കണ്ണൂർ: സംസ്ഥാനത്ത് കൊവിഡ് രോഗം ഭേദമായവരിൽ കൂടുതൽ പേർ കണ്ണൂർ ജില്ലയിൽ. രോഗം ബാധിച്ച 56 പേരിൽ 28 പേരും ആശുപത്രി വിട്ടു. സർക്കാർ ആശുപത്രികളിലെ മികച്ച ചികിത്സയും പരിചരണവുമാണ് രോഗം വേഗത്തിൽ സുഖപ്പെടുത്തിയതെന്ന് ആശുപത്രിവിട്ടവർ പറഞ്ഞു.

അഞ്ചരക്കണ്ടിയിൽ പതിനൊന്ന് ദിവസം മുമ്പ് പ്രവർത്തനം തുടങ്ങിയ സംസ്ഥാനത്തെ ആദ്യ കൊവിഡ് ആശുപത്രിയിൽ നിന്നും ഒമ്പത് പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ നിന്ന് ഒമ്പത് പേരും പരിയാരം മെ‍ഡിക്കൽ കോളേജിൽ നിന്ന് എട്ട് പേരും ജില്ലാ ആശുപത്രിയിൽ നിന്ന് രണ്ട് പേരും രോഗം ഭേദമായി വീടുകളിലെത്തി. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് രോഗം ഭേദമായി മടങ്ങിയവരിൽ ഒരു ഗർഭിണിയുമുണ്ട്.

രോഗം ഭേദമായി ആശുപത്രിവിട്ടവർക്കെല്ലാം ‍പറയാനുള്ളത് ആരോഗ്യപ്രവർത്തർ നൽകിയ മികച്ച പരിചരണത്തേയും കരുതലിനേയും കുറിച്ച് മാത്രമാണ്. രണ്ട് തവണ സ്രവപരിശോധന നടത്തി ഫലം നെഗറ്റീവാണെന്ന് ഉറപ്പാക്കിയതിന് ശേഷമാണ് രോഗം ഭേദമായെന്ന് സ്ഥിരീകരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ ആശുപത്രി വിടുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.