തിരുവനന്തപുരം: കെപിസിസി പുനഃസംഘടന ചർച്ച അന്തിമഘട്ടത്തിലേക്ക്. കെപിസിസിക്ക് ഇക്കുറിയും 'ജംബോ' ഭാരവാഹി പട്ടിക വരുമെന്നുറപ്പായി. ഒരാൾക്ക് ഒരു പദവിയെന്ന മാനദണ്ഡം ഗ്രൂപ്പുകൾ തള്ളിയതോടെ വർക്കിംഗ് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് ഉൾപ്പടെ നൂറോളം ഭാരവാഹികൾ അന്തിമ പട്ടികയിൽ ഉണ്ടാകുമെന്നാണ് സൂചന. 

കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം വി ഡി സതീശനും പി സി വിഷ്ണുനാഥും വർക്കിംഗ് പ്രസിഡന്‍റുമാർ ആയേക്കും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കേരളത്തിലേക്ക് മടങ്ങിയെങ്കിലും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ കഴിഞ്ഞ രാത്രി ഏറെ വൈകിയും ഹൈക്കമാൻഡ് നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. നാല് വർക്കിംഗ് പ്രസിഡന്‍റുമാർക്ക് പുറമെ 10 വൈസ് പ്രസിഡന്‍റുമാർ, 30 ജനറൽ സെക്രട്ടറിമാരും 50 സെക്രട്ടറിമാരും പട്ടികയിലുണ്ടാകും.

ഇതിന് പുറമെ, ട്രഷററും പട്ടികയിലുണ്ടാകും. എ പി അനിൽ കുമാർ, വി എസ് ശിവകുമാര്‍, അടൂർ പ്രകാശ് എന്നിവർ വൈസ് പ്രസിഡന്‍റുമാരായേക്കും. ജംബോ പട്ടികയിൽ ഹൈക്കമാൻഡ് വീണ്ടും അതൃപ്തി പ്രകടിപ്പിച്ചെങ്കിലും ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങിയെന്നാണ് ലഭിക്കുന്ന വിവരം.