കൊച്ചി: സിപിഎം നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തുവെന്നാണ് കേസ്.

ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാർക്ക് വിഷ്ണു പ്രസാദിനെ സസ്പെന്‍റ് ചെയ്തിരുന്നു.  എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചിരുന്നു.

പ്രളയം പോയിട്ട് നല്ല മഴപോലും കൃത്യമായി കിട്ടാത്ത നിലംപതിഞ്ഞ മുകളിൽ എങ്ങനെയാണ് അൻവറിന് പ്രളയ ധനസാഹയം കിട്ടുന്നതെന്ന് സംശയം തോന്നിയ സഹകരണ ബാങ്ക് അധികൃതർ ജില്ലാ കളക്ടടറെ കണ്ട് കാര്യം തിരക്കി. തുക അനധികൃതമായി അനുവദിച്ചതാണെന്ന് ബോധ്യമായി. ഇതോടെയാണ് പണം അടിയന്തരമായി തിരിച്ചുപിടിക്കാൻ ബാങ്കിന് കളക്ടർ നിർ‍ദ്ദേശം നൽകിയത്. തൃക്കാക്കര ഈസ്റ്റ് സിപിഎം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു അൻവർ. ഇയാളെ പാർട്ടി സസ്പെന്റ് ചെയ്തു.

 പ്രളയ സഹായത്തിന് താൻ അപേക്ഷിച്ചിട്ടില്ലെന്നും എങ്ങനെയാണ് പണം എത്തിയതെന്ന് അറിയില്ലെന്നുമാണ് അൻവർ പാർട്ടിക്ക് നൽകിയ വിശദീകരണം. എന്നാൽ ഒന്നുമറിയാത്ത അൻവ‍ർ എങ്ങനെ അഞ്ച് ലക്ഷം രൂപ പിൻവലിച്ചെന്നത് ദുരൂഹമാണ്. പ്രളയത്തിൽ വീട് പൂർണ്ണമായും തക‌ർന്നവ‌ർക്ക് പോലും നാല് ലക്ഷം രൂപ പരമാവധി അനുവദിക്കാൻ മാത്രം നിർദ്ദേശമുള്ളപ്പോഴാണ് പത്തര ലക്ഷം രൂപ സിപിഎം നേതാവിന്‍റെ അക്കൗണ്ടിൽ എത്തിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിട്ടുണ്ട്.