Asianet News MalayalamAsianet News Malayalam

ജെഎൻയു: സമരക്കാരുടെ ആവശ്യം അംഗീകരിച്ച് ദില്ലി പൊലീസ്; കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു

  • കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ മാർച്ച് അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ
  • വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ള 60 തിലധികം വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
JNU protest delhi police lets student leaders out of custody
Author
JNU, First Published Nov 18, 2019, 5:46 PM IST

ദില്ലി: ജെഎൻയു വിദ്യാർത്ഥി സമരവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥികളെ വിട്ടുതുടങ്ങി. ദില്ലി കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യർത്ഥികളെയാണ് വിട്ടയച്ചത്.

ഹോസ്റ്റൽ ഫീസ് വർധനവ് അടക്കമുള്ള വിഷയങ്ങൾ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികളുടെ പാർലമെന്റ് മാർച്ച് സഫ്ദർ ജംഗ് ശവകുടീരത്തിന് മുൻപിൽ പൊലീസ് തടഞ്ഞിരിക്കുകയാണ്. പൊലീസുമായുള്ള സംഘർഷത്തിന് ശേഷം പല വഴികളിലേക്ക് പിരിഞ്ഞ വിദ്യാർത്ഥികൾ പ്രധാന പാതയിൽ നിന്നും വീണ്ടും മാർച്ച് പുനരാരംഭിച്ചു. സഫ്ദർജംഗ് ശവകുടീരത്തിന് മുന്നിൽ പൊലീസ് വീണ്ടും മാർച്ച് തടഞ്ഞു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കാതെ മാർച്ച് അവസാനിപ്പിക്കില്ലെന്ന് വിദ്യാർത്ഥികൾ കടുത്ത നിലപാടെടുത്തു. ഇതോടെയാണ് കന്റോൺമെന്റ് പൊലീസ് വിദ്യാർത്ഥികളെ വിട്ടയച്ചത്.

ജെഎൻയുവിൽ പൊലീസ് പ്രഖ്യാപിച്ച നിരോധാജ്ഞ ലംഘിച്ച വിദ്യാർത്ഥികൾ, പ്രധാന ഗേറ്റിലെ ബാരിക്കേഡുകൾ തകർത്ത് പുറത്ത് ഇറങ്ങി. പ്രധാന പാതയ്ക്ക് സമീപം സ്ഥാപിച്ച ബാരിക്കേഡുകളും വിദ്യാർത്ഥികൾ തകർത്തു. ഇതോടെയാണ് മാർച്ച് സംഘർഷത്തിൽ കലാശിച്ചത്. മുന്നോട്ട് വന്ന വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷെ ഘോഷ് അടക്കമുള്ള 60 തിലധികം വിദ്യാർത്ഥികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ അടക്കം വലിച്ച് ഇഴച്ചാണ് പൊലീസ് കൊണ്ടുപോയത്.

ദില്ലിയിലെ  സഫ്ദർജംഗ് ടോംബിന് മുന്നിൽ ജാഥ പൊലീസ് വീണ്ടും തടഞ്ഞു. കസ്റ്റഡിയിലെടുത്ത നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരം അതിശക്തമായതിനാലാണ് വിദ്യാർത്ഥികളെ ശാന്തരാക്കാൻ പൊലീസ് നീക്കം നടത്തിയത്.

ഫീസ് വർധനവ് പിൻവലിക്കുന്നത് അടക്കം വിദ്യാർത്ഥികൾ ഉന്നയിച്ച ആവശ്യങ്ങൾ പരിഗണിക്കാൻ കേന്ദ്ര മാനവിഭവ ശേഷം മന്ത്രാലയം ഉന്നധികാര സമിതിയെ നിയോഗിച്ചു. യുജിസി മുൻ ചെയർമാൻ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് നിയോഗിച്ചത്.

വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് ഹോസ്റ്റൽ ഫീസ് വർധിപ്പിക്കാനുള്ള നീക്കം ജെഎൻയു അധികൃതർ ഭാഗികമായി റദ്ദാക്കിയിരുന്നു. വർധന പൂർണ്ണമായും പിൻവലിക്കാതെ പിന്നോട്ട് പോകില്ലെന്ന് വിദ്യാർത്ഥികൾ ഉറച്ച നിലപാടെടുത്തു.

ഉന്നത വിദ്യാഭ്യാസ മേഖല സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണിതെന്നും വിദ്യാർത്ഥികൾ കുറ്റപ്പെടുത്തുന്നു. നിലവിലെ വിദ്യാഭ്യാസ രീതി പൂര്‍ണ്ണമായും അട്ടിമറിക്കുന്നതാണ് സര്‍ക്കാര്‍ നയമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. ആവശ്യങ്ങൾ അംഗീകരിക്കുന്നത് വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികളുടെ സംയുക്ത കൂട്ടായ്മയായ ജെഎൻയു സ്റ്റുഡന്‍റ്സ് യൂണിയൻ തീരുമാനിച്ചു. എബിവിപി ഒഴികെ വിദ്യാര്‍ത്ഥി സംഘടനകളെല്ലാം പ്രതിഷേധത്തിൽ അണിനിരന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios