Asianet News MalayalamAsianet News Malayalam

സിപിഎം നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: എൻഫോഴ്‌സ്മെന്റിന് പരാതി

തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്

Kerala Flood fund fraud case Complaint to Enforcement Directorate
Author
Kochi, First Published Feb 28, 2020, 4:43 PM IST

കൊച്ചി: സിപിഎം പ്രാദേശിക നേതാവുൾപ്പെട്ട പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പരാതി. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ആണ് പരാതി നൽകിയത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഗിരീഷ് ബാബു നേരത്തെ വിജിലൻസിനെയും മുഖ്യമന്ത്രിയെയും സമീപിച്ചിരുന്നു.

കേസിൽ പ്രതിസ്ഥാനത്തുള്ള ജില്ലാ കളക്ട്രേറ്റിലെ ക്ലർക്ക് വിഷ്ണുപ്രസാദ് അടക്കമുള്ളവരുടെ സ്വത്ത് കണ്ടുകെട്ടണം എന്ന് പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. അഴിമതി നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നുണ്ട്. ദുരിതാശ്വാസ വകുപ്പിലെ ക്ലർക്ക് വിഷ്ണുദാസിനെ പ്രതിയാക്കിയാണ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, ഫണ്ട് ദുർവിനിയോഗം, ഗുഢാലോചന, അഴിമതി എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 10.54 ലക്ഷം രൂപ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് തട്ടിയെടുത്തെന്നാണ് കേസ്.

ക്രമക്കേട് നടത്തിയെന്ന കണ്ടെത്തലിന് പിന്നാലെ ദുരിതാശ്വാസ സെല്ലിന്‍റെ ചുമതല വഹിച്ചിരുന്ന ക്ലാർക്ക് വിഷ്ണു പ്രസാദിനെ സസ്പെന്‍റ് ചെയ്തിരുന്നു.  എറണാകുളം കാക്കനാട് നിലംപതിഞ്ഞ മുകളിൽ താമസിക്കുന്ന സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റിയം​ഗം എം എം അൻവറിനാണ് ജില്ലാ ഭരണകൂടം പത്തര ലക്ഷം രൂപ പ്രളയ ദുരിതാശ്വാസമായി അനുവദിച്ചത്. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ അൻവറിനെ സിപിഎം പുറത്താക്കി.

ജനുവരി 24നാണ് അയ്യനാട് സർവ്വീസ് സഹകരണ ബാങ്കിലേക്ക് ഒന്നേ മുക്കാൽ ലക്ഷം രൂപയുടെ അവസാന ​ഗഡു എത്തിയത്. ആകെ കിട്ടിയത് 10,54,000 രൂപയിൽ നിന്ന് അൻവർ അഞ്ച് ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. സംഭവം വിവാദമായതോടെ ജില്ലാ കളക്ട‌ർ പണം തിരിച്ചുപിടിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios