Asianet News MalayalamAsianet News Malayalam

കേരള കോൺഗ്രസ് ലയന ചർച്ചകൾക്ക് തിരിച്ചടി: ജേക്കബ് വിഭാഗത്തിൽ ഭിന്നത, വിമർശനവുമായി ജോണി നെല്ലൂർ

കോട്ടയത്ത് ചേർന്ന കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിന്റെ സംസ്ഥാന നേതൃ യോഗത്തിൽ ജോണി നെല്ലൂർ വിമർശനം ഉന്നയിച്ചു. പാർട്ടി ചെയർമാനായ താനറിയാതെ ജോസഫ് വിഭാഗവുമായി ചർച്ച നടത്തിയത് തെറ്റായ കീഴ്‌വഴക്കമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

Kerala congress merge discussion faces challenge from Johnny Nellore
Author
Kottayam, First Published Feb 7, 2020, 7:08 PM IST

തിരുവനന്തപുരം: വിവിധ കേരള കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലുള്ള ലയന ചർച്ചകൾക്ക് തിരിച്ചടി. കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിൽ ഉയർന്ന ഭിന്നതയാണ് കാരണം. ജോസഫ് വിഭാഗവുമായി ചർച്ച നടത്തിയത് താനറിയാതെയാണെന്ന് കേരള കോൺഗ്രസ് ജേക്കബ് വിഭാഗം ചെയർമാൻ ജോണി നെല്ലൂർ പാർട്ടി യോഗത്തിൽ വിമർശിച്ചു. 

പാർട്ടി ചെയർമാൻ അറിയാതെ ചർച്ചകൾ നടത്തിയത് ശരിയല്ലെന്ന് വിമർശിച്ച ജേണി നെല്ലൂർ, ഏത് വലിയ നേതാവായാലും അത് തെറ്റായ കീഴ് വഴക്കമാണെന്നും പറഞ്ഞു. ഔദ്യോഗിക ചർച്ചകൾ നടന്നിട്ടില്ലെന്നായിരുന്നു ഇതിന് അനൂപ് ജേക്കബ് നൽകിയ മറുപടി. ലയന കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. എന്നാൽ ഭിന്നിപ്പുകൾ മറനീക്കി പുറത്തുവന്നതോടെ ലയന കാര്യത്തിൽ ഒരു തീരുമാനമെടുക്കാൻ കേരള കോൺഗ്രസ് ജേക്കബ് നേതൃയോഗത്തിന് സാധിച്ചില്ല. അതോടെ യോഗം തീരുമാനമാകാതെ പിരിഞ്ഞു.

കുട്ടനാട് ഉപതെരഞ്ഞെടുപ്പിന് മുൻപ് ജോസ് കെ മാണി വിഭാഗത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം ലയന നീക്കം ആരംഭിച്ചത്. ജേക്കബ് വിഭാഗത്തേയും ഇടത് മുന്നണിക്കൊപ്പമുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസില്‍ നിന്നും ഫ്രാന്‍സിസ് ജോർജിനേയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗം ശ്രമിച്ചത്. 

ജോസഫും ജോസ് കെ മാണിയും തമ്മില്‍ തര്‍ക്കം രൂക്ഷമായി നില്‍ക്കുന്ന സാഹചര്യത്തിലാണ് വിവിധ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെ ഒപ്പം ചേര്‍ത്ത് യുഡിഎഫിനുള്ളില്‍ കരുത്ത് തെളിയിക്കാന്‍ ജോസഫ് വിഭാഗം ശ്രമിക്കുന്നത്. അനൂപ് ജേക്കബ് കൂടി എത്തിയാല്‍ ജോസഫ് വിഭാഗത്തിന്‍റെ എംഎല്‍എമാരുടെ എണ്ണം നാലാകും. നിലവില്‍ ജോസ് കെ മാണിക്കൊപ്പം രണ്ട് എംഎല്‍എമാരാണുള്ളത്.

ലയനത്തിലൂടെ യുഡിഎഫിലെ ശക്തമായ കേരള കോണ്‍ഗ്രസ് വിഭാഗമായി മാറാനാണ് ജോസഫ് വിഭാഗത്തിന്‍റെ ലക്ഷ്യം. കുട്ടനാട് സീറ്റിന്‍റെ കാര്യത്തിലും ജോസ് കെ മാണി വിഭാഗത്തെ മറികടക്കാന്‍ ലയന നീക്കം ഗുണം ചെയ്യുമെന്നാണ് ജോസഫ് വിഭാഗത്തിന്‍റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios