തിരുവനന്തപുരം: വലിയ വിവാദങ്ങള്‍ക്കും കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും ഇടയിൽ ഹെലികോപ്റ്റര്‍ വാടകക്കെടുക്കാനുള്ള തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട്. പവൻ ഹൻസ് എന്ന കമ്പനിക്ക് ഒന്നേ മുക്കാൽ കോടി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉയർന്ന തുകക്ക് ഹെലികോപ്റ്റർ വാടകക്കെടുന്നുവെന്ന വിവാദങ്ങള്‍ വകവയ്ക്കാതെയാണ് സർക്കാര്‍ ഹെലികോപ്റ്റര്‍ വാടക കരാറുമായി മുന്നോട്ട്  പോകുന്നത്. 

20 മണിക്കൂർ പറക്കാൻ ഒരു കോടി 44 ലക്ഷം രൂപ വേണമെന്നായിരുന്നു ദില്ലി ആസ്ഥാനമായ പവൻ ഹൻസിന്‍റെ ആവശ്യം. ഇതിലും കുറഞ്ഞ വാടകയുമായി സർക്കാരിനെ സമീപിച്ച കമ്പനികളെ തള്ളിയാണ് സർക്കാർ പവൻ ഹൻസുമായി കരാർ ഒപ്പിടാൻ തീരുമാനിച്ചത്. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും, ഹെലികോപ്റ്ററിനായി പൊലീസിന് പ്രത്യേകം പണം മാറ്റി വയ്ക്കാത്തതും ധനവകുപ്പ് ചൂണ്ടികാട്ടിയതോടെ കരാർ ഒപ്പിടൽ അനിശ്ചിത്വത്തിലായി.

ഒരു മാസത്തെ വാടകയെങ്കിലും മുൻകൂർ നൽകണമെന്നായിരുന്നു പവൻ ഹൻസിൻെറ ആവശ്യം. ഇതേ തുടർന്നാണ് ബജറ്റിൽ പൊലീസിന് അനുവദിച്ച തുകയിൽ നിന്നും 1,70,63000 രൂപ ധനവകുപ്പ് അനുവദിച്ച് ഉത്തരവിറക്കിയത്. പിന്നാലെ കരാർ ഒപ്പിടാനാണ് തീരുമാനം. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടിയിലും അതിവേഗത്തിലാണ് ഹെലികോപ്ടര്‍ പദ്ധതിക്കുള്ള കരാറുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. 

മാവോയിസ്റ്റ് വേട്ടക്കായി ഹെലികോപ്റ്റർ വാടകക്കെടുക്കാൻ കേന്ദ്ര സർക്കാർ പണം നൽകുമെന്നായിരുന്നു പൊലീസിന്‍റെ മുമ്പുള്ള വാദം. എന്നാൽ, സംസ്ഥാന സർക്കാർ തന്നെ പണം അനുവദിച്ചതോടെ കേന്ദ്ര സഹായമെന്ന വാദം കൂടി പൊളിയുകയാണ്.