Asianet News MalayalamAsianet News Malayalam

ഗവർണർ ഇടഞ്ഞുതന്നെ; സർക്കാർ വിശദീകരണം തള്ളി, യെച്ചൂരിക്കും വിമർശനം

"സംസ്ഥാനത്തെ ഭരണസംവിധാനം തകരാൻ അനുവദിക്കില്ല' എന്ന് ഗവർണർ. തനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഗവർണർ മറുപടി നൽകി

Kerala Governor rejects Government explanation on SC plea
Author
Thiruvananthapuram, First Published Jan 20, 2020, 5:23 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സ്യൂട്ട് ഹർജി നൽകിയ സംഭവത്തിൽ സമർപ്പിച്ച വിശദീകരണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തള്ളി. "ഗവർണറെ അറിയിക്കാതെ സുപ്രീംകോടതിയിൽ പോയത് തെറ്റ്' തന്നെയാണെന്ന് അദ്ദേഹം ഇന്നും ആവർത്തിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് രാജ്ഭവനിൽ നേരിട്ടെത്തി കൈമാറിയ വിശദീകരണമാണ് ഗവർണർ തള്ളിയത്.

"സംസ്ഥാനത്തെ ഭരണസംവിധാനം തകരാൻ അനുവദിക്കില്ല' എന്ന് ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സർക്കാരിന്റെ നടപടി നിയമ വിരുദ്ധമെന്നും ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി. സർക്കാരിന്റെ പ്രവർത്തനം നിയമപരമാണോ എന്ന് പരിശോധിക്കും. തുടർ നടപടികൾ മാധ്യമങ്ങളോട് വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തനിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഗവർണർ മറുപടി നൽകി. "താൻ പറഞ്ഞതിൽ തെറ്റ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല . അതുകൊണ്ടാണ് പദവി റദ്ദാക്കാൻ പറയുന്നത്. അപ്പോൾ പിന്നെ സംസ്ഥാന സർക്കാരിനെ ചോദ്യം ചെയ്യാൻ ആരും ഉണ്ടാകില്ലല്ലോ," എന്നും ഗവർണ‍ർ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios