ദില്ലി: മംഗലാപുരം ദേശീയപാത കേരളത്തിന് തുറന്നുകൊടുക്കണമെന്ന കേരള ഹൈക്കോടതി വിധിക്കെതിരെ കർണാടകം സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. അതിർത്തി തുറക്കാൻ സാധിക്കില്ലെന്ന് കർണാടകം ഹർജിയിൽ പറയുന്നു. കാസർകോട് മേഖല കൊവിഡിന്റെ പ്രഭവ കേന്ദ്രമായതിനാൽ ഗതാഗതം പുനസ്ഥാപിക്കാനാവില്ലെന്നാണ് കർണാടകത്തിന്റെ വാദം.

കേസ് സുപ്രീംകോടതി നാളെ പരിഗണിക്കും. കേസിൽ ഉത്തരവിറക്കും മുമ്പ് തങ്ങളുടെ ഭാഗം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുമുണ്ട്. 

കാസർകോട് - മംഗലാപുരം ദേശീയപാത കൊടുക്കണമെന്നാണ് കർണാടക സർക്കാരിനോട് കേരള ഹൈക്കോടതി നിർദ്ദേശിച്ചത്. അടിയന്തിര വൈദ്യ ആവശ്യത്തിന് വേണ്ടി തുറന്നുകൊടുക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

കേന്ദ്ര സർകാറിന്റെ കീഴിലുള്ള ഹൈവേകൾ തടസ്സപെടുത്തിയാൽ  നിയമ നടപടി വരെ എടുക്കാമെന്നും കോടതി സൂചിപ്പിച്ചു. കർണാടക സർക്കാരിന് എതിരെ ഒരു ഉത്തരവും പാസാക്കുന്നില്ലെന്ന് പറഞ്ഞ കോടതി, കേന്ദ്ര സർക്കാരിനാണ് നിർദ്ദേശം നൽകുന്നതെന്നും പറഞ്ഞു.

ഇന്ത്യൻ യൂണിയന്റെ ഭാഗം ആയിരിക്കുനടിലത്തോളം കാലം കർണാടക സർക്കാർ ഓരോ പൗരന്റെയും മൗലിക അവകാശങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥരാണെന്നും ഈ കാര്യം കർണാടക സർക്കാർ മനസ്സിലാക്കി ഇപ്പോൾ ഉള്ള പ്രതിസന്ധിക്ക് പരിഹാരം കാണും എന്ന് പ്രതീക്ഷ എന്നും ഉത്തരവിൽ പറയുന്നു.

Read Also: ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിന്, ഉടന്‍ ഇടപെടണം, കാസർകോട്-മംഗലാപുരം ഹൈവേ തുറക്കാൻ കേരള ഹൈക്കോടതി 
ഉത്തരവിട്ടു