത രാജുനാരായണ സ്വാമി 27 ലക്ഷത്തി അറുപത്തി അയ്യായിരത്തിലധികം രൂപയുടെ നഷ്ടം വരുത്തിയെന്നാണ് ഓഡിറ്റ് റിപ്പോർട്ട്. 

ഉദ്യോഗസ്ഥരുടെ ചിത്രങ്ങള്‍ വച്ച് പരസ്യം നൽകാൻ പാടില്ലെന്നാണ് സുപ്രീംകോടതി വിധി. പക്ഷേ സ്വന്തം ചിത്രം വച്ച് ഒരു കോടിയോളം രൂപയ്ക്ക് (1,42,87,961 രൂപ)  ഏഴുമാസത്തിനുള്ളിൽ പരസ്യം നൽകി. ചട്ടങ്ങള്‍ ലംഘിച്ച് ജീവനക്കാരെ 20 തവണ താൽക്കാലികമായി സ്ഥലം മാറ്റി. ഇതുവഴി രണ്ടേമുക്കാൽ കോടിയോളം (2,80,975 രൂപ) നഷ്ടം വന്നുവെന്നാണ് കേന്ദ്രസർക്കാരിന് കൈമാറിയ ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നത്. 
സർക്കാരുമായും സഹപ്രവർത്തകരുമായുള്ള ഏറ്റുമുട്ടലിനൊടുവിൽ രാജുനാരായണ സ്വമിയെ ഏഴു മാസത്തിനുശേഷം നാളികേര വികസന ബോ‍ർഡിൽ നിന്നും സർക്കാർ മാറ്റുകയായിരുന്നു. മൂന്നു വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷനിലേക്കാണ് രാജുസ്വാമി പോയത്. നാളികേരള വികസന ബോർഡിലേക്ക് വീണ്ടും നിയമനത്തിനായി അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലും ഹൈക്കോടതിയിലും രാജാനാരായണ സ്വാമി സമീപിച്ചുവെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. സംസ്ഥാന സർവ്വീസിൽ തിരികെ പ്രവേശിക്കാനായിരുന്നു നിർദ്ദേശം. ഒരു വർഷത്തിൽ കൂടുതൽ അനുമതിയില്ലാതെ പുറത്തുനിന്ന രാജുനാരായണ സ്വാമിയോട് ചീഫ് സെക്രട്ടറി ഇപ്പോ‌ൾ വിശദീകരണം ചോദിച്ചിരിക്കുകയാണ്.

വാർത്ത കാണാം: