Asianet News MalayalamAsianet News Malayalam

കേരളത്തിന് 116 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിക്കപ്പെട്ടതായി ആരോഗ്യവകുപ്പ്

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 10, കോട്ടയം മെഡിക്കല്‍ കോളേജിന് 22, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 27 എന്നിങ്ങനെയാണ് അധിക സീറ്റുകൾ.

kerala gets approval for 116 medical pg seats announces health ministry
Author
Thiruvananthapuram, First Published Feb 27, 2020, 7:32 PM IST

തിരുവനന്തപുരം: കേരളത്തിൽ 116 മെഡിക്കൽ പിജി സീറ്റുകൾ കൂടി അനുവദിച്ചതായി ആരോഗ്യവകുപ്പ്. സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ മെഡിക്കല്‍ പിജി ഡിപ്ലോമ സീറ്റുകള്‍ പിജി ഡിഗ്രി സീറ്റുകളാക്കി മാറ്റുന്നതിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ 109ും സ്വാശ്രയ മെഡിക്കല്‍ കോളേജുകളില്‍ ഏഴും ഉള്‍പ്പെടെ സംസ്ഥാനത്ത് ആകെ 116 പിജി ഡിഗ്രി സീറ്റുകളാക്കാനാണ് അനുമതി നല്‍കിയത്. 

ആലപ്പുഴ മെഡിക്കല്‍ കോളേജിന് 10, കോട്ടയം മെഡിക്കല്‍ കോളേജിന് 22, കോഴിക്കോട് മെഡിക്കല്‍ കോളേജിന് 50, തിരുവനന്തപുരം മെഡിക്കല്‍ കോളേജിന് 27 എന്നിങ്ങനെയാണ് അധിക സീറ്റുകൾ.  മെഡിക്കല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ട പ്രകാരം ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലും പിജി വിദഗ്ധ ഗ്രൂപ്പിന്റെ ശുപാര്‍ശകള്‍ക്കും ശേഷമാണ് ഡിപ്ലോമ കോഴ്‌സിനെ ഡിഗ്രിയാക്കി മാറ്റിയത്. എംസിഐ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സ് കൂടി ഇത് പരിഗണിച്ചാണ് തീരുമാനമെടുത്തത്. 

2020-21 അധ്യായന വര്‍ഷത്തില്‍ തന്നെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കാന്‍ സാധിക്കും. ഇതോടു കൂടി രണ്ട് വര്‍ഷ പി ജി ഡിപ്ലോമ കോഴ്‌സിന് പകരം 3 വര്‍ഷ പിജി ഡിഗ്രി കോഴ്‌സിനുള്ള അനുമതിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പിജി ഡിഗ്രി പഠിക്കാന്‍ ഇതിലൂടെ അവസരം ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Follow Us:
Download App:
  • android
  • ios